തിരുവനന്തപുരം: സ്ഥിര നിക്ഷേപങ്ങൾക്ക് ട്രഷറിയേക്കാൾ ഉയർന്ന പലിശ നൽകുന്നത് തുടരാൻ ഊരാളുങ്കൽ ലേബർ സഹകരണസംഘത്തിന് അനുമതി. സ്ഥിരനിക്ഷേപത്തിന് ഒരു ശതമാനം അധികം പലിശ നൽകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഒരു ശതമാനം അധിക പലിശ നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കാൻ 2020 ൽ ഒരു വർഷത്തേക്ക് ഊരാളുങ്കലിന് അനുമതി നൽകിയിരുന്നു.

കാലാവധി കഴിഞ്ഞപ്പോൾ 2021 ൽ വീണ്ടും ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകി. 31-3-22 ന് ഇതിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഊരാളുങ്കലിന്റെ അപേക്ഷ പ്രകാരം 1-4 - 22 മുതൽ 31.3.2023 വരെ വീണ്ടും കാലാവധി നീട്ടി നൽകിയത്. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ ടെണ്ടർ ഇല്ലാതെ ഒട്ടേറെ കരാറുകൾ നൽകിയ ഊരാളുങ്കൽ ലേബർ സഹകരണസംഘത്തിന് പ്രവർത്തനമൂലധനം കണ്ടെത്താനാണ് അധികപലിശ നിരക്കിൽ സ്ഥിര നിക്ഷേപം സ്വീകരിക്കാൻ അനുവദിച്ചത്. ഇതോടെ ഉയർന്ന പലിശ നൽകുന്ന സർക്കാർ ട്രഷറിയേക്കാൾ പലിശ നൽകാൻ ഊരാളുങ്കലിനുള്ള അനുമതി തുടരും.

ട്രഷറിയിൽ നിലവിൽ സ്ഥിരനിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ. ഊരാളുങ്കലിൽ 8.5 ശതമാനം പലിശ നൽകാൻ കഴിഞ്ഞ വർഷം നൽകിയ ഉത്തരവ് നീട്ടിയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. 8.5 ശതമാനമായ ട്രഷറി പലിശനിരക്ക് 1-2-2021 മുതൽ 7.5 ശതമാനം ആയി കുറഞ്ഞപ്പോഴാണ് ഊരാളുങ്കലിന്റെ ആനുകൂല്യം നിലനിർത്തുന്നത്.ഒരു ശതമാനം അധികപലിശ നൽകി നിക്ഷേപം സ്വീകരിക്കാൻ സർക്കാർ അനുവദിച്ചപ്പോൾ കഴിഞ്ഞവർഷം ഊരാളുങ്കലിന് ഉണ്ടായ നിക്ഷേപ വർധന 342.28 കോടി രൂപയാണ്.

ഉത്തരവ് നീട്ടുന്നതോടെ ട്രഷറി നിക്ഷേപം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒന്നു മുതൽ രണ്ട് വർഷം വരെ ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് 6.4 ശതമാനം ആണ്. അതിന് താഴെ 5.9 ശതമാനവും. സ്വാഭാവികമായി പലിശ കൂടുതൽ കിട്ടുന്ന ഊരാളുങ്കലിൽ നിക്ഷേപിക്കാനായിരിക്കും ജനങ്ങൾ താൽപര്യപ്പെടുക. സി പി.എം ഉന്നതരുടെ ഡിപ്പോസിറ്റുകൾ പലതും ഊരാളുങ്കലിലാണ് നിക്ഷേപിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികൾ ഊരാളുങ്കലിലെ സ്ഥിര നിക്ഷേപകരുടെ ലിസ്റ്റ് പരിശോധിക്കുന്നുണ്ട്. 3752 കോടിയുടെ പ്രവൃത്തികളാണ് സംസ്ഥാനത്ത് ഊരാളുങ്കൽ ഏറ്റെടുത്തിരിക്കുന്നത്.

സർക്കാരിന്റെ വിവിധ വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭൂരിഭാഗവും. ജില്ലാ സഹകരണ ബാങ്കിൽ നിന്നും 150 കോടി രൂപയുടെ കാഷ് ക്രഡിറ്റ് സൗകര്യത്തെ മാത്രം ആശ്രയിച്ചാൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകുമെന്നും പൊതുജനങ്ങളിൽ നിന്നും ഡെപ്പോസിറ്റുകൾ ലഭിച്ചാൽ മാത്രമേ നിർമ്മാണ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കു എന്നാണ് ഊരാളുങ്കലിന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വേണ്ടപ്പെട്ട സ്ഥാപനമാണ് ഊരാളുങ്കൽ. അതുകൊണ്ട് തന്നെയാണ് ട്രഷറിയെക്കാൾ ഉയർന്ന പലിശ നിരക്കിൽ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഊരാളുങ്കലിന് തുടർച്ചയായി അനുമതി ലഭിക്കുന്നത്.

സി പി എം നേതാക്കളുടെ ബന്ധുക്കളിൽ പലരും ജോലി ചെയ്യുന്നത് ഊരാളുങ്കലിൽ ആണ്. മുൻ സ്പീക്കറായ ശ്രീരാമകൃഷ്ണന്റെ മകൾ ഊരാളുങ്കലിലെ എച്ച് ആർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥയാണ്. 75 കോടി രൂപയുടെ പ്രവൃത്തികളാണ് ശ്രീരാമകൃഷ്ണൻ സ്പീക്കർ ആയ കാലയളവിൽ നിയമസഭയിൽ യാതൊരു ടെണ്ടറുമില്ലാതെ ഊരാളുങ്കലിന് നൽകിയത്.

പിണറായി മുഖ്യമന്ത്രിയായതോടെ ഭൂരിഭാഗം പ്രവൃത്തികളും ഊരാളുങ്കലിന്റെ കയ്യിൽ ആയി. പലിശ ഉയർത്താനുള്ള സഹകരണ വകുപ്പിന്റെ ഉത്തരവിൽ 3752 കോടിയുടെ പ്രവൃത്തികൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഊരാളുങ്കൽ വ്യക്തമാക്കുന്നുണ്ട്. ട്രഷറികൾ തകർന്നാലും ഊരാളുങ്കൽ വികസിച്ച് പടർന്ന് പന്തലിക്കട്ടെ എന്ന മുദ്രാവാക്യമാണ് പിണറായിയും കൂട്ടരും ഉയർത്തുന്നത്. ഇത് എന്തിന് വേണ്ടിയാണെന്നും ആർക്കൊക്കെ വേണ്ടിയാണെന്നും പകൽ പോലെ വ്യക്തമാണ്.