കൊച്ചി: മഞ്ജു വാര്യരെയും കാവ്യ മാധവനെയും കൂട്ടുപിടിച്ചായിരുന്നു ഇന്നലെ ഹൈക്കോടതിയിൽ ദിലീപിന്റെ പ്രതിരോധം. ഫോൺ കൊടുക്കാൻ തയ്യാറാല്ലെന്ന നിലപാടിൽ ഉറച്ച താരം ഇന്നലെ അവസാനം കോടതിക്ക് വഴങ്ങേണ്ട അവസ്ഥയിലായിരുന്നു. മഞ്ജുവും കാവ്യയുമായുള്ള സ്വകാര്യ സംഭാഷണം ഉണ്ടെന്ന് പറഞ്ഞാണ് ദിലീപ് ഇന്നലെ തടിയെടുത്തത്. ഇന്ന് ഫോൺ നൽകിയില്ലെങ്കിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിക്കാത്ത അവസ്ഥ ഉണ്ടാകും.

ദിലീപിന്റെയും മറ്റു പ്രതികളുടെയും മൊബൈൽ ഫോണുകൾ ഹൈക്കോടതി രജിസ്റ്റ്രിയുടെ കസ്റ്റഡിയിൽ വയ്ക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി ചോദിച്ചിട്ടു പോലും താരം കൂട്ടാക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഫോൺ കൈമാറിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. തുടർന്ന് ഉപഹർജി വിശദവാദത്തിനായി ഇന്നത്തേക്കു മാറ്റി. ഇന്ന് അവധിദിവസമാണെങ്കിലും ഇതിനായി പ്രത്യേക സിറ്റിങ് നടത്തുമ്പോൾ വിശദമായ വാദം കേട്ടു വിധി പറയാനാണ് സാധ്യത. ഇനിയും കേസ് നീട്ടിക്കൊണ്ടു പോയാൽ ഗൂഢാലോചനാ തെളിവുുകൾ നശിപ്പിക്കാനാണ് സാധ്യതയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർക്കു നൽകാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിക്കുന്നത്.

ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെന്നു ദിലീപ് അറിയിച്ചു. തെളിവുകൾ കെട്ടിച്ചമയ്ക്കുമെന്നു ഭയമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യാജമാണെന്നു തെളിയിക്കുന്ന വിവരങ്ങൾ ഫോണിലുണ്ടെന്നും അറിയിച്ചു. ഫോണുകൾ ആവശ്യപ്പെടുന്നതു സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം പ്രതികൾ ഉപയോഗിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ വേറെയാണെന്നും അതിനു മുൻപുള്ള ഫോണുകൾ ഒളിപ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യൂഷൻ. ഹൈക്കോടതി രജിസ്റ്റ്രിയുടെ സുരക്ഷിതമായ കസ്റ്റഡിയിലായിരിക്കും ഫോണുകളെന്നും കോടതിയുടെ ഉത്തരവില്ലാതെ ഫോണുകൾ ആർക്കും കൈമാറില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

എന്നാൽ ഇത് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനു വിരുദ്ധമായിരിക്കുമെന്നും അപകടരമായ കീഴ്‌വഴക്കമാണെന്നും അഭിഭാഷകൻ വാദിച്ചു. ഞങ്ങൾ നേരിടുന്ന അപകടം കോടതി മനസ്സിലാക്കണമെന്നു ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചപ്പോൾ കോടതിയിൽ നൽകുന്നതിൽ എന്തപകടമാണെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തിരിച്ചുചോദിച്ചു. എന്തുകൊണ്ടു കോടതിക്കു നൽകിക്കൂടായെന്നു കോടതിയും ആരാഞ്ഞു.

ഒളിപ്പിച്ചുവച്ച ഫോണുകൾ പിടിച്ചെടുക്കാൻ ക്രിമിനൽ നടപടി ചട്ട പ്രകാരം അന്വേഷണ ഏജൻസിക്ക് മതിയായ അധികാരമുണ്ടെന്നും മര്യാദയുടെ പേരിലും അമ്പരപ്പ് ഒഴിവാക്കാനുമാണു ഉപഹർജി നൽകിയതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. ഞങ്ങളുടെ പക്കൽ ഡിജിറ്റൽ തെളിവുകൾ ഉണ്ട്, അത് ഞങ്ങൾ സ്വകാര്യ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കും, എന്നിട്ട് അന്വേഷണ ഉദ്യോഗസ്ഥർ കൈമാറും എന്ന് ഏതെങ്കിലും കേസിൽ പ്രതികൾ പറഞ്ഞതായി കേട്ടിട്ടുണ്ടോയെന്നും പ്രോസിക്യൂഷൻ ചോദിച്ചു.

ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ വസ്തുതകളില്ലെങ്കിലും ആരോപണം ഗുരുതരമാണ്. വിശദമായി അന്വേഷണം നടത്തണമെന്നാണ് ഉത്തരവിട്ടത്. അന്വേഷണം നടത്താനാവില്ലെന്നു പ്രതികൾക്കു പറയാനാവില്ല. ആരോപണങ്ങളിൽ സത്യമുണ്ടോയെന്ന അന്വേഷണഏജൻസിയുടെ ശ്രമമാണ് കോടതി പരിഗണിക്കുന്നത്. അതിന്റെ ഭാഗമായാണ് ഫോണുകൾ ആവശ്യപ്പെടുന്നത്.

പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി തകർത്ത് കത്തിച്ചു കളഞ്ഞു

അതേസമയം മൊബൈൽ ഫോണുകൾ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങൾ കള്ളത്തരമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകൾ നശിപ്പിച്ച കളഞ്ഞതിന് താൻ ദൃക്സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയോടാണ് പ്രതികരിച്ച്.

''ദിലീപ് പറയുന്ന മുൻ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങൾ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോൺ ജയിലിൽ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് ഞാൻ ദൃക്സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മിൽ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോൺ കൊണ്ടുവന്നാൽ കൂടുതൽ കാര്യങ്ങൾ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ എല്ലാം പൊളിയും. ഞാൻ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്.'-ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ദിലീപിനെ വെല്ലുവിളിച്ചാണ് ഞാനിക്കാര്യം പറയുന്നു. ഫോൺ ഡാറ്റ റിട്രീവ് ചെയ്തു കൊണ്ടുവരുമ്പോൾ എന്റെ ഫോണിൽ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ, അത് കളയാൻ പറ്റില്ല. ഞാൻ മോളുടെ ആഭരണമുണ്ട്, അത് വിൽക്കുകയോ പണയം വെച്ചോ, എന്ന തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലൈ മാസം അയച്ചിട്ടുണ്ട്. ഇതുകൊണ്ടുവരണം.''

''2018 ആഗസ്റ്റിൽ മറ്റൊരു സംഭവം. അന്നേ ദിവസം ഞാൻ തിരികെ പോകുമ്പോ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഒരു വ്യക്തിയെ കണ്ടു, അയാളെക്കുറിച്ച് ഞാൻ നാളെ പറയും അത് തെറ്റോ ശരിയോ എന്ന് അദ്ദേഹം പറയട്ടെയെന്നു ബാലചന്ദ്രകുമാർ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഇന്നലെ ഉപഹർജി നൽകിയത്. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നീ പ്രതികളുടെ ഫോണുകൾ വിട്ടുകിട്ടാനാണു പ്രോസിക്യൂഷൻ ഉപഹർജി നൽകിയത്.