ജിദ്ദ: ഈ മാസം 27 മുതൽ വിശുദ്ധ ഹജ്ജ് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കായി അത്യാധുനിക സൗകര്യമൊരുക്കി ഇന്ത്യൻ ഹജ്ജ് കമ്മീഷൻ. കൊൽക്കത്തയിൽ നിന്നുള്ള ആദ്യ സംഘമാണ് പ്രവാചക നഗരിയായ മദീനയിൽ എത്തുക. ഇന്ത്യയിൽ നിന്ന് മൊത്തം 136,000 തീർത്ഥാടകരാണ് വിശുദ്ധ നഗരിയിലെത്തുന്നതെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ബി എസ് മുബാറക് പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹൈ ടെക് സംവിധാനങ്ങളാണ് തീർത്ഥാടനത്തോടനുബന്ധിച്ച് ഇന്ത്യൻ ഹജ്ജ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. തീർത്ഥാടനം ഏറെ സൗകര്യപ്രദമായി ചെയ്യാനായി അത്യാധുനിക സംവിധാനങ്ങളെല്ലാം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മുബാറക് വ്യക്തമാക്കി. ഗൂഗിൾ മാപ്, സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ, ഫേസ്‌ബുക്ക്, യൂട്യൂബ് ക്ലിപ്പിങ്, ടെക്സ്റ്റ് മെസേജുകൾ എന്നുവേണ്ട യാത്രയും തീർത്ഥാടനവും സുഗമമമാക്കുന്നതിന് എല്ലാ സൗകര്യങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഒരു കാരണവശാലും തീർത്ഥാടകർക്ക് വഴി തെറ്റുകയോ അസൗകര്യങ്ങൾ ഉണ്ടാകുകയോ ചെയ്യരുത് എന്ന നിബന്ധനയിലാണ് ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നം വഴി തെറ്റുകയെന്നതാണ്. പ്രത്യേകിച്ച് മിനായിൽ. ഹജ്ജിന്റെ മതപരമായ ചടങ്ങുകൾ ഒട്ടുമിക്കവയും മിനായിൽ നടക്കുന്നതിനാൽ ഇവിടെ വഴി തെറ്റിപ്പോകുന്നവർ ധാരാളമാണ്. വഴി തെറ്റി തങ്ങളുടെ താമസസ്ഥലം കണ്ടെത്താനാവാതെ വിഷമിക്കുന്നവർ ഏറെയാണ്.

ഇതു ലക്ഷ്യം വച്ചാണ് ഇന്ത്യൻ ഹാജി അക്കോമഡേഷൻ ലൊക്കേറ്റർ എന്ന പേരിൽ പുതിയൊരു ആപ്ലിക്കേഷൻ തന്നെ ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയോ ഐ ട്യൂൺസ് വഴിയോ ഇത് സൗജന്യമായി മൊബൈലിൽ ഡൗൺലോഡ് ചെയ്യാവുന്നതേയുള്ളൂ. മൊബൈലിൽ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ പിന്നെ ഈ ആപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്ത് പാസ്‌പോർട്ട് നമ്പരോ കവർ നമ്പരോ അടിച്ചുകൊടുത്താൽ താമസസ്ഥലത്തിന്റെ വിശദ വിവരം പ്രത്യക്ഷപ്പെടും. താമസസ്ഥലത്തെത്തുന്നതിനുള്ള റോഡ് മാപ്പ് സഹിതമാണ് തെളിഞ്ഞുവരുന്നത്.

ഇന്ത്യയിൽ നിന്നെത്തുന്ന എല്ലാ തീർത്ഥാടകർക്കും സൗദി സിം കാർഡ് നൽകുമെന്നും കോൺസൽ ജനറൽ വ്യക്തമാക്കി. ഈ നമ്പരിലേക്ക് പ്രധാനപ്പെട്ട എല്ലാ മെസേജുകളും എത്തിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്ത ഹാജിമാരെ സഹായിക്കുന്നതിന് നൂറുകണക്കിന് വോളണ്ടിയർമാർ സജ്ജമാണ്.