കൊച്ചി: എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രണ്ടും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘടനകളാണെന്നായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന പരാമർശം. പാലക്കാട് സഞ്ജിത്ത് വധക്കേസ് സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച ശേം ഉത്തരവ് പുറപ്പെടുവിക്കേവയാണ് കോടതിയുടെ ഗൗരവമുള്ള പരാമർശം.

സിബിഐക്ക് കേസ് കൈമാറാൻ ജസ്റ്റിസ് കെ.ഹരിപാൽ തയ്യാറായില്ലെങ്കിലും എസ്.ഡി.പി.ഐയേയും പോപ്പുലർ ഫ്രണ്ടിനേയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഗുരുതരമായ പരാമർശങ്ങളാണ് കോടതി ഉത്തരവിലുള്ളത്. ഉത്തരവിന്റെ 27-ാം ഖണ്ഡികയിലാണ് ഇരു സംഘടനകൾക്കുമെതിരായ പരാമർശമുള്ളത്.

എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവിൽ ഹൈക്കോടതി എടുത്തു പറയുന്നു.

സഞ്ജിത്തിന്റെ ഭാര്യ അർഷിക സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് കെ ഹരിപാൽ ആണ് ഇരു സംഘടനകളെക്കുറിച്ചും നിരീക്ഷണം നടത്തിയത്. എലപ്പുള്ളിയിലെ ആർഎസ്എസ് തേനാരി മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്നു സഞ്ജിത്ത് എന്നും തീവ്രസംഘടനകളായ പിഎഫ്‌ഐയും എസ്ഡിപിഐയും തന്റെ ഭർത്താവിനെ നോട്ടമിട്ടിരുന്നെന്നും അർഷിത ഹർജിയിൽ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകൾക്ക് എതിരായിരുന്ന സഞ്ജിത്ത് സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ശ്രമിച്ച ആളാണ്.

മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് എസ്ഡിപിഐയും പിഎഫ്ഐയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതെന്നും അർഷിത ചൂണ്ടിക്കാട്ടി. എസ്ഡിപിഐയും പിഎഫ്ഐയും വലിയ ഗൂഢാലോചകൾ നടത്തിയാണ് സഞ്ജിത്തിനെ കൊന്നത്. എന്നാൽ അന്വേഷണ ഏജൻസി ശരിയായ രീതിയലല്ല കേസ് അന്വേഷിച്ചതെന്നും അർഷിത പറഞ്ഞു.

പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എസ്ഡിപിഐ പ്രവർത്തകനെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് സഞ്ജിത്തിനെ കൊന്നത്. പ്രതികൾ നടത്തിയ ഗൂഢാലോചന പുറത്തു വന്നെന്നും കൊലപാതകികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞതായാണ് റിപ്പോർട്ട്. കേസിലെ മുഖ്യ പ്രതികളെ പിടികൂടിയതായി കോടതി അറിയിച്ചു. നിശ്ചിത കാലയളവിനുള്ളിൽ അന്തിമ റിപ്പോർട്ട് ഹാജരാക്കിയതിനാൽ പ്രതികൾക്ക് ജാമ്യവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് പ്രത്യേക താൽപര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.

സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ ഏഴു ദിവസങ്ങൾക്കു മുൻപാണ് അറസ്റ്റിലായത്. ആലത്തൂർ സർക്കാർ എൽ പി സ്‌കൂൾ അദ്ധ്യാപകനും പോപ്പുലർ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. അഞ്ചു മാസമായി ഒളിവിലായിരുന്നു.തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം വെച്ച്, നവംബർ 15നു രാവിലെ ഒൻപതിനു കിനാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 പേർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു വാഹനം തടഞ്ഞു നിർത്തി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതും ബാവയുടെ നേതൃത്വത്തിലാണെന്ന് പൊലീസ് പറയുന്നു.