കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സഹയാത്രികരോട് അസഭ്യം പറഞ്ഞെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിനി ഹരിദാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കാൻ ആലുവ മജിസ്‌ട്രേട്ട് കോടതിക്ക് ബി കമാൽപാഷ നിർദ്ദേശം നൽകി.

രഞ്ജിനി മോശമായി പെരുമാറിയെന്നാരോപിച്ച് കോട്ടയം ചെങ്ങളം സ്വദേശിനി കൊച്ചുറാണി ജോർജ് നൽകിയ പരാതിയിൽ നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസും തന്നെ തടഞ്ഞവർക്കെതിരെ രഞ്ജിനി നൽകിയ കേസും കോടതിയുടെ പരിഗണനയിലുണ്ട്. വിദേശത്തുള്ള സാക്ഷികളെ ഒഴിവാക്കി രണ്ടു കേസുകളിലും നാല് മാസത്തിനകം തീർപ്പുണ്ടാക്കണം. 2013 മെയ് 16ന് വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ ക്യൂ തെറ്റിച്ചത് ചോദ്യംചെയ്ത കോട്ടയം ചെങ്ങളം സ്വദേശി കൊച്ചുറാണിയെയും ഭർത്താവിനെയും അസഭ്യം പറഞ്ഞുവെന്നാണ് കേസ്.

തനിക്കെതിരായ കേസ് വ്യാജമാണെന്ന് രഞ്ജിനിയുടെ ഹർജിയിൽ പറയുന്നു. അതേസമയം സാക്ഷികളുടെയും സി.സി കാമറ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് കുറ്റകൃത്യം നടന്നതായി വ്യക്തമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജിബു പി തോമസ് കോടതിയിൽ ബോധിപ്പിച്ചു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്യൂ തെറ്റിച്ച രഞ്ജിനി ഹരിദാസിനെ ചോദ്യം ചെയ്ത കോട്ടയംകാരനായ പ്രവാസി മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ക്യൂ തെറ്റിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തന്നെ കയ്യേററം ചെയ്യാൻ ശ്രമിച്ചെന്ന രഞ്ജിനി ഹരിദാസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. അമേരിക്കയിൽ നിന്നും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്ന കോട്ടയം പൊൻകുന്നം സ്വദേശി ബിനോയിയെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്?റ്റഷനിൽ നിന്നു തന്നെ ജാമ്യമനുവദിക്കുകയും ചെയ്തു. എമിറേറ്റ്‌സ് വിമാനത്തിലാണ് രഞ്ജിനി ഹരിദാസ് നെടുമ്പാശേരി വിമാനതാവളത്തിൽ വന്നിറങ്ങിയത്. ഇതേ വിമാനത്തിൽ തന്നെയാണ് ബിനോയിയും കുടുംബവും എത്തിയത്. എമിഗ്രേഷൻപരിശോധന കഴിഞ്ഞ് കസ്റ്റംസ് പരിശോധനയ്ക്കായുള്ള ക്യൂവിൽ ബിനോയ് നിൽക്കുന്നതിനിടെ ഇദ്ദേഹത്തെ മറികടന്ന് രഞ്ജിനി ഹരിദാസ് ക്യൂവിന്റെ മുൻ നിരയിലേക്ക് കയറി നിന്നതിനെ ബിനോയ് ചോദ്യം ചെയ്തു.

ഇതിൽ കുപിതയായ രഞ്ജിനി തന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി ക്യൂവിന്റെ മുൻ നിരയിലേക്ക് കൊണ്ടുവന്നു. ഇതേ ചൊല്ലിയാണ് വാക്കുതർക്കം മുറുകിയത്. തുടർന്നാണ് കയ്യേറ്റ ശ്രമമുണ്ടായതെന്നാണ് ആക്ഷേപം. ഉടൻ തന്നെ രഞ്ജിനി മൊബൈൽ ഫോണിലൂടെ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് നെടുമ്പാശേരി പൊലീസ് വിമാനതാവളത്തിനകത്തെത്തിയാണ് രഞ്‌നിയിൽ നിന്നും പരാതി സ്വീകരിച്ച ശേഷം ബിനോയിയെ അറസ്റ്റ് ചെയ്തത്. നൂറ് കണക്കിന് യാത്രക്കാരെ അവഹേളിച്ച് ക്യൂവിന്റെ മുൻനിരയിലേക്ക് രഞ്ജിനി വന്നതിനെ ചോദ്യം ചെയ്തപ്പോൾ തന്നെ കയ്യേറ്റം ചെയ്യാനാണ് രജ്ഞിനി ശ്രമിച്ചതെന്ന് ബിനോയി പൊലീസിന് മൊഴി നൽകി.

തുടർന്ന് സത്യാവസ്ഥ മനസിലാക്കുന്നതിനുവേണ്ടി പൊലീസ് വിമാനതാവളത്തിനകത്തെ ക്യാമറ പരിശോധിച്ചു. അപ്പോഴാണ് സത്യം മനസ്സിലായത്. രഞ്ജിനിക്ക് എതിരേയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ ക്യാമറയിലെ ദൃശ്യങ്ങളും ഇവരുടെ സംസാരവും റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇതു തന്നെയാണ് സംഭവത്തിലെ പ്രധാന തെളിവും.