- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്യമായി മദ്യം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണം; മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല; അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം; ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണം അല്ലെങ്കിൽ പൂർണമായി അടച്ചിടണം: ബെവ്കോയോട് ഹൈക്കോടതി
കൊച്ചി: ബെവ്കോക്കെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ബെവ്കോക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ പൂർണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ബെവ്കോയിലെ ആൾക്കൂട്ടം നിയന്ത്രിക്കുകയോ അല്ലാത്തപക്ഷം അടച്ചിടുകയോ ചെയ്യണമെന്നും കോടതി പറഞ്ഞു. മദ്യാശാലകളിലെത്തുന്നവർക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാവില്ല. ഇതല്ലാതെ മറ്റ് വഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകൾക്ക് അനുമതി നൽകിയത് എക്സൈസ് കമ്മീഷണറാണെന്നും ബെവ്കോ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങളിൽ മദ്യക്കടകൾക്ക് ഇളവില്ലെന്നും ഉത്തരവ് കർശനമായി നടപ്പാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മദ്യം വാങ്ങാൻ ഒരു ഡോസ് വാക്സിനെടുക്കുകയോ, ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ നോട്ടീസ് പതിക്കുമെന്ന് ബെവ്കോ അറിയിച്ചു. കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ബെവ്കോ പുതിയ മാർഗനിർദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ഇനി മുതൽ മദ്യം വാങ്ങാനാകൂ. ഇന്ന് മുതൽ ഈ നിബന്ധന നടപ്പിലാക്കി വരികയാണ്. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് വർധിക്കുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളിൽ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
എല്ലാ ഔട്ട് ലെറ്റുകൾക്കും മുന്നിലും പുതിയ മാർഗനിർദേശങ്ങൾ സംബന്ധിച്ച് നോട്ടീസ് പതിക്കാനും ബിവറേജ് കോർപറേഷൻ നിർദ്ദേശം നൽകി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്യശാലകൾക്കു മുന്നിൽ കൂടുതൽ പൊലീസ് സാന്നിധ്യവും ഉണ്ടാകും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ, രണ്ടാഴ്ചക്ക് മുൻപ് ഒരു ഡോസെങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് വന്നുപോയതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർ- എന്നിങ്ങനെയാണ് ബെവ്കോ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു പാലിക്കുന്നവർക്ക് മാത്രമായിരിക്കും മദ്യം വാങ്ങാൻ കഴിയുക.
മറുനാടന് മലയാളി ബ്യൂറോ