മെൽബൺ: മോട്ടോറിസ്റ്റുകൾ ഇനി നേരിടാൻ പോകുന്നത് പെട്രോൾ വില വർധനയുടെ നാളുകൾ. നിലവിൽ ഇരുപത്തഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും വലിയ ക്വാർട്ടർളി നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തുന്നതെന്നാണ് മാർക്കറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനിയുള്ള നാളുകളിലും പെട്രോൾ വില വർധിക്കുന്നതോടെ ശരാശരി ഓസ്‌ട്രേലിയൻ കുടുംബത്തെ ഇതു സാരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇത്രയും നാൾ വാഹന ഉടമകൾ ആസ്വദിച്ചിരുന്ന പെട്രോൾ വിലക്കുറവ് ഇനി ഒരു സ്വപ്‌നം പോലെ അവശേഷിക്കുമെന്നാണ് പറയപ്പെടുന്നത്.

ജൂൺ 14 വരെയുള്ള ആഴ്ചയിൽ പെട്രോൾ വില  ശരാശരി ഒരു ലിറ്ററിന് 1.42 ഡോളർ ആണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യം 1.10 ഡോളറിൽ താഴെയായിരുന്ന പെട്രോൾ വിലയാണ് മൂന്നു മാസത്തിനുള്ളിൽ 1.42 ഡോളറായി ഉയർന്നത്. ഇതോടെ ശരാശരി ഒരു സെഡാൻ കാറിന് പെട്രോൾ അടിക്കാൻ ഒരാൾ 21 ഡോളർ മുടക്കേണ്ടി വരുമെന്നാണ് മാർക്കറ്റ് റിസർച്ചർ ആയ CommSec ചീഫ് ഇക്കണോമിസ്റ്റ് ക്രെയ്ഗ് ജെയിംസ് വ്യക്തമാക്കുന്നത്. മുൻ മാസങ്ങളിൽ കുറഞ്ഞ വിലയിൽ പെട്രോൾ വാങ്ങിയിരുന്നവർക്ക് ഇപ്പോൾ ഉണ്ടായ വില വർധന മൂലം കുടുംബ ബജറ്റിനെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ജൂൺ 30 ന് അവസാനിക്കുന്ന ക്വാർട്ടറിൽ പെട്രോൾ വില 13.1 ശതമാനമാണ് വർധിച്ചിരിക്കുന്നതെന്നാണ്  CommSec കണക്കാക്കുന്നത്. വില വർധന ഇതേ രീതിയിൽ തുടരുകയാണെങ്കിൽ 1990 ഡിസംബറിനു ശേഷമുള്ള ഏറ്റവും വലിയ വില വർധനയായിരിക്കും ഇതെന്നാണ് ഇവർ പറയുന്നത്. 2014-ൽ ലോകവ്യാപകമായി ഓയിൽ വില കുത്തനെ ഇടിയുകയായിരുന്നു. ഇതിന്റെ ഗുണം ലോകമെമ്പാടുമുള്ള വാഹനഉടമകൾക്ക് ലഭിച്ചുവെങ്കിലും ഫെബ്രുവരി മുതൽ ഓസ്‌ട്രേലിയയിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ഒരു വർഷം മുമ്പുണ്ടായിരുന്ന വിലയേക്കാൾ 30 ശതമാനം വർധയാണ് പെട്രോൾ വിലയിൽ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

എല്ലാ ക്യാപിറ്റലുകളേയും താരതമ്യം ചെയ്യുമ്പോൾ ഡാർവിനിലാണ് ഏറ്റവും വില കുറവ്. ശരാശരി 135.1 സെന്റാണ് ലിറ്ററിന് ശരാശരി വില. ബ്രിസ്‌ബെയിനിൽ ലിറ്ററിന് ശരാശരി 147.2 സെന്റും മെൽബണിൽ 146.1 സെന്റുമാണ് വില.  പെട്രോൾ വില വർധിക്കുകയും ഓസ്‌ട്രേലിയൻ ഡോളർവില താഴുകയും ചെയ്ത അവസരത്തിൽ ഓസ്‌ട്രേലിയക്കാർക്ക് കുടുംബബജറ്റിനെ ഇതുസാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ടു തന്നെയാണ് പലിശ നിരക്കിൽ കൂടുതൽ വെട്ടിക്കുറയ്ക്കൽ നടത്താൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചതും.