- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തിരുവനന്തപുരത്ത് നിന്നും രണ്ടര മണിക്കൂർ കൊണ്ട് കണ്ണൂരിൽ എത്തുന്ന കാലം വരുമോ? 40 മിനിറ്റ് കൊണ്ട് കൊച്ചിയിലും? 65,000 കോടി മുടക്കി അതിവേഗ റെയിൽ പദ്ധതിക്ക് ചിറക് മുളച്ചു; കൂറ്റൻ തൂണുകളിലൂടെയും ഭൂഗർഭത്തിലൂടെയുമുള്ള യാത്ര അടിപൊളിയാകും; ഏഴിടങ്ങളിൽ മാത്രം സ്റ്റോപ്പ്
തിരുവനന്തപുരം: എക്സ്‌പ്രസ് ഹൈവേയും അതിവേഗ റെയിൽ ഇടനാഴിയുമെല്ലാം കേരളം പലപ്പോഴും ചർച്ച ചെയ്തതാണ്. പല കാരങ്ങൾ കൊണ്ട് നടക്കാതെ പോയി. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായി മോദി സർക്കാർ എത്തുന്നു. കേരളത്തിന്റെ മനസ്സ് അറിഞ്ഞൊരു പദ്ധതി അണിയറയിൽ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. ചർച്ചകൾ ഈ വേഗതയിൽ
തിരുവനന്തപുരം: എക്സ്‌പ്രസ് ഹൈവേയും അതിവേഗ റെയിൽ ഇടനാഴിയുമെല്ലാം കേരളം പലപ്പോഴും ചർച്ച ചെയ്തതാണ്. പല കാരങ്ങൾ കൊണ്ട് നടക്കാതെ പോയി. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായി മോദി സർക്കാർ എത്തുന്നു. കേരളത്തിന്റെ മനസ്സ് അറിഞ്ഞൊരു പദ്ധതി അണിയറയിൽ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. ചർച്ചകൾ ഈ വേഗതയിൽ നീങ്ങിയാൽ രണ്ടര മണിക്കൂർ കൊണ്ട് നമുക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം. അടുത്ത കേന്ദ്ര റെയിൽ ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതുകഴിഞ്ഞാൽ ഉടൻ ഈ പദ്ധതി യാഥാർത്ഥ്യമാകും.
ഇത് സാധ്യമാക്കുന്ന തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ട പഠനം പൂർത്തിയായി. 430 കിലോമീറ്റർ 145 മിനിറ്റ് കൊണ്ട് എത്തുന്നവിധമാണ് പാതയിലെ ട്രെയിൻ ഓട്ടം. തൂണുകളിൽ സ്ഥാപിക്കുന്ന പാളത്തിലൂടെയാണ് യാത്രയെന്നതിനാൽ താരതമ്യേന സ്ഥലം ഏറ്റെടുക്കുന്നത് കുറച്ചുമതിയാകും. ഡി.എം.ആർ.സി.യാണ് പ്രാഥമിക പഠനം നടത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് ഇതിന് പ്രേരിപ്പിച്ചത്. കേരളത്തെ നന്നായി അറിയാവുന്ന മലയാളിയുടെ മെട്രോ മാൻ ഇ ശ്രീധരന്റെ അഭിപ്രായ നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ഈ പദ്ധതി. റെയിൽവേയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയാണ് ശ്രീധരൻ. അതിവേഗ റെയിൽ പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല മോദി ഏൽപ്പിച്ചിരിക്കുന്നതും ശ്രീധരനെയാണ്.
നരേന്ദ്ര മോദി സർക്കാർ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ച റെയിൽ ഇടനാഴി പദ്ധതികളിൽ ആദ്യം പ്രാഥമിക പഠനം പൂർത്തിയാക്കിയത് തിരുവനന്തപുരം കണ്ണൂർ പാതയാണ്. വൈകാതെ വിശദമായ പദ്ധതിരേഖ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിക്കും.
സാധാരണ റെയിൽവേ പാളങ്ങളുടെ സ്റ്റാൻഡേർഡ് ഗെയ്ജ് ആയിരിക്കും അതിവേഗ റെയിൽവേയിൽ ഉപയോഗിക്കുക. ഒരു ട്രെയിനിൽ എട്ട് കോച്ചുകളുണ്ടാകും. 3.4 മീറ്റർ വീതിയുള്ള എ.സി. കോച്ചുകളിൽ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം 817. മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിവരെ എത്താൻ 40 മിനിറ്റ് മതി. കണ്ണൂർവരെയെത്താൻ 145 മിനിറ്റും.
പാതയുടെ 190 കിലോമീറ്റർ ദൂരം ഉയർന്ന തൂണുകളിലൂടെയാണ് പോകുക. 110 കിലോമീറ്റർ ഭൂഗർഭ പാതയിലൂടെയാണ്്. 21 കിലോമീറ്റർ ഉയർന്ന പ്രദേശങ്ങൾ മുറിച്ച് നിരപ്പാക്കിയും 61 കിലോമീറ്റർ കട്ട് ആൻഡ് ബാങ്ക് പ്രകാരവും 36 കിലോമീറ്റർ കട്ട് ആൻഡ് കവർ പ്രകാരവുമാണ് നിർമ്മിക്കുന്നത്. ആകെ ഒമ്പത് സ്റ്റേഷനുകൾ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കുന്ന ടണലുകളായതിനാൽ അതിന് മുകളിലുള്ള നിർമ്മിതികൾക്ക് കേടുപാട് ഉണ്ടാകില്ലെന്ന് പഠനത്തിൽ പറയുന്നു. ടണലിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ പ്രകമ്പനംപോലും പുറത്ത് അനുഭവപ്പെടില്ല.
2016 ൽ പണി തുടങ്ങിയാൽ 2022 ൽ സർവീസ് തുടങ്ങാനാകും. ആദ്യഘട്ടം തിരുവനന്തപുരം മുതൽ കൊച്ചി വരെ. ആകെ 600 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. 3800 ൽപ്പരം കെട്ടിടങ്ങൾ മാറ്റേണ്ടിവരും. 36000 ൽപ്പരം മരങ്ങളും. മരങ്ങൾ മാറ്റിസ്ഥാപിക്കാൻ വഴിതേടും. കഴിയാത്തതിന് പകരം പുതിയത് വച്ചുപിടിപ്പിക്കും. 65000 കോടി രൂപയാണ് ചെലവ്. കുറഞ്ഞ പലിശ നിരക്കിലുള്ള വിദേശ വായ്പ ഇതിന് വേണ്ടിവരും. ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകുന്ന രീതിയിൽ വിപണിവില പ്രകാരമുള്ള നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്നാണ് പഠനത്തിൽ പറയുന്നത്. ഇത് കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ 2016ൽ തന്നെ അതിവേഗ റെയിൽ പദ്ധതിയുടെ പണി തുടങ്ങും.
അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് അതിവേഗ റെയിൽ പദ്ധതികൾ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. ദക്ഷിണ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്ന മറ്റൊരു പദ്ധതിയിലും കേരളം ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് കേരളത്തെ മാത്രം ബന്ധപ്പെടുത്തുന്ന പദ്ധതി. കേരളവും ഇത്തരം പദ്ധതിയുടെ സാധ്യതകൾ ആരാഞ്ഞിരുന്നു. എന്നാൽ സാമ്പത്തിക പരാധീനതകളും സ്ഥലം ഏറ്റെടുക്കുന്നതിലെ വിവാദവും മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതിനാണ് കേന്ദ്ര സർക്കാർ നീക്കത്തിലൂടെ പുതിയ പ്രതീക്ഷ വരുന്നത്.