കോഴിക്കോട്: കേരളത്തിന്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന അതിവേഗ റെയിൽപാതയെ പുതിയ ട്രാക്കിലേക്ക് നീക്കാൻ പിണറായി സർക്കാർ മുൻകൈയെടുക്കുന്നു. കാസർകോട് നിന്ന് തിരുവനന്തപുരത്ത് വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന ഈ റെയിൽ പാതയുണ്ടാകാനായി മെട്രോ ശ്രീധരൻെ സഹകരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. ഇതിന്റെ പ്രാഥമിക ആചോചനകൾ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിക്കഴിഞ്ഞു.

പദ്ധതിപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും അതിവേഗ റെയിൽ കോർപറേഷന് സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്. പദ്ധതി ചെലവ് പരമാവധി കുറച്ച്, നിലവിലെ അലൈന്മെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ റിപ്പോർട്ട് ജൂലൈ 15ന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ച് പഠിക്കുന്ന ഡി.എം.ആർ.സി അധികൃതർ വ്യക്തമാക്കി.തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് മണിക്കൂറിൽ 300 കി.മീ. വേഗത്തിൽ സഞ്ചരിച്ച് 150 മിനിറ്റുകൊണ്ട് എത്താൻ കഴിയുന്ന റെയിൽ പദ്ധതിയുടെ ആകെ ചെലവ് 65,000 കോടി രൂപയാകുമെന്നാണ് സംസ്ഥാനസർക്കാറിന് സമർപ്പിച്ച കരട് റിപ്പോർട്ടിൽ ഡി.എം.ആർ.സി വ്യക്തമാക്കിയിരുന്നത്. ചെലവ് കുറക്കാൻ കഴിയുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. കരട് റിപ്പോർട്ട് അനുസരിച്ച് പാത 90 കിലോമീറ്റർ ഉപരിതലത്തിലും 297 കിലോമീറ്റർ തൂണിന് മുകളിലും 126 കിലോമീറ്റർ ഭൂമിക്കടിയിലുമാണ്.

കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ചെയർമാൻ ടി. ബാലകൃഷ്ണൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഈയാഴ്ച വിശദ റിപ്പോർട്ട് മുഖ്യമന്ത്രിക്കുമുന്നിൽ കോർപറേഷൻ അവതരിപ്പിക്കും. പദ്ധതി നടപ്പാക്കാൻ 600 ഹെക്ടർ ഭൂമി ആവശ്യമായിവരുമെന്നാണ് ഡി.എം.ആർ.സിയുടെ കരട് റിപ്പോർട്ടിലെ കണ്ടത്തെൽ. ഇതിൽ 540 ഹെക്ടർ സ്വകാര്യഭൂമിയും 60 ഹെക്ടർ സർക്കാർഭൂമിയും ഉൾപ്പെടുന്നു. 3868 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. 35,000 മരങ്ങൾ മുറിക്കണം. ഇതിനുപകരം മരങ്ങൾ വച്ചുപിടിപ്പിക്കും. നിലവിലെ റെയിൽപാതയോടും ദേശീയപാതയോടും ചേർന്നാണ് അതിവേഗപാത വിഭാവനം ചെയ്തിരിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ കോൺക്രീറ്റ് ടണലുകളിൽ കൂടിയാകും പാത കടന്നുപോവുക.

ഇതിനാൽ അധികം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരില്‌ളെന്നാണ് ഡി.എം.ആർ.സിയുടെ കണക്കുകൂട്ടൽ. പദ്ധതി സംബന്ധിച്ച് പഠിക്കാൻ 2010ലാണ് ഡി.എം.ആർ.സിയെ സർക്കാർ ചുമതലപ്പെടുത്തിയത്. തുടർന്ന്, 2011ൽ ഡി.എം.ആർ.സി സാധ്യതാപഠനം പൂർത്തിയാക്കി. കഴിഞ്ഞവർഷം കരട് റിപ്പോർട്ട് സമർപ്പിച്ചു.പക്ഷേ ഇക്കാര്യത്തിൽ നടപടിയൊന്നുമില്ലാതിരിക്കുമ്പോഴാണ് ശക്തമായ ഇടപെടലുമായി മുഖ്യമന്ത്രിതന്നെ നേരിട്ട് എത്തിയത്.

അതേസമയം സിപിഎമ്മിന്റെ കേരള പഠന കോൺഗ്രസിൽ, കാസർകോടുനിന്ന് വെറും ആറുമണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് എത്താവുന്ന അതിവേഗ റെയിലിനെ കുറിച്ച് ചർച്ച നടന്നിരുന്നു. വിദേശരാജ്യങ്ങളിലും മറ്റും പ്രായോഗികമാക്കിയപോലെ നിലവിലുള്ള പാതയിൽ ഗർഡറുകൾ ഉയർത്തിയുള്ള പ്രത്യേക സംവിധാനമായിരുന്നു അത്.പക്ഷേ നിലവിലെ പദ്ധതി അതിനേക്കാൾ ചെലവ് കുറഞതാണെന്നും കുടിയൊഴിപ്പിക്കൽ പരാമവധി കുറവാണെന്നും ഡി.എം.ആർ.സി അറിയിച്ചതോടെയാണ്, ഈ സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

കേരള പഠന കോൺഗ്രസിൽ പിണറായി അവതിരപ്പിച്ച അതിവേഗ റെയിൽ പദ്ധതിക്കും വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽനിന്ന് ലഭിച്ചത്. പിണറായി പറഞ്ഞ ആശയം നടപ്പിലായാൽ ഓരോ വർഷവും കേരളത്തിൽ ഉണ്ടാവുന്ന 3500 ഓളം മനുഷ്യക്കുരുതികൾ ഒഴിവാമെയിരുന്നുമെട്രോ ശ്രീധരൻ പ്രതികരിച്ചത്.ഇതിന്റെ ഭാഗമായി ഇടതുനേതാക്കൾ ശ്രീധരനുമായ ചർച്ച നടത്തുകയും ചെയ്തിരുന്നു.അതിവേഗ റെയിൽവരുന്നതോടെ കാർ അടക്കമുള്ള മറ്റ് വാഹനങ്ങളുടെ ഉപയോഗവും ഗണ്യമായി കുറയുമെന്ന് ഡോ.ടി.എം തോമസ് ഐസക്ക് കണക്കുകൾ ഉദ്ധരിച്ച് സമർഥിച്ചിരുന്നു. എന്നാൽ ഇത് തങ്ങളുടെ എക്പ്രസ് ഹൈവേ പദ്ധതിയാണെന്ന് പറഞ്ഞാണ് മുസ്ലീഗിലെ ചിലർ രംഗത്ത് എത്തിയത്. എക്സ്‌പ്രസ് ഹൈവേ കേരളത്തെ രണ്ടായി പകുത്തുകളയുമെന്നും വൻതോതിൽ പരിസ്ഥിതി പ്രശ്‌നവും കുടിയൊഴിപ്പിക്കലും ഉണ്ടാവുമെന്നതിലാണ് തങ്ങൾ എതിർത്തതെന്നും ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം പദ്ധതിയുടെപേരിൽ നിലവിൽ മലബാറിലടക്കം കുടിയൊഴിപ്പിക്കലിന്റെ പേരിൽ ജനം രംഗത്തിറങ്ങിയിരിക്കയാണ്. വെൽഫയർ പാർട്ടിയും എസ്.ഡി.പി.ഐയും അടക്കമുള്ള പാർട്ടികൾ ഇല്ലാത്തകാര്യങ്ങൾ പറഞ്ഞുപരത്തി ജനങ്ങളെ ഭീതിയിലാഴ്‌ത്തിയാണ് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത്.കുടിയൊഴിപ്പിക്കൽ പരാമാവധി കുറച്ചുകൊണ്ടുള്ള പദ്ധതിയാണിതെങ്കിലും,കേരളം കണ്ട എറ്റവുംവലിയ കുടിയൊഴിപ്പിക്കലാണ് പദ്ധതിക്കുവേണ്ടി നടക്കുകയെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.