കോഴിക്കോട്: സർക്കാറും ആരോഗ്യവകുപ്പും വ്യാപക പ്രചാരണം നടത്തിയിട്ടും മലബാറിലെ ന്യൂനപക്ഷ മേഖലകളിൽ കുത്തിവെപ്പ് നിരക്ക് ഉയരുന്നില്ല. മുസ്‌ലീം ഭൂരിപക്ഷമായ 95 സ്‌കൂളുകളിൽ 75 ശതമാനം കുട്ടികൾക്ക് കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ഏറ്റവും ഒടുവിൽ ലഭിച്ചത്. ഇതോടെ കപടപ്രചാരകർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് പറഞ്ഞ് അധികൃതരും രംഗത്തെത്തി.

മീസൽസ് റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് മുന്നറിയിപ്പ് നൽകി.കോഴിക്കോട് ജില്ലയിൽ 7,38,694 കുട്ടികൾക്ക് കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്ന കാമ്പയിൻ ഒക്‌ടോബർ മൂന്ന് മുതൽ നടന്നുവരുകയാണ്. ഇതിനെതിരെ പ്രചരിക്കുന്ന അശാസ്ത്രീയവും യുക്തിരഹിതവുമായ വാദങ്ങൾ കാമ്പയിന്റെ പൂർണ വിജയത്തിന് മങ്ങലേൽപിക്കുന്നുണ്ട്. ജില്ലയിൽ ഇതുവരെ കുത്തിവെപ്പെടുത്ത കുട്ടികൾക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് കലക്ടർ കൂട്ടിച്ചേർത്തു.

പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർണമായും തദ്ദേശീയമായാണ് വാക്‌സിൻ നിർമ്മിച്ചത്. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തതല്ല. എളുപ്പത്തിൽ പകരുന്ന മാരക രോഗമാണ് മീസിൽസ് അഥവാ അഞ്ചാം പനി. ഇതുമൂലം ന്യൂമോണിയ, വയറിളക്കം, ജീവന് ഭീഷണി നേരിടുന്ന മറ്റ് രോഗങ്ങൾ എന്നിവയുണ്ടാകുന്നു. പെട്ടെന്ന് പകരുന്ന മറ്റൊരു സാംക്രമിക രോഗമാണ് റൂബെല്ല.

ഇതുമൂലം കുഞ്ഞുങ്ങൾക്ക് അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, ജന്മനായുള്ള ഹൃദ്രോഗം എന്നിവയുണ്ടാകാം. രാജ്യത്ത് വർഷം 27 ലക്ഷം കുഞ്ഞുങ്ങൾക്ക് മീസൽസ് പിടിപെടുന്നതിൽ 49,200 പേർ മരണപ്പെടുന്നു. 40,000 കുഞ്ഞുങ്ങൾക്ക് കോൺജനിറ്റൽ റൂബെല്ല
സിൻഡ്രോം പിടിപെടുന്നു. രോഗാണുവിന്റെ വ്യാപനം തടഞ്ഞ് ഉന്മൂലനം ചെയ്യുന്നതിനാണ് കാമ്പയിനെന്നും കലക്ടർ വിശദീകരിച്ചു.പദ്ധതിയുടെ പുരോഗതി ഉറപ്പാക്കുന്നതിന് അവലോകന യോഗങ്ങൾ നടക്കുകയാണ്.

95 സ്‌കൂളുകളിൽ 75 ശതമാനം കുട്ടികൾക്ക് കുത്തിവെപ്പ് എടുത്തിട്ടില്ല. ശരാശരിയിൽ താഴെ നേട്ടം കൈവരിച്ച സ്‌കൂളുകളിലെ അദ്ധ്യാപരുടെയും മാനേജ്‌മെന്റുകളുടെയും പ്രത്യേക അവലോകന യോഗം വിളിക്കും. സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കും. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് ബ്ലോക്കുതലത്തിലും ജില്ല തലത്തിലും വിദഗ്ധ പാനലുകൾ രൂപവത്കരിക്കാനും ഫോൺ ഇൻ പ്രോഗ്രാം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ജില്ല, ഉപജില്ല യോഗങ്ങളും ചേരും. ഇതിൽ ഡി.ഇ.ഒ, എ.ഇ.ഒ, എസ്.എസ്.എ പ്രതിനിധി, സ്‌കൂളിലെ നോഡൽ ടീച്ചർ, ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടർ, അദ്ധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കണം. മികച്ച നേട്ടം കൈവരിക്കുന്ന സ്‌കൂളുകൾക്ക് അംഗീകാരപത്രം നൽകും. കാമ്പയിനിൽ രാഷ്ട്രീയ, സന്നദ്ധ, മത സംഘടനകളെയും സഹകരിപ്പിക്കുമെന്ന് കലക്ടർ വ്യക് തമാക്കി.

ചില രക്ഷിതാക്കൾ ബഹളംവെച്ചതിനെതുടർന്ന് കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലെ പരപ്പിൽ എം.എം ഹയർസെക്കൻഡറി സ്‌കൂളിൽ പ്രതിരോധ കുത്തിവെപ്പ് തടസ്സപ്പെട്ടിരുന്നു. സ്‌കൂളിൽ ആരോഗ്യവകുപ്പ് അധികൃതർ എത്തി കുട്ടികൾക്ക് കുത്തിവെപ്പ് കൊടുത്തു തുടങ്ങിയപ്പോൾ തന്നെ അഞ്ചുപേരോളം അടങ്ങുന്ന ഒരു സംഘം ബഹളം ഉണ്ടാക്കുകയയിരുന്നു. ഈ വാക്‌സിൻ മുസ്ലിം ജനസംഖ്യ കുറക്കുന്നതിനായി അമേരിക്കയുടെ ഗൂഢാലോചനയാണെന്നും, മന്ദബുദ്ധികളും ഷണ്ഡന്മാരുമായ ഒരു ജനതയെയാണ് ഇത് സൃഷ്ടിക്കുകയെന്നും ഇവർ ആധികാരികമായി പറഞ്ഞതോടെ കുത്തിവെപ്പ് ക്‌ളാസുകൾക്കായി എത്തിയ നൂറോളംവരുന്ന രക്ഷിതാക്കളും അങ്കലാപ്പിലായി.

എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ കൃത്യമായി ഒരു മണിക്കൂറോളം വിശദമായി ഇവർക്ക് ക്‌ളാസ് എടുത്തിട്ടും ഇവർ തങ്ങളുടെ നിലപാടിൽനിന്ന് മാറാൻ തയാറായില്ല. വാക്കേറ്റം മുറുകിയതോടെ വിവിരമറിഞ്ഞ് മാധ്യമ പ്രവർത്തകരും എത്തി. ഇതോടെ പ്രതിഷേധക്കാർക്ക് ആവേശവും വർധിച്ചു. പ്രകൃതി ചികിൽസകനായ ഡോ.ജേക്കബ് വടക്കൻചേരി വാക്‌സിൻ ഗൂഢാലോചനയാണെന്നും പന്നിയുടെ കൊഴുപ്പുകൊണ്ട് ഉണ്ടാക്കുന്നതാണെന്നും ഒക്കെ പറയുന്ന ഒരു വീഡിയോയാണ് പ്രതിഷേധക്കാർ തെളിവായി കാണിക്കുന്നത്.

എന്നാൽ ഇതെല്ലാം ശുദ്ധ അസംബന്ധങ്ങളാണെും കുത്തിവെപ്പ് എടുക്കായെ സൗദി അറേബ്യയെപ്പോലുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പ്രവേശിക്കാൻപോലുമാവില്ലെന്നും തെളിവ് സഹിതം ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല.ഇതോടെയാണ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയതോടെ സംഘം തന്ത്രപരമായി മുങ്ങുകയും ചെയ്തു.സമാനമായ സംഭവങ്ങൾ കോഴിക്കോട് മോഡൽ സ്‌കൂളിലും ഉണ്ടായിരുന്നു. ഇനി ഇത്തരം വിഷയങ്ങൾ ഉണ്ടായാൽ കുപ്രചാരകർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.