- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് ഹൈക്കോടതി; ഗുരുതരമായ രോഗമെന്ന് കോടതിയിൽ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ പ്രസംഗിക്കുന്നത് കണ്ടു; ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: മുന്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കേണ്ട കാര്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുതരമായ രോഗമെന്ന് കോടതിയിൽ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ പ്രസംഗിക്കുന്നത് കണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാർട്ടി വേദികളിലെത്തിയെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തു എന്നും സർക്കാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കാൻ ആരോഗ്യവാനാണെന്ന പ്രസ്താവന ഇബ്രാഹിംകുഞ്ഞ് നടത്തിയിരുന്നതായും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ല വിട്ടുപോകുന്നതിൽ ഇളവ് വേണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, മൾട്ടിപ്പിൾ മൈലോമ എന്ന കാൻസറിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നുമാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിരുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കിയിരുന്നു.
ഹർജി ഹൈക്കോടതി തള്ളുമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന്, ഇബ്രാഹിംകുഞ്ഞ് ഹർജി പിൻവലിച്ചു. നേരത്തെ പള്ളിയിൽ പോകുന്നതിനായി ഇബ്രാഹിംകുഞ്ഞിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജില്ല വിട്ടുപോകുന്നതിൽ ഇളവ് അനുവദിച്ചിരുന്നു. ഇതേത്തുടർന്ന് മലപ്പുറത്തെത്തിയ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങളെ വീട്ടിലെത്തി കണ്ടത് വിവാദമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ