- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപേന്ദ്രനാഥ് മിടുക്കനും ആത്മാർത്ഥതയുള്ളതും സ്ഥിരോത്സാഹിയും; കോടതിയുടെ ഭരണനിർവ്വഹണത്തിന് ഇദ്ദേഹത്തിന്റെ സർവ്വീസ് രണ്ട് വർഷത്തേക്ക് കൂടി നീട്ടണം; ചീഫ് ജസ്റ്റിസിന്റെ കോർട്ട് ഓഫീസർക്ക് സർവ്വീസ് കാലാവധി നീട്ടികൊടുത്തത് വിവാദമാകുന്നു; കോടതിയുടേത് തികഞ്ഞ നീതി നിഷേധമെന്ന് ജസ്റ്റീസ് കെമാൽ പാഷ
കൊച്ചി: നിയമം എല്ലാവർക്കും ഒരുപോലെയാണെന്നാണ് ഭരണഘടനയും നീതിപീഠങ്ങളും പറയുന്നത്. പക്ഷേ, സ്വാധീനമുള്ളവർക്ക് മുൻപിൽ നിയമവും നീതിപീഠങ്ങളും തരംപോലെ പെരുമാറുന്നതാണ് നാം കാണുന്നത്. റിട്ടയർ ചെയ്ത് കഴിഞ്ഞ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോർട്ട് ഓഫീസർ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് രണ്ട് വർഷത്തേക്ക് സർവ്വീസ് നീട്ടികൊടുത്ത അസാധാരണ സംഭവവും ഇവിടെ നടന്നിരിക്കുന്നു.
ഒരാഴ്ച മുൻപാണ് 24 വർഷം ഏകാധ്യപക വിദ്യാലയത്തിൽ ടീച്ചറായി ജോലി ചെയ്ത ഉഷാകുമാരി എന്ന ദേശീയ അവാർഡ് ജേതാവിനെ തൂപ്പുകാരിയായി തരംതാഴ്‌ത്തിയ സംസ്ഥാനമാണ് കേരളം. ആനയും കടവയുമുള്ള കാട്ടിലൂടെ കുട്ടികൾക്കുള്ള അരിയും സാധനങ്ങളും തലയിൽ ചുമന്ന് മലകയറി ആദിവാസി കുട്ടികളുടെ കണ്ണുതെളിയിച്ചിരുന്ന ഒരു അദ്ധ്യാപികയുടെ ദുർഗതിയാണ് കഴിഞ്ഞയാഴ്ച മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അതേ സംസ്ഥാനത്താണ് നീതിന്യായ പീഠത്തിന്റെ ഭാഗമായി നിൽക്കുന്ന കോർട്ട് ഓഫീസർക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് രണ്ട് വർഷത്തേക്ക് സർവ്വീസ് കാലാവധി നീട്ടികൊടുത്തത്.
ഈ വർഷം മാർച്ച് 17-ന് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം സഹിതം ഹൈക്കോടതി രജിസ്ട്രാർ ജനറലായ പി. കൃഷ്ണകുമാർ, ചീഫ് ജസ്റ്റിസിന്റേ കോർട്ട് ഓഫീസറായ ജെ.ഉപേന്ദ്രനാഥിന്റെ സർവ്വീസ് കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് എഴുതി. മെയ് 31-ന് ഉപേന്ദ്രനാഥ് വിരമിക്കേണ്ടതായിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗം വിഷയം പരിശോധിക്കുകയും ഉപേന്ദ്രനാഥിന്റെ സർവ്വീസ് കാലാവധി നീട്ടികൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഉപേന്ദ്രനാഥ് മിടുക്കനും ആത്മാർത്ഥതയുള്ളതും സ്ഥിരോത്സാഹിയുമാണ്. സർവ്വീസിലുടനീളം സത്യസന്ധനുമായിരുന്നു. ചീഫ് ജസ്റ്റിസിന്റെ കോടതിയിലെ വിധി ന്യായങ്ങൾ സമയാസമയങ്ങളിൽ അദ്ദേഹത്തിന് എത്തിക്കുന്നതിനും മറ്റും കൃത്യത പാലിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. കോടതിയുടെ ഭരണനിർവ്വഹണത്തിന് ഇദ്ദേഹത്തിന്റെ സർവ്വീസ് രണ്ട് വർഷത്തേക്ക് കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടാണ് രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി. കെ ജോസിന് കത്തെഴുതിയത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് സെക്രട്ടറി മെയ് 26-ന് പുറപ്പെടുവിച്ച ഉത്തരവിൽ രജിസ്ട്രാർ ജനറലിന്റെ കത്തിലെ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അങ്ങേയറ്റം നിയമവിരുദ്ധവും, അനീതിയും, കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ് ഹൈക്കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് ജസ്റ്റിസ് (റിട്ട)കമാൽ പാഷ പറഞ്ഞു. ആയിരക്കണക്കിന് തൊഴിൽരഹിതരായ ചെറുപ്പക്കാർ ഒരു ജോലിക്കായി കാത്തിരിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്. അതിലുപരി, നിരവധി ജീവനക്കാർക്ക് ലഭിക്കേണ്ട പ്രൊമോഷൻ സാധ്യതയുമാണ് ഈ നീക്കത്തിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ സമർത്ഥരായ നിരവധി ഉദ്യോഗസ്ഥന്മാരുണ്ട്. ഇങ്ങനെ അവർക്കൊക്കെ സർവ്വീസ് കാലാവധി നീട്ടി നൽകാൻ തുടങ്ങിയാൽ തൊഴിൽ രഹിതരായവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് കെമാൽപാഷ ചോദിച്ചു.
സർക്കാരിനായാലും ഹൈക്കോടതിയിലായാലും വ്യക്തികൾക്ക് വിരമിക്കാൻ ഒരു പ്രായം നിജപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വിരമിക്കുന്ന ഒഴിവുകളാണ് പിഎസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതും സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരും യോഗ്യതയുമുള്ളവർക്ക് ജോലികൾ ലഭിക്കുന്നത്. റിട്ടയർ ചെയ്യുന്ന വ്യക്തി എത്ര കേമനാണെങ്കിലും അയാളുടെ സർവ്വീസ് കാലാവധി നീട്ടികൊടുക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. ഹൈക്കോടതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ മന്ത്രിമാർ തങ്ങളുടെ കീഴിലുള്ള മിടുക്കരായ ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ രണ്ട് വർഷം കൂടി അവരുടെ സർവ്വീസ് കാലാവധി നീട്ടികൊടുക്കണമെന്നാവശ്യപ്പെട്ടാൽ തൊഴിൽരഹിതരായ യുവജനങ്ങളുടെ ഗതിയെന്താവുമെന്ന് കെമാൽ പാഷ പറയുന്നു.
സംസ്ഥാനത്ത് 11000 പേരാണ് ഈ മാസം വിരമിച്ചത്. ലാസ്റ്റ് ഗ്രേഡ്, എൽ.ഡി.സി തുടങ്ങിയ പല പ്രധാന റാങ്ക് ലിസ്റ്റുകളും നിലവിൽ ഇല്ല. അതുകൊണ്ട് തന്നെ സർക്കാരിന് വേണ്ടപ്പെട്ടവരെ റാങ്ക് ലിസ്റ്റ് വരുന്നതു വരെ വിരമിച്ചതിനെ തുടർന്ന് വന്ന ഒഴിവുകളിൽ പിൻവാതിൽ വഴി നിയമിക്കാൻ സാധിക്കും. സർക്കാർ ലക്ഷ്യമിടുന്നത് പിൻവാതിൽ നിയമനങ്ങൾക്കാണ് എന്ന ആക്ഷേപം ഉയരുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്ത് ആയിര കണക്കിന് പിൻവാതിൽ നിയമനങ്ങളാണ് നടന്നത്. ഇതിനെതിരെ സംസ്ഥാനത്തെ പ്രമുഖ യുവജന സംഘടനകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കോടതി പിൻവാതിൽ വഴി കയറിയവരുടെ സ്ഥിരപ്പെടുത്തൽ തടഞ്ഞത്. 2018 ൽ വിരമിച്ച ഡോ.കെ.എം എബ്രഹാം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങി ഇപ്പോഴും സർക്കാരിനെ സേവിക്കുകയാണ്. ഒരു വശത്ത് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ പല വിധ മാർഗങ്ങൾ തേടുമ്പോഴാണ് മറുവശത്ത് വിരമിച്ചവർക്ക് വീണ്ടും സർവിസ് നീട്ടി കൊടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ