- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരുളി സിനിമ കണ്ട് റിപ്പോർട്ട് തരണമെന്ന് ഡിജിപിയോട് ഹൈക്കോടതി; നടപടി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ
കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർത്തു. സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ഹൈക്കോടതി നിർദേശിച്ചു. ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി നേരത്തെ ഭാഷാപ്രയോഗത്തെ വിമർശിച്ചിരുന്നു. ജസ്റ്റിസ് എൻ. നാഗേഷ് ആണ് ഹർജി പരിഗണിക്കുന്നത്. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം. ഹർജിയിൽ നേരത്തെ തന്നെ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ പ്രദർശിപ്പിക്കുന്നതെന്നും ഒടിടി റിലീസിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്നും നേരത്തെ സെൻസർബോർഡ് കോടതിയെ അറിയിച്ചിരുന്നു.
ഒടിടി റിലീസ് ചെയ്തത് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ചർച്ചാ വിഷയമാണ്. തെറി സംഭാഷണങ്ങളുടെ പേരിൽ സിനിമയെ വിമർശിക്കുന്നവരും കഥാപരിസരം ആവശ്യപ്പെടുന്ന സംഭാഷണമെന്ന് പറഞ്ഞ് പിന്തുണക്കുന്നവരും തമ്മിൽ സമൂഹമാധ്യമങ്ങളിലെ പോര് തുടരുകയാണ്. സിനിമക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാറിനും സെൻസർ ബോർഡിനും നിരവധി പേർ പരാതി അയച്ചിരുന്നു.
എന്നാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത് എന്നാണ് സെൻസർ ബോർഡ് വൃത്തങ്ങൾ പറയുന്നത്. പക്ഷേ ഒടിടിയിൽ കാണിക്കുന്ന പതിപ്പ് സെൻസർ ചെയ്യാത്തതാണ്. ഒടിടിയിലെ പ്രദർശനത്തിൽ ബോർഡിന് ഇടപെടാൻ പരിമിതിയുണ്ട്. ഒടിടിയിൽ സെൻസർ ബാധകമല്ല. അതേ സമയം ഒടിടിയിലെ സിനിമക്കെതിരെ പരാതി ലഭിച്ചാൽ കേന്ദ്ര സർക്കാറിന് വേണമെങ്കിൽ ഇടപെടാം.
മറുനാടന് മലയാളി ബ്യൂറോ