തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്ടു പരീക്ഷയിൽ 87.94 ശതമാനം പേർ വിജയിച്ചു. പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

റെക്കോർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സയൻസ് വിദ്യാർത്ഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്‌സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

സർക്കാർ സ്‌കൂളുകളിൽ 85.02 ശതമാനം വിദ്യാർത്ഥികളും ജയിച്ചപ്പോൾ എയ്ഡഡ് സ്‌കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്‌കൂളിൽ 87.67 ശതമാനമാണ് വിജയം. സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സർക്കാർ സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി.

328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ വിജയശതമാനം 53 ശതമാനമാണ്. 25293 വിദ്യാർത്ഥികൾ വിജയിച്ചു.

ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളിൽനിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.

എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർത്ഥികൾ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

വൈകിട്ടു 4 മുതൽ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിലും Saphalam 2021, iExaMS-Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭിക്കും.