- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസലർമാർ; ചാൻസലർ പദവിക്ക് മുകളിൽ മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി; വിസിറ്റർ നിർദ്ദേശിക്കുന്ന ആൾ വി സി നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റിയിലെ ചാൻസലർ പ്രതിനിധി; ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് കടിഞ്ഞാണിടാൻ; ഇനി എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി
തിരുവനന്തപുരം: സർവകലാശാലകളിലെ നിയമനവും ഭരണവും അടക്കമുള്ള കാര്യങ്ങളിൽ എൽഡിഎഫ് സർക്കാരും ഗവർണറും തമ്മിൽ ഏറെ നാളായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം നിയന്ത്രിക്കാനാണ് സർക്കാർ നീക്കം. ഇതിന് സഹായകമാകുന്ന രീതിയിലാണ് പ്രൊഫ.ശ്യാം.ബി.മേനോൻ ചെയർമാനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ.
സർവകലാശാലകളിലെ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്നും മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നുമാണ് ശുപാർശ. ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസലർമാരെ നിയമിക്കണം. ചാൻസലർ പദവിക്ക് മുകളിൽ മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി നൽകണം.
ചാൻസലറെ തെരഞ്ഞെടുക്കേണ്ടത് സെനറ്റ് ആയിരിക്കണം. വൈസ് ചാൻസലറുടെ കാലാവധി അഞ്ചു വർഷം വരെയാക്കണം. 70 വയസുവരെ രണ്ടാം ടേമിനു പരിഗണിക്കാമെന്നും കമ്മീഷൻ ശുപാർശയിലുണ്ട്. കമ്മീഷൻ ശുപാശ അംബേദ്കർ സർവകലാശാല മുൻ വൈസ് ചാൻസലർ ആയ ചെയർമാൻ പ്രൊഫ. ശ്യാം ബി മേനോൻ സർക്കാരിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു റിപ്പോർട്ട് ഏറ്റുവാങ്ങി.
എല്ലാ സർവകലാശാലകളുടെയും വിസിറ്റർ പദവിയിൽ മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന് ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ. വിസിറ്റർ നിർദ്ദേശിക്കുന്നയാളാവണം വി സി. നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റിയിലെ ചാൻസലർ പ്രതിനിധി. ഗവർണറുടെ അധികാരം കൂടുതൽ പരിമിതപ്പെടുത്താനാണ് ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണന്ന ശുപാർശ. സർവകലാശാലകളുടെ ഭരണത്തിൽ വിസിറ്ററെന്ന നിലയിൽ മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം വ്യവസ്ഥചെയ്തിട്ടുണ്ട്. ഇതോടെ ഗവർണറുടെ അധികാരം കുറയുകയുംചെയ്യും.
ഇനി ബോർഡ് ഓഫ് റീജന്റ്സ്
സെനറ്റിനെ ചെറുതും കാര്യക്ഷമവുമായിബോർഡ് ഓഫ് റീജന്റ്സായി മാറ്റണം. ഇത് സർക്കാർ, വിദ്യാഭ്യാസ- സാംസ്കാരിക- പൗര- വ്യവസായ മേഖലകളിൽനിന്നുള്ള വിദഗ്ദ്ധർ അടങ്ങുന്നതായിരിക്കണം. ഇതിൽനിന്ന് ഒരാളായിരിക്കണം ചാൻസലർ. ബോർഡുമായി ചേർന്ന് ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും മന്ത്രി ആർ ബിന്ദുവിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സെർച്ച് കം സെലക്ഷൻ കമ്മിറ്റി മുൻഗണനാടിസ്ഥാനത്തിൽ നൽകുന്ന ശുപാർശയിൽ നിന്ന് ബോർഡ് ഓഫ് റീജന്റ്സാണ് വിസിയെ തെരഞ്ഞെടുക്കേണ്ടത്. വിസി കണ്ടെത്തുന്ന സർവകലാശാലയിലെ മൂന്നു പ്രൊഫസർമാരിൽനിന്ന് ഒരാളെ ബോർഡ് ഓഫ് റീജന്റ്സ് പ്രോ-- വൈസ് ചാൻസലറാക്കണം.
സർവകലാശാലാ നിയമവും ചട്ടങ്ങളും റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം എടുത്തുകളയണമെന്ന് നിയമ പരിഷ്കരണ കമീഷന്റെ ശുപാർശ. ഈ അധികാരം സുപ്രീംകോടതി/ഹൈക്കോടതി സിറ്റിങ് ജഡ്ജി ചെയർമാനായ സർവകലാശാലാ ട്രിബ്യൂണൽ രൂപീകരിച്ച് കൈമാറണം. ചാൻസലറുടെ അംഗീകാരത്തിനു നൽകുന്ന ചട്ടങ്ങളിൽ 60 ദിവസത്തിനകം തുടർനടപടി ഉണ്ടാകുന്നില്ലെങ്കിൽ അവ അംഗീകരിച്ചതായി കണക്കാക്കണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞു.
നിയമപരിഷ്കരണ കമ്മിഷൻ പ്രവർത്തനം തുടരുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ നിർദ്ദേശങ്ങൾ നടപ്പാക്കാൻ കൂടുതൽ നിയമപരിഷ്കരണം വേണമെന്നും മന്ത്രി പറഞ്ഞു.
ഫീസ് ഇളവിലും മാറ്റം വേണം
ഫീസ് ഘടനയിലെ മാറ്റവും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. സർക്കാർ സ്ഥാപനങ്ങളിൽ പൊതുഫണ്ട് വിനിയോഗം 50- 60 ശതമാനമായി നിയന്ത്രിക്കണം. ഇതര ചെലവുകൾ മറ്റ് ഏജൻസികളിൽനിന്നുള്ള സംഭാവനയായി സ്വീകരിക്കണം. ഫീസ് ഇളവുകൾ സർക്കാരിന്റെ നയപ്രകാരം അർഹരായവർക്കു മാത്രമായി പരിമിതപ്പെടുത്തണം. കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്. സമ്പൂർണ ഫീസ് ഇളവ് കുടുംബവരുമാനം വർഷം ആറുലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മാത്രമാക്കണം.
അതിനു മുകളിലുള്ളവർക്ക് വരുമാനതോതനുസരിച്ച് 80, 60, 40, 20 ശതമാനം അനുവദിക്കണം. പത്തുലക്ഷത്തിനും മുകളിലും വാർഷികവരുമാനമുള്ളവരിൽനിന്ന് സമ്പൂർണ ഫീസ് ഈടാക്കണം.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ
* സർവകലാശാലകൾക്ക് പ്രവർത്തനപരിധിയില്ലാതെ രാജ്യത്തും വിദേശത്തും പഠനകേന്ദ്രങ്ങൾ അനുവദിക്കാൻ അധികാരം നൽകണം
* ഓർഡിനൻസിന് ചാൻസലറുടെ അനുമതി വേണ്ടെന്ന കുസാറ്റിലെ ചട്ടങ്ങൾ മറ്റ് സർവകലാശാലാ നിയമങ്ങളിലും ബാധകമാക്കണം
* വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ വകുപ്പ് വേണം
* എല്ലാ സർവകലാശാലാ നിയമങ്ങളിലും ഗവേഷണ കൗൺസിൽ വേണം
* പ്രൈവറ്റ്, അൺഎയ്ഡഡ് കോളേജ് മേഖലകളിലെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരത്തിന് നിയമം പരിഷ്കരിക്കണം
* നാക്, സാക് അക്രെഡിറ്റേഷൻ സ്ഥാപനങ്ങൾക്ക് ദീർഘകാല അഫിലിയേഷൻ നൽകണം
* അക്രെഡിറ്റേഷനിൽ എ പ്ലസ് ലഭിക്കുന്ന സ്വാശ്രയ കോളേജുകൾക്ക് സ്വയംഭരണപദവി സർക്കാരിന് തീരുമാനിക്കാം
* അൺ എയ്ഡഡ് കോളേജുകളിലെ ഫീസ് നിശ്ചയിക്കാൻ സർവകലാശാലാ ട്രിബ്യൂണൽ ചെയർമാൻ, വിസി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർ അംഗമായി സമിതി വേണം
* ഒരു സർവകലാശാലയുടെ കോഴ്സ് മറ്റ് സർവകലാശാലകൾ അംഗീകരിക്കണം
* പ്രൊഫഷണൽ, സാങ്കേതിക വിദ്യാഭ്യാസത്തിലും മലയാളം പഠനമാധ്യമമാക്കണം
മറ്റ് ശുപാർശകൾ
*ബോർഡ് ഓഫ് സ്റ്റഡീസ്, സ്കൂൾ/ഫാക്കൽറ്റി ബോർഡ്, അക്കാദമിക കൗൺസിൽ എന്നിവ വിദ്യാഭ്യാസ ഭരണത്തിന്റെ അച്ചുതണ്ടായി പ്രവർത്തിക്കണം
*പഠനപരമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ബോർഡ് ഓഫ് സ്റ്റഡീസിന്
*കരിക്കുലങ്ങളുടെയും സിലബസുകളുടെയും തുടർച്ചയും സ്ഥിരതയും ഉറപ്പാക്കാൻ സ്കൂൾ/ഫാക്കൽറ്റി ബോർഡ്
* വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുപ്രധാനമായ അധികാരങ്ങൾ കൈകാര്യം ചെയ്യാൻ അക്കാദമിക കൗൺസിൽ
* സിൻഡിക്കറ്റ് തടരുമെങ്കിലും ആധിപത്യം നിയന്ത്രിക്കും
* പ്രതിദിന പ്രവർത്തനങ്ങളുടെ അധികാരം വൈസ് ചാൻസലറിന്
* വിജ്ഞാനസമൂഹം എന്ന ലക്ഷ്യത്തിനായി 'സ്വാശ്രയ സുസ്ഥിര മേഖല' സൃഷ്ടിക്കണം. സർക്കാരും സ്വകാര്യനിക്ഷേപകരും തമ്മിൽ സഹകരണം
* സ്വകാര്യ സർവകലാശാലകൾക്കായി ബിൽ കൊണ്ടുവരണം, മലബാറിൽ കൂടുതൽ കോളേജ്
* കോളേജ് അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കണം
* നിയമനങ്ങൾ പിഎസ്സി, ഹയർ എഡ്യൂക്കേഷൻ സർവീസ് കമ്മിഷൻ എന്നിവ വഴി മാത്രം
* പൊതു അക്കാദമിക് കലണ്ടർ
മറുനാടന് മലയാളി ബ്യൂറോ