കൊച്ചി: മോഹൻലാലിന്റെ വാഹനം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ പ്രവേശിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി.നടൻ മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാൻ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്‌മിനിസ്‌ട്രേറ്റർ വിശദീകരണം തേടിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിമർശനം.കഴിഞ്ഞ വർഷം സെപ്റ്റംബർ ഒമ്പതിന് ക്ഷേത്രദർശനത്തിന് എത്തിയപ്പോഴായിരുന്നു വിവാദത്തിന് ആസ്പദമായി സംഭവം.

നടന്റെ കാർ എത്തിയപ്പോൾ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാർക്കാണ് അഡ്‌മിനിസ്‌ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് താത്ക്കാലികമായി മാറ്റി നിർത്താനും നിർദ്ദേശം നൽകിയതായി സൂചനയുണ്ട് .എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്‌മിനിസ്‌ട്രേറ്റർ നൽകിയ നോട്ടീസിലെ ആവശ്യം.

രണ്ടു മെമ്പർമാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങൾ താരത്തിനൊപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങൾ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്. സ്വാധീനമുള്ളവർക്ക് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ മുൻ അഡ്‌മിനിസ്ട്രേറ്ററും രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രിൽ 14 വിഷുവിന് വിഷുക്കണി കാണാൻ നാലമ്പലത്തിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്ട്രേറ്ററുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്.

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും മാനേജിങ് കമ്മിറ്റി അംഗമോ അഡ്‌മിനിസ്‌ട്രേറ്ററോ മുൻ ദേവസ്വം ഉദ്യോഗസ്ഥരോ ഏതെങ്കിലും ആരാധകനോ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി മാനേജിങ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.