കൊച്ചി: സംസ്ഥാനത്തെ മാളുകളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്‌സുകൾക്ക് അഗ്നിസുരക്ഷാ അനുമതിയില്ലെന്ന് വിവരം നേരത്തെ തന്നെ പുറത്തു വന്നിട്ടും ഭരണക്കാരിലുള്ള പിടിയിൽ യഥേഷ്ടം മുന്നോട്ടു പോകുകയായിരുന്നു ചിലർ. കൊച്ചിയിലെ ഒബ്‌റോൺ മാളിൽ അഗ്നിബാധ ഉണ്ടായ വേളയിൽ തീയറ്ററുകളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കൂടുതൽ ശക്തമായിരുന്നു താനും. കൊച്ചി നഗരത്തിൽ തന്നെ പ്രവർത്തിക്കുന്ന സെന്റർ സ്‌ക്വയർ മാളിലെ മൾട്ടിപ്ലക്‌സുകൾക്ക് അഗ്നിസുരക്ഷാ അനുമതിയില്ലെന്ന വിവരമായിരുന്നു ഇത്. അധികാരികൾ അനുമതി നൽകിയില്ലെങ്കിലും ഇവർ യഥേഷ്ടം പ്രവർത്തനം തുടരുകയായിരുന്നു. ജില്ലാ കലക്ടർ അനുമതി നിഷേധിച്ചും പ്രവർത്തനം തുടർന്ന തീയറ്ററുകൾക്ക് ഒടുവിൽ പിടി വീണു.

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പൂട്ടാൻ നിർദ്ദേശിച്ചിരിക്കയാണ് തീയറ്ററുകൾ. രാജ്യസഭാ എംപി പി.വി അബ്ദുൾ വഹാബിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയമാണ് ഇത്. അഗ്നിസുരക്ഷാ അനുമതിയില്ലാത്തിനാൽ തീയേറ്ററുകളുടെ പ്രവർത്തനം ജില്ലാ കളക്ടർ നേരത്തേ തടഞ്ഞിരുന്നു. കളക്ടറുടെ നോട്ടീസിനെതിരെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയാണ് കോടതി തള്ളിയത്.

കൊച്ചി എംജി റോഡിൽ പ്രവർത്തിക്കുന്ന സെന്റർ സ്‌ക്വയർ മാളിലെ ഏറ്റവും മുകളിലെ നിലയിലാണ് സിനിമാ തീയറ്ററുകൾ പ്രവർത്തിക്കുന്നത്. ഈ തീയറ്ററുകൾക്ക് ഫയർആൻഡ് സേഫ്റ്റി വിഭാഗം തുടക്കത്തിൽ തന്നെ അനുമതി നിഷേധിച്ചത്. അപകടങ്ങളുണ്ടായാൽ മനുഷ്യ ജീവൻ രക്ഷിക്കാൻ യാതൊരുവിധ വഴികളുമില്ലാത്തതാണ് അനുമതി നിഷേധിക്കാൻ കാരണം.

ആറ്, ഏഴ് നിലകളിലായി പ്രവർത്തിക്കുന്ന മൾട്ടിപ്ലസിന്റെ ഫയർ ആൻഡ് സേഫ്റ്റി അനുമതി സംബന്ധിച്ച രേഖകൾ ഫയലിൽ ലഭ്യമല്ലെന്നാണ് കൊച്ചി കോർപ്പറേഷൻ നൽകിയ വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നത്. എന്നാൽ എന്തുകൊണ്ട് അനുമതി നൽകിയെന്ന കാര്യത്തിൽ കൊച്ചി കോർപ്പറേഷൻ കൈമലർത്തിയിരുന്നു. ജനുവരിയിൽ ലഭ്യമായ വിവരാവകാശ രേഖകളിലാണ് അധികൃതരുടെ അനാസ്ഥ വ്യക്തമാകുന്നത്. സെന്റർ സ്വകയർമാളിലെ മൾട്ടിപ്ലക്സിൽ ദിവസവും ആയിരത്തിലധികം പേരാണ് എത്തുന്നത്. ഇവിടെയുണ്ടാകുന്ന ചെറിയൊരു തീപ്പൊരി വീണാൽ പോലും വലിയ അപകടത്തിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഫയർ ഫോഴ്സിന്റെ അനുമതിയില്ലാതിരുന്നിട്ടും മൾട്ടിപ്ലസുകൾ പ്രവർത്തിക്കാൻ കൊച്ചി കോർപ്പറേഷൻ അനുമതി നൽകുകയായിരുന്നു. ഇതിന് അധികാരികളുടെ ഒത്താശയും ഉണഅടായിരുന്നു. മാളിൽ തീപിടുത്തമുണ്ടായാൽ ആരെയും രക്ഷിക്കാൻ കഴിയില്ലെന്നാണ് ഫയർഫോഴ്സ് നൽകിയ റിപ്പോർട്ടിലും പറഞ്ഞിരുന്നത്. തീയറ്റർ ലൈസൻസ് നേടിയത് വസ്തുതകൾ മറച്ചുവച്ചാണെന്നും ഇവിടുത്തെ തിയറ്ററുകളിലേയ്ക്ക് ഏതു നിമിഷവും ദുരന്തം കടന്നുവരാമെന്നും ഫയർഫോഴ്‌സ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.