- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ 'കൊള്ള' തടഞ്ഞ് വീണ്ടും ഹൈക്കോടതി ഇടപെടൽ; മുറിവാടക നിരക്ക് ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് തടഞ്ഞു; ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്നും കോടതി
കൊച്ചി: കോവിഡ് ചികിത്സയിൽ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നേരിട്ടു നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാർ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ആശുപത്രികൾക്ക് ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ വിമർശനത്തിന് പിന്നാലെ ഉത്തരവിൽ അവ്യക്തതകളുണ്ടെന്ന് സർക്കാർ സമ്മതിച്ചു. ഉത്തരവിലെ അവ്യക്തതകൾ തിരുത്തി പുതിയ ഉത്തരവിറക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
കോവിഡ് ചികിത്സയിൽ മുറിവാടകനിരക്ക് ആശുപത്രികൾക്ക് നേരിട്ടു നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. വാർഡിലും ഐ.സി.യു.വിലും ചികിത്സയിൽ കഴിയുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അംഗങ്ങളിൽനിന്നുമാത്രം സർക്കാർ നേരത്തെ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വാർഡ്, ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയവയിലെ ചികിത്സാനിരക്ക് ജനങ്ങൾക്ക് താങ്ങാവുന്ന വിധത്തിൽ ഏകീകരിച്ച് മേയിലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽപേരും ചികിത്സതേടുന്ന മുറികളിലെ നിരക്ക് സംബന്ധിച്ച് പരാമർശിച്ചിരുന്നില്ല. ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്.
വാർഡ്, ഐ.സി.യു, വെന്റിലേറ്റർ സംവിധാനങ്ങളിൽ നേരത്തെ നിശ്ചയിച്ച നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ജനറൽ വാർഡുകളിൽ പരമാവധി 2910 രൂപയും ഹൈഡിപൻഡൻസി യൂണിറ്റിൽ 4175 രൂപയും ഐ.സി.യു.വിൽ 8580 രൂപയും വെന്റിലേറ്റർ ഐ.സി.യു.വിൽ 15,180 രൂപയുമാണ് ദിവസനിരക്ക്.
മുറികളിൽ കഴിയുന്നവരിൽനിന്നു തോന്നുംപടി നിരക്ക് ഈടാക്കാൻ പുതിയ ഉത്തരവ് വഴിവെക്കുമെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിഷയത്തിൽ കോടതി ഇടപെട്ടത്.
കോവിഡ് ചികിത്സയ്ക്ക് അമിത ബില്ലു നൽകുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്ക്കെതിരെ ഹൈക്കോടതി നേരത്തെയും രംഗത്ത് വന്നിരുന്നു. അസാധാരണ സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടിയാണ് കോടതി വിമർശനം ഉയർത്തിയത്. നിലവിലെ സാഹചര്യം വളരെ മോശമാണ്. കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കഴിഞ്ഞ മെയ് പത്തിന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.
രണ്ടു ദിവസത്തെ ഓക്സിജന് 45,000 രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്തശേഷം ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആശുപത്രി ജനറൽ വാർഡിനു പ്രതിദിനം പരമാവധി ഈടാക്കാവുന്ന തുക 2645 രൂപയായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രത്യേക മുറികൾക്ക് ഉള്ള വാടകനിരക്ക് നിശ്ചയിക്കുന്നതിൽ ഉത്തരവിൽ അവ്യക്തത വന്നതോടെ സ്വകാര്യ ആശുപത്രികൾ ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു. തുടർന്നാണ് വാടകനിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് ഉത്തരവ് ഇറങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ