- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി ദോഷം ചൂണ്ടിക്കാട്ടി ട്രംപിന്റെ എതിർപ്പിൽ അമേരിക്കയിൽ പോലും വേണ്ടെന്നു വച്ച പദ്ധതി; ബ്രിട്ടനിൽ ഹൈ സ്പീഡ് റെയിലിന്റെ നിർമ്മാണ ചെലവ് കൂടിയത് 4 ലക്ഷം കോടി രൂപയിലേക്ക്; കെ റെയിലിൽ ലോകം നൽകുന്ന കണക്കുകൾ കേരളത്തിന് എതിര്
ലണ്ടൻ: വീടിനു പുറത്തിറങ്ങാതെ മനുഷ്യൻ ജീവിക്കുന്ന ഡിജിറ്റൽ കാലത്തിലേക്ക് ലോകം ചുവടു വെക്കുമ്പോളാണ് ആളെ ഇടിച്ചു കുത്തി തെക്കു വടക്കു പായുന്ന സ്പീഡ് റെയിൽേയെക്കുറിച്ചു കേരളം ചിന്തിക്കുന്നത്, ഇവിടെ തുടങ്ങുകയാണ് വൈരുദ്ധ്യാത്മികത. ലോക്ഡൗൺ എന്ന ഒരു ചിന്ത പോലും ആലോചിക്കാൻ സാധിക്കാതിരുന്ന കാലത്താണ് ലോകമെങ്ങും മനുഷ്യർ കോവിഡ് വൈറസ് പേടിയിൽ മാസങ്ങളോളം സകലതും മറന്നു സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ അഭയം തേടിയത്. സത്യത്തിൽ അവിടെ തുടങ്ങുക ആയിരുന്നു മനുഷ്യ ജീവിതത്തിന്റെ മറ്റൊരു അധ്യായം. ഇനിയൊരിക്കലും ലോകം പഴയത് പടിയാകില്ലെന്നു ഓർമ്മിപ്പിച്ചു മനുഷ്യരെ പുറത്തിറക്കാതെ എങ്ങനെ ജീവിതം അടച്ചിട്ട ചുവരുകൾക്കുള്ളിൽ ഒതുക്കി കൂട്ടാം എന്ന ഗവേഷണത്തിലാണ് ലോകത്തെ നവചിന്തകൾ ഒക്കെയും. ബാങ്കുകളും സൂപ്പർ മാർക്കറ്റ് ചെയിനുകളും സിനിമ ലോകവും പോലും ഓൺലൈനിൽ എത്തിയപ്പോൾ സർക്കാർ സേവനവും ആരോഗ്യ രംഗവും ഒക്കെ ഇപ്പോൾ ഓൺലൈൻ എന്ന മന്ത്രത്തിൽ തന്നെയാണ്. ഇതോടെ ജനം സഞ്ചാരം തന്നെ ആവശ്യമില്ലാത്ത കാലത്തിലേക്ക് പതുക്കെ സഞ്ചരിക്കുന്നു എന്നായതോടെ ഭാവിയിൽ ഈ രംഗത്തെ നിക്ഷേപങ്ങൾ ഒക്കെ കടുത്ത വെല്ലുവിളി നേരിടാനിരിക്കുകയാണ്.
ഇവിടെയാണ് കേരളം പോലെ നവചിന്തകളും ലോകത്തെ മാറ്റങ്ങളെ എന്നും വൈമനസ്യത്തോടെ സ്വീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവർ നേരിടുന്ന പരാജയം. ഒരു കാലഘട്ടത്തിൽ കംപ്യുട്ടർ ജീവിതം തകർക്കും എന്ന് വിളിച്ചു കൂവിയവർക്കു ഇപ്പോൾ അതില്ലാതെ ജീവിതം ഇല്ലെന്ന തിരിച്ചറിവിൽ എത്തിയെങ്കിലും ജനം ഇനിയുള്ള കാലത്തു തെക്കുവടക്കു നടക്കേണ്ട കാര്യം ഇല്ലെന്നു പറയുമ്പോൾ അത് മനസിലാക്കാനും കാലം കുറെ പിന്നിടേണ്ടി വരും. എഡിൻബറ യൂണിവേഴ്സിറ്റിയും മറ്റും ഡോക്ടറുടെ സഹായം ഇല്ലാതെ റോബോട്ടുകൾ ക്യാൻസർ ചികിത്സയുടെ ഭാഗമായി സർജറികൾ ചെയുന്ന കാലം ആണ് മുന്നിൽ കാണുന്നത്. ഒരേ സമയം ഒരേ രോഗത്തിന് ഒരു ഡോക്ടർ പല ആശുപത്രികളിൽ റോബോട്ടിക് സഹായത്തോടെ പല രോഗികൾക്ക് ചികിത്സ നൽകുന്നത് പോലും ഭാവിയുടെ പ്രതീക്ഷകളാണ്. ഈ ഭാവിയെ മുൻ നിർത്തിയാണ് ക്യാൻസർ ചികിത്സക്ക് കാസർഗോഡ് നിന്നും തിരുവനന്തപുരത്തു രോഗികൾക്ക് സഞ്ചരിക്കാൻ കെ റെയിൽ സ്ഥാപിക്കുന്നത് എന്ന ബാലിശമായ വാദം ഉയരുന്നത്. അതും കൊച്ചിയിൽ റിലീസ് ആകുന്ന മലയാള സിനിമ അതേ ദിവസം അതേ സമയം ലണ്ടനിലും കാനഡയിലും റിലീസ് ചെയുന്ന കാലത്തും ജനങ്ങൾ തെക്കു വടക്കു ട്രെയിൻ കയറി നടന്നാൽ മാത്രമേ വികസനം സാധ്യമാകൂ എന്നതാണ് കേരളത്തിൽ ഇപ്പോഴും നയം ഉണ്ടാക്കുന്നവർ കരുതുന്നത് എന്നതും യാദൃശ്ചികം ആയി കരുതേണ്ടി വരും.
ലോകം വേണ്ടെന്നു വയ്ക്കുമ്പോൾ കേരളം വേണമെന്ന് വാശി കാട്ടുന്നതെന്തിന്?
ഭൂ പ്രകൃതിയും ജനവാസ മേഖലയും ഒക്കെ അനുകൂലം ആയതിനാൽ മാത്രം സ്പീഡ് റെയിൽ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനായ ഒരേയൊരു രാജ്യമാണ് ചൈന. സ്പീഡ് റെയിലിനെ ആശ്രയിച്ച മറ്റു രാജ്യങ്ങളായ ജപ്പാനും ഫ്രാൻസും സ്‌പെയിനും ഒക്കെ ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ പുറകിലും. താരതമ്യേന ചെറിയ രാജ്യങ്ങൾ എന്നത് തന്നെ പ്രധാനം. ഇവിടെയാണ് ഒരറ്റം മുതൽ മറ്റേയറ്റം വരെ ജനവാസ പ്രദേശങ്ങൾ തിങ്ങി നിറഞ്ഞ കേരളത്തിൽ കെ റെയിൽ വരുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങൾ ചിന്തിക്കേണ്ടതും പഠിക്കേണ്ടതും. ലോകത്തെ മറ്റേതു പ്രദേശങ്ങളെക്കാൾ ഭയാനകമായി സ്പീഡ് റെയിൽ പദ്ധതിയുടെ ആഘതം കേരളത്തിന് നേരിടേണ്ടി വരുമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കു പോലും മനസിലാകുന്ന വസ്തുതയാണ്. രണ്ടു വർഷം മുൻപുള്ള കണക്കുകൾ വച്ച് പോലും ചൈന 19289 മൈൽ റെയിൽ പാത സ്പീഡ് ട്രെയിനിന് വേണ്ടി നിർമ്മിച്ചപ്പോൾ ലോക ഒന്നാം സാമ്പത്തിക ശക്തിയായ അമേരിക്ക വെറും 457 മൈൽ റെയിൽ പാത മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെയാണ് 329 മൈൽ റെയിൽ പാത നിർമ്മിക്കാൻ ഒരുമ്പെടുന്ന കേരളത്തിന്റെ വ്യഗ്രത ജനങൾക്ക് ബോധ്യപ്പെടാതെ പോകുന്നതും. വലിയ ഭൂവിസ്തൃതിയുള്ള രാജ്യങ്ങൾ പോലും ഈ പദ്ധതിയോടു മുഖം തിരിക്കുന്നത് അതിന്റെ പാരിസ്ഥിതിക ആഘാതം ബോധ്യമായതോടെയാണ്.
എതിർപ്പിനെ തുടർന്നും നഷ്ടം കണക്കിലെടുത്തും പദ്ധതി വേണ്ടെന്നു വച്ചത് അമേരിക്കയിലെ കാലിഫോർണിയയിൽ
ഹൈസ്പീഡ് റയിലിന്റെ മേന്മകൾ പറഞ്ഞു നടക്കുന്നവർ ലോകമെങ്ങും ഈ പദ്ധതി വേണ്ടെന്നു വയ്ക്കുന്ന നടപടികൾ കൂടി ജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്. ഏതു വികസനവും അമേരിക്കയെ കണ്ടു പഠിക്കണം എന്നൊരു ചൊല്ലുണ്ടെങ്കിലും ഹൈ സ്പീഡിന്റെ കാര്യത്തിൽ തങ്ങളെ കണ്ടു പഠിക്കേണ്ട എന്നാണ് കാലിഫോര്ണിയക്കാർ പറയുന്നത്. കാരണം 929 മില്യൺ ഡോളർ പദ്ധതി ചിലവുള്ള ഹൈ സ്പീഡ് റെയിൽ പദ്ധതിക്കുള്ള ഗ്രാന്റ് ഉപേക്ഷിച്ചത് പദ്ധതി ഭീമമായ നഷ്ടമാണെന്ന് മനസിലാക്കി തന്നെയാണ് അമേരിക്കൻ സർക്കാർ നടപടിയെടുത്തത്. സാൻ ഫ്രാൻസ്‌കോയിൽ നിന്നും ലോസ് അന്ജനൽസിലേക്കുള്ള ബൃഹദ് പദ്ധതി ആയി തുടങ്ങിയ ഹൈ സ്പീഡ് വലിയൊരു വെള്ളാന ആണെന്ന് മനസിലാക്കിയാണ് അമേരിക്ക നാണക്കേട് ഒന്നും നോക്കാതെ പല ഘട്ടങ്ങളായി പദ്ധതി വെട്ടിച്ചുരുക്കിയത്.
തുടക്കത്തിൽ 77 ബില്യൺ അമേരിക്കൻ ഡോളർ വിഭാവനം ചെയ്ത പദ്ധതി പിന്നീട 98 ബില്യൺ ഡോളറിൽ എത്തിയാലും തീരില്ല എന്ന അവസ്ഥയിലെത്തി. പദ്ധതിക്ക് വേണ്ട മുഴുവൻ പണവും സർക്കാർ മുടക്കുമെങ്കിലും പിന്നീട അത് മുഴുവൻ തിരിച്ചടക്കണം എന്ന് ബിസിനസുകാരൻ കൂടിയായ അന്നത്തെ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് പറഞ്ഞപ്പോൾ ഉടക്കുമായി കാലിഫോർണിയ സംസ്ഥാനം രംഗത്തെത്തിയെങ്കിലും കാര്യമുണ്ടായില്ല. ട്രമ്പിനെ കളിയാക്കാൻ ലോകത്തിനു പല കാരണം ഉണ്ടെങ്കിലും ഹൈ സ്പീഡ് റെയിലിന്റെ കാര്യത്തിൽ തികഞ്ഞ പരിസ്ഥിതി വാദിയായി മാറുക ആയിരുന്നു ഡൊണാൾഡ് ട്രംപ്. ഒരു പക്ഷെ ട്രംപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധീരതയ്യാർന്ന തീരുമാനം കൂടിയായി കാലം ഇതിനെ വിലയിരുത്തിയേക്കാം. പരിസ്ഥിതികമായും സാമ്പത്തികമായും വലിയൊരു അപകടം എന്നാണ് ട്രംപ് ഇ പദ്ധതിയെ വിശേഷിപ്പിച്ചതും.
സമരങ്ങൾ ഇല്ലാത്ത ബ്രിട്ടനിൽ പോലും ജനങ്ങൾ ഹൈ സ്പീഡ് റെയിലിനെതിര്
അനാവശ്യ സമരങ്ങളുടെ നാടല്ല ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ നാടുകൾ. എന്നാൽ ഹൈ സ്പീഡ് റെയിലിന്റെ ഒന്നാം ഘട്ടം ചാനൽ ടണലിലൂടെ യൂറോപ്പിലേക്ക് വഴി തുറന്നപ്പോൾ കടലിനു കീഴെ പോകുന്നത് കാരണം ജനങളുടെ എതിർപ്പുണ്ടായില്ല . എന്നാൽ ഇതിന്റെ രണ്ടാം ഘട്ടം ലണ്ടനിൽ നിന്നും രണ്ടാമത്തെ വലിയ നഗരമായ ബിർമിൻഹാമിലേക്കു പണി തുടങ്ങിയപ്പോഴാണ് ജനങ്ങൾ വിപത് മനസിലാക്കിയത് , അതോടെ തുടങ്ങി എച് എസ ടൂ എന്ന പേരിലറിയപ്പെടുന്ന രണ്ടാം ഘട്ടത്തിന് എതിരെയുള്ള എതിർപ്പും . എന്നാൽ പണി തുടങ്ങിയപ്പോഴാണ് അമേരിക്കക്കു നേരത്തെ മനസിലായ വെള്ളാനയാണ് ബ്രിട്ടനിലും എത്തിയതെന്ന് സർക്കാരിന് പോലും ബോധ്യപ്പെടുന്നത് . ഒടുവിൽ പിന്നോക്കം പോകാതെ ഓരോ വർഷവും ബജറ്റിൽ വൻകമ്മി എഴുതി ചേർക്കാൻ വേണ്ടി മാത്രമുള്ള പ്രോജക്റ്റ് ആയി മാറിയിരിക്കുകയാണ് ഒട 2 എന്ന രണ്ടാം ഘട്ടം ഹൈ സ്പീഡ് റെയിൽ പദ്ധതി .
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കിയിട്ടും കാലതാമസവും അതുവഴി ബലൂൺ വീർപ്പിക്കും പോലെ ഉയരുന്ന ചിലവും കണ്ടു കണ്ണ് തള്ളുകയാണ് ബ്രിട്ടീഷ് സർക്കാർ . സ്പീഡ് റെയിൽ രണ്ടാം ഘട്ടം പൂർത്തിയാകും എന്ന് കണക്കാക്കപ്പെടുന്ന 2029 ലേക്ക് എത്തുമ്പോഴേക്കും പദ്ധതി ചെലവ് 40 ബില്യൺ പൗണ്ട് ആയി ഉയരും എന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റുന്ന കണക്കല്ല . ഇതോടെ പദ്ധതി ആദ്യം ലക്ഷ്യമിട്ട കിഴക്കൻ നഗരങ്ങളിലേക്ക് എത്താൻ പോകുന്നില്ല എന്ന് ഏതാണ്ട് ഉറപ്പിക്കാവുന്ന നിലയിലാണ് ഇപ്പോൾ ഒട2 . അഥവാ അങ്ങനെ കിഴക്കൻ പട്ടണങ്ങളിൽ കൂടി എത്തണം എങ്കിൽ ചെലവ് 100 ബില്യൺ പൗണ്ട് ആയി ഉയരും . നിലവിൽ അധികരിക്കുന്ന ആറു ലക്ഷം കോടി രൂപ എന്നതൊക്കെ സമ്പന്ന രാജ്യമാണെങ്കിലും ബ്രിട്ടന് താങ്ങാവുന്ന കണക്കല്ലെന്നു ഉറപ്പാണ് . സർക്കാർ നടത്തിയിരുന്ന നിർമ്മാണ ചെലവ് പുതിയ സാമ്പത്തിക നയങ്ങൾ മൂലം സ്വകാര്യവത്കരിച്ചതാണ് ബ്രിട്ടന്റെ ഹൈ സ്പീഡ് റയിൽ സ്വപ്നങ്ങൾക്ക് പാര വച്ചതെന്ന് ഉറപ്പാണ് . മോശം സർവീസ് മൂലം കുപ്രസിദ്ധി നേടിയ ബ്രിട്ടീഷ് റെയിൽ വേ യിൽ റോക്കറ്റ് വേഗത്തിൽ പായുന്ന യാത്ര ചിലവും മൂലം പുറത്തു നിന്നും നിക്ഷേപം ആകര്ഷകനാകാത്ത അവസ്ഥയിലും എത്തിയതോടെ ഒട2 മാത്രം മതിയാകും രാജ്യത്തെ റെയിൽ രംഗം ഒന്നാകെ തകിടം മറിക്കാൻ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് ബ്രിട്ടൻ .
ഇവിടെയാണ് സർവേ ഘട്ടത്തിൽ തന്നെ കടുത്ത എതിർപ്പുയരുന്ന കേരളത്തിൽ കെ റെയിൽ 63940 കോടിയിൽ പിടിച്ചു നിർത്തും എന്ന് സർക്കാർ പറയുന്നത് . എന്നാൽ പദ്ധതി ഒരു വര്ഷം ദീർഘിച്ചാല് മാത്രം 3500 കോടി അധിക ബാധ്യത ആകുമെന്ന് കെ റെയിൽ കോര്പറേഷന് മുൻകൂർ ജാമ്യം എടുത്തുകഴിഞ്ഞു . അതായതു അഞ്ചു വര്ഷം ദീർഘിച്ചാല് പോലും 17500 കോടി രൂപ . കേരളം പോലെ കടമെടുത്തു ശമ്പളം പോലും കൊടുക്കുന്ന ഒരു നാടിനു ഇതെങ്ങനെ താങ്ങാനാകും എന്ന ചോദ്യത്തിന് ഇന്നും ഉത്തരം നല്കാൻ വിയർക്കുകയാണ് പദ്ധതിയുടെ പ്രചാരകരായ കേരള സർക്കാർ .