കോട്ടയം: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഡിസ്ചാർജ്ജ് ചെയ്തു. പത്ത് മണിയോടെ ആശുപത്രിയിൽ നിന്നും കനത്ത പൊലീസ് സുരക്ഷയിൽ ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബ്ബിൽ എത്തിച്ചു. കേരളാ പൊലീസിലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ആണ് ബിഷപ്പിന് സുരക്ഷ ഒരുക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നു കനത്ത പൊലീസ് വലയത്തിലാണ് ബിഷപ്പ് പൊലീസ് വാഹനത്തിൽ കയറിയത്. പൊലീസ് ക്ലബ്ബും കനത്ത സുരക്ഷാ വലയത്തിലാണ്.

ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കോട്ടയം മെഡി. കോളജാശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ബിഷപ്പിനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഉച്ചയ്ക്കുമുൻപ് പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും സാധ്യതയുണ്ട്. മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.അതേസമയം, ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നൽകണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാൽ വിളിക്കുമ്പോൾ ഹാജരാകൻ തയ്യാറാണെന്നും കോടതിയിൽ വാദിക്കും. എന്നാൽ, ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.

ഇന്നലെ കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ബിഷപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നു. ഇന്ന് രാവിലെ ബിഷപ്പിന് ഹൃദയാഘാതമുണ്ടോ എന്ന പരിശോധന നടത്തിയ ശേഷമാണ് പ്രശ്നമൊന്നും ഇല്ലെന്ന് കണ്ടെത്തിയത്.

നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദം കണ്ടിരുന്നു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു. അതുകൊണ്ട് ഇന്നും വീണ്ടും പരിശോധന നടത്തും. ബിഷപ്പിന്റെ നെഞ്ചുവേദനയോടെ അന്വേഷണ സംഘവും പ്രതിരോധത്തിലായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന്റെ കടലാസ് ജോലികൾ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലിൽ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ലഭിച്ചു. തന്റെ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നൽകിയിരുന്നു. അറസ്റ്റിന്റെ കാര്യത്തിൽ ബോധപൂർവമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോകുന്നത്. സമയം ലഭിച്ചാൽ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഗൂഢാലോചനയാണെന്ന വാദത്തിൽ ആദ്യം മുതൽ ഉറച്ചു നിൽക്കുകയായിരുന്നു ഫ്രാങ്കോ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്റ്റ് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചർച്ചകൾ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എസ്‌പി വ്യക്തമാക്കി.

ഇന്നലെ പൊലീസ് ക്ലബ്ബിൽ എത്തിച്ച് ബിഷപ്പിന് താമസസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇവിടെ വെച്ച് ചോദ്യം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. ക്ലബിൽ താമസത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണു ഇന്നലെ രാത്രി തെള്ളകം പിന്നിട്ടപ്പോൾ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹന വ്യൂഹം തിരിച്ചു വിട്ടു. ഏഴു വാഹനങ്ങളിലായി വൻ പൊലീസ് സംഘമാണ് ബിഷപ്പിനൊപ്പമുണ്ടായിരുന്നത്. വൈക്കം ഡിവൈഎസ്‌പിയുടെ ജീപ്പിലാണ് ബിഷപ്പ് യാത്ര ചെയ്തിരുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ബിഷപ്പിന് ഇസിജിയിൽ വ്യതിയാനവും രക്താതിസമ്മർദ്ദവും കണ്ടെത്തിയിരുന്നനു. ഇതേ തുടർന്നു തൃപ്പൂണിത്തുറയിലെ ഡോക്ടർ ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന വേണമെന്ന് നിർദ്ദേശിച്ചു.

തുടർ യാത്രയിലാണു ബിഷപ്പ് ദേഹാസ്വാസ്ഥ്യമുണ്ടെന്നു പൊലീസിനെ അറിയിച്ചത്. ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു പോവുകയായിരുന്നു. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ട പരിശോധനയ്ക്കു ശേഷം കാർഡിയോളജി വിഭാഗത്തിൽ ഇസിജിയും മറ്റു പരിശോധനകളും നടത്തി. ഇതിനിടെ ബിഷപ്പിന്റെ അഭിഭാഷകനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് തടഞ്ഞത് തർക്കത്തിന് ഇടയാക്കിയിരുന്നു.