സേലം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹാദിയ സ്വതന്ത്രയായെങ്കിലും അവർക്ക് മേൽ പൊലീസിന്റെ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. സുരക്ഷാഭീഷണി ഉള്ളതിനാൽ ഹാദിയക്ക് സേലത്തു വെച്ചും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇന്നലെ രാത്രി സേലത്തെത്തിയ ഹാദിയക്ക് കനത്ത സുരക്ഷ തന്നെയാണ് തമിഴ്‌നാട് പൊലീസ് ഒരുക്കിയിരുന്നത്. കേരളാ പൊലീസിൽ നിന്നും തമിഴ്‌നാട് പൊലീസ് അവരുടെ സുരക്ഷാ ചുമതല ഏറ്റുവാങ്ങിയിട്ടുണ്ട്.

കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത് എന്നതിനാൽ തന്നെ അനുമതിയില്ലാതെ പുറത്തു പോകാനും ഹാദിയക്ക് സാധിക്കില്ല. സുപ്രീം കോടതി നിർദേശപ്രകാരം ഹാദിയയയ്ക്ക് ഹോമിയപ്പതിയിൽ ഹൗസ് സർജൻസി ചെയ്യാനുള്ള നടപടികൾ ഇന്ന് തുടങ്ങും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പഠനം തുടരാൻ ഒരാഴ്‌ച്ചയെങ്കിലും സമയമെടുക്കുമെന്നാണ് സൂചന. അഡ്‌മിഷന് വേണ്ടി ഇന്ന് കോളജിലെത്തി ഹാദിയ സർവകലാശാലയ്ക്ക് അപേക്ഷ നൽകും.

പഠനസമയത്ത് തനിക്ക് എത്തിയ തനിക്ക് മുഴുവൻ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ അറിയിച്ചു. എന്നാൽ കോളജിലും പരിസരത്തും തമിഴ്‌നാട് കനത്തസുരക്ഷവലയം ഒരുക്കും. ഇന്നലെ വൈകിട്ട് സേലത്ത് എത്തിയപ്പോഴും ഹാദിയ ഷെഫിൻ ജഹാനെ കാണണമെന്ന് ആവർത്തിച്ചു. എന്നാൽ ഷെഫിൻ ജഹാനെ കാണാൻ അനുവിദിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നായിരുന്നു പൊലീസ് നിലപാട് . കോളേജിൽ പുനപ്രവേശനത്തിനുള്ള നടപടികൾ ബുധനാഴ്ച പൂർത്തിയാകും. ഹാദിയയുടെ അപേക്ഷ സർവ്വകലാശാല അംഗീകരിച്ചാൽ പഠനം തുടരാം.

സുരക്ഷയുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ ചൊവ്വാഴ്ച സേലം ജില്ല കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും കത്ത് നൽകി. തമിഴ്‌നാട് പൊലീസിന്റെ 24 മണിക്കൂർ സുരക്ഷവലയമുണ്ടാകുമെങ്കിലും മറ്റു വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സൗകര്യങ്ങളും സ്വാതന്ത്ര്യവും ഹാദിയക്ക് അനുവദിക്കുമെന്ന് കോളജ് മാനേജിങ് ഡയറക്ടർ കൽപന ശിവരാജ് അറിയിച്ചു. കോളജിൽ ആദ്യവർഷം മാത്രമാണ് ഹാദിയ ഹോസ്റ്റലിൽ താമസിച്ചതെന്നും തുടർന്നുള്ള നാലുവർഷം കോളജിന് പുറത്താണ് താമസിച്ചതെന്നും പ്രിൻസിപ്പൽ കണ്ണൻ പറഞ്ഞു.

ഹാദിയക്ക് സന്ദർശകരെ അനുവദിക്കുന്നകാര്യം നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് സേലം ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജി. കണ്ണൻ. കോളജ് മാന്വൽ പ്രകാരം മാതാപിതാക്കളെ കാണാൻ അനുവദിക്കാറുണ്ട്. എന്നാൽ, ഹാദിയയുടെ കാര്യത്തിൽ കോടതി വിധി പകർപ്പ് പരിശോധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.

സേലം ഹോമിയോ കോളജിലെത്തി പഠനം തുടരാൻ സുപ്രീം കോടതി അനുവദിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്ന് ഉച്ചയോടെ പുറപ്പെട്ട ഹാദിയ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി റോഡുമാർഗമാണ് സേലത്തിലെത്തിയത്. വിഐപി സുരക്ഷയാണ് തമിഴ്‌നാട് പൊലീസ് ഹാദിയക്കായി ഒരുക്കിയത്. കോളജിലും പരിസരത്തും തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നു. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അൻപതോളം പൊലീസുകാരും പ്രത്യേക കമാൻഡോകളും ചേർന്നാണു കോളജ് ഓഫിസിലേക്ക് ഹാദിയയെ എത്തിച്ചത്.

രാത്രി ഏഴു മണിയോടെ കോളജിലെത്തിയ ഹാദിയക്ക് ഹോസ്റ്റലിൽ താമസം ഒരുക്കി. മുഴുവൻ സമയ സുരക്ഷ ഒരുക്കുമെന്നാണ് സേലം ഡിസിപി അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നു ഹാദിയയ്‌ക്കൊപ്പം എത്തിയ കടുത്തുരുത്തി സിഐ ടോംസിന്റെ നേതൃത്വത്തിൽ കോടതി ഉത്തരവു കോളജ് അധികൃതർക്കും സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസിനും കൈമാറി. മുക്കാൽ മണിക്കൂറോളം നീണ്ട നടപടികൾക്കു ശേഷം പുറത്തിറങ്ങിയ ഹാദിയയോട് 'ഇത്രയും സുരക്ഷ ആവശ്യപ്പെട്ടിരുന്നോ' എന്നു മാധ്യമപ്രവർത്തകർ ചോദിപ്പോൾ 24 മണിക്കൂർ സുരക്ഷ വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി നിർദേശപ്രകാരമുള്ളതാണീ സുരക്ഷയെന്നുമായിരുന്നു ഉത്തരം.

114 കുട്ടികൾ ഇപ്പോൾ ഹോസ്റ്റലിൽ ഉണ്ട്. സുരക്ഷ പരിഗണിച്ച് ഹാദിയക്ക് പ്രത്യേകം മുറി അനുവദിക്കും. എന്നാൽ സൗകര്യങ്ങളൊക്കെ മറ്റ് കുട്ടികൾക്കുള്ളത് മാത്രമായിരിക്കും. സാധാരണ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമായിരിക്കും ഹാദിയയ്ക്കും ലഭിക്കുകയെന്നു കോളജ് അധികൃതർ പറഞ്ഞു. ഇന്നലെ കോളജിനു പുറത്തു വിദ്യാർത്ഥി നേതാവായ വളർമതിയുടെ നേതൃത്വത്തിൽ 'ഹാദിയയ്ക്ക് സ്വാതന്ത്ര്യം നൽകണം' എന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കിയെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ നീക്കി. ഷെഫിൻ ജഹാൻ ഹാദിയയെ കാണാൻ എപ്പോൾ എത്തുമെന്നതാണ് ഇനി അറിയേണ്ട വിഷയം.