- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയർ സെക്കൻഡറി പ്രവേശനം: ന്യൂനപക്ഷേതര സ്കൂളുകളുടെ 10 ശതമാനം സമുദായ ക്വാട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ന്യൂനപക്ഷങ്ങൾ അല്ലാത്ത മാനേജ്മെന്റുകളുടെ സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി കോടതി; 20 ശതമാനം മാനേജ്മെന്റ് ക്വോട്ട ചോദ്യംചെയ്യുന്ന ഹരജികൾ തള്ളി നിർണായക വിധി
കൊച്ചി: ന്യൂനപക്ഷേതര മാനേജ്മെന്റുകൾക്ക് കീഴിലെ സ്‌കൂളുകളിൽ സമുദായ ക്വാട്ടയിൽ പ്രവേശനം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകൾക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹയർ സെക്കന്ററി പ്രവേശനത്തിന് 20 ശതമാനം മാനേജ്മെന്റ് കോട്ട അനുവദിച്ചതിന് പിന്നാലെ പിന്നോക്ക സമുദായ മാനേജ്മെന്റ് സ്‌ക്കൂളുകൾക്ക് 20ശതമാനം സീറ്റിലും അല്ലാത്തവർക്ക് 10 ശതമാനം സീറ്റിലും ബന്ധപ്പെട്ട സമുദായക്കാരായ വിദ്യാർത്ഥികൾക്ക് മെറ്റിറ്റ് സീറ്റുകളിലും സംവരണം അനുവദിക്കാനായിരുന്നു സർക്കാറിന്റെ ഉത്തരവ്.
ഈ പത്തുശതമാനം സീറ്റിൽ കേന്ദ്രീകൃത അലോട്ടുമെന്റിലൂടെ പ്രവേശനം നൽകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അതേസമയം, സർക്കാർ നിശ്ചയിച്ച വ്യവസ്ഥ അംഗീകരിച്ച് ആർക്കെങ്കിലും പ്രവേശനം നൽകിയിട്ടുണ്ടെങ്കിൽ അതിനെ ഉത്തരവ് ബാധിക്കില്ല. സമുദായക്വാട്ടയിൽ അനുവദിക്കുന്ന 10 ശതമാനം സീറ്റിൽ അതത് സമുദായത്തിലെ കുട്ടികളെ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്ന വ്യവസ്ഥ ചോദ്യംചെയ്ത് 75-ഓളം സ്‌കൂൾ മാനേജുമെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
വ്യക്തികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, ഏജൻസികൾ തുടങ്ങി സാമുദായികാടിസ്ഥാനത്തിലല്ലാതെ പ്രവർത്തിക്കുന്ന മാനേജ്‌മെന്റുകളായിരുന്നു ഹർജിക്കാർ. തങ്ങളുടെ പത്ത് ശതമാനം സീറ്റുകൾ നഷ്ടപ്പെടുന്നെന്നും 30 ശതമാനം സീറ്റുകളിൽ മാനേജുമെന്റ് ക്വാട്ടയിൽ പ്രവേശനം നടത്താൻ ഇതുവരെ കഴിഞ്ഞിരുന്നെന്നുമായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്.