- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമ കൊച്ചിയിൽ എത്തിയെന്നറിഞ്ഞ് ആദില നടത്തിയത് ചടുല നീക്കം; നൂറക്കായി രാവിലെ ഹൈക്കോടതിയിൽ ഹർജി; പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കി പൊലീസും; ജഡ്ജിയുടെ ചേംബറിൽ ഇഷ്ടം തുറന്നു പറഞ്ഞ് നൂറ; പ്രണയിനികളെ ഒരുമിച്ചു ജീവിക്കാൻ വിട്ട് കോടതിയും; സൗദിയിൽ തുടങ്ങിയ സ്വവർഗാനുരാഗം കോടതിയിൽ പൂവണിയുമ്പോൾ
കൊച്ചി: തന്റെ പ്രണയത്തിനായി ആദില നസ്‌റിൻ എന്ന പെൺകുട്ടി നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയിൽ ഇന്ന് വിജയം കൊണ്ടത്. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച പെൺകുട്ടികൾ ബന്ധുക്കൾക്കും നാട്ടുകാർക്കും മുമ്പിൽ വലിയ തെറ്റുകാരായെങ്കിലും നീതിയുടെ കണ്ണിൽ അവർ തെറ്റുകാരായില്ല. സ്വതന്ത്രരായ രണ്ട് വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിന് തടസമില്ലാത്ത നാട്ടിൽ ഫാത്തിമയും ആദിലയും ഒരുമിച്ചു തന്നെ ജീവിക്കും. ഹൈക്കോടതിയിൽ നിന്നും അവർ തങ്ങളുടെ സ്വാതന്ത്ര്യം നേടിയെടുത്തു കഴിഞ്ഞു.
സൗദി അറേബ്യയിലെ പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഈ പെൺകുട്ടികൾ ഇരുവരും തുടർന്നു പോന്നത്. വീട്ടുകാരുടെ കൈകടത്തൽ മൂലം വേർപരിഞ്ഞു ജീവിക്കാൻ അവർ ഒരുക്കമായിരുന്നില്ല. ഫാത്തിമയെ വീട്ടുകാർ ബലംപ്രയോഗിച്ചു കൊണ്ടുപോയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി തുറന്നു പറഞ്ഞു പ്രണയിനിയെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടങ്ങിയത് ആലുവ സ്വദേശിനി ആദില നസ്റിനാണ്. ആലുവ ബിനാനിപുരം പൊലീസ് സ്‌റ്റേഷിന് പരാതി നൽകിയ ആദില ചടുവമായ നീക്കങ്ങളാണ് നടത്തിയത്.
മാധ്യമങ്ങൾക്ക് മുന്നിൽ പെൺകുട്ടി പരസ്യമായി രംഗത്തുവന്നതോടെ പൊലീസും വേഗത്തിൽ ഇടപെട്ടു. താമരശ്ശേരിയിലെ വീട്ടിൽ നിന്നും ഫാത്തിമ നൂറയെ ഇന്ന് രാവിലെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിരുന്നു. ഇതറിഞ്ഞതോടെ നിയമനടപടികൾ വേഗത്തിലാക്കുകയാണ് ആദില ചെയ്തത്. നൂറ കൊച്ചിയിൽ എത്തിയത് അറിഞ്ഞ് ഹൈക്കോടതിയൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. ഇതോടെ പെൺകുട്ടിയെ ഒരു മണിക്കൂറിനകം കോടതിയിൽ എത്തിക്കാൻ കോടതി നിർദ്ദേശിച്ചു.
ഇതനുസരിച്ച് പാക്ക് ചെയ്ത ബാഗുമായാണ് ഫാത്തിമ ഹൈക്കോടതിയിൽ എത്തിയത്. ഫാത്തിമക്കൊപ്പം വീട്ടുകാർ ഉണ്ടായിരുന്നില്ല. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ചേംബറിലാണ് പെൺകുട്ടികൾ ഹാജരായത്. തുറന്ന് ഫാത്തിമയുടെ മനസ്സറിയുകയാണ് ജഡ്ജി ആദ്യം ചെയ്തത്. തനിക്ക് ആദിലക്കൊപ്പം പോയാൽ മതിയെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതോടെ കോടതി അതിന് അനുവദിക്കുകയും ചെയത്ു.
ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്റിനൊപ്പം പോകാൻ കോടതി അനുവദിച്ചു. പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി. തുറന്ന കോടതിയിൽ കേസ് പരിഗണിക്കണോ എന്ന ജഡ്ജി ചോദിച്ചപ്പോൾ വേണ്ടെന്ന് പെൺകുട്ടികൾ മറുപടി നൽകി. തുടർന്നാണ ചേംബറിൽ വെച്ച് കേസ് തീർപ്പാക്കിയത്.
തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാർ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുകയായിരുന്നു.
രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി, പെൺകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിനു നിർദ്ദേശം നൽകി. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിൽ വിളിച്ചു വരുത്തി. ചേംബറിൽവച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‌റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സ്വവർഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.
സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്‌റിൻ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്. സ്വവർഗാനുരാഗം വീട്ടിലറിഞ്ഞതു മുതൽ എതിർപ്പായി. കേരളത്തിൽ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടർന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഒടുവിൽ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.
ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കൾ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകർത്താക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, താമരശേരിയിൽനിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവർക്കൊപ്പം നിന്നതായി ആദില പറഞ്ഞു. കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.