ദമ്മാം: അവധിക്കാലത്ത് കുടുംബത്തോടൊപ്പം കഴിയാമെന്ന് വിചാരിച്ചിരിക്കുന്ന പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ച് ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. മാർച്ച് മുതൽ മെയ്‌ വരെ അദ്ധ്യാപകർ് വിദേശയാത്ര നടത്തുന്നതിന് വിലക്കേർപ്പെടുത്തിയതായി ഹയർസെക്കൻഡറി ഡയറക്ടറേറ്റ് സർക്കുലർ ഇറക്കിയതോടെയാണ് പ്രവാസികൾ വെട്ടിലായിരിക്കുന്നത്.

ഹയർക്കെൻഡറി പരീക്ഷ മൂല്യ നിർണയം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അവധി അനുവദിക്കാനാവില്ലെന്നും ഇതു സംബന്ധിച്ചുള്ള അപേക്ഷകൾ ഡയറക്ടറേറ്റിലേക്ക് അയക്കേണ്ടതില്ലെന്നും ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിൽ പറയുന്നു. മാർച്ച് ഒമ്പതിന് തുടങ്ങുന്ന പ്‌ളസ്ടു പരീക്ഷ 27നാണ് അവസാനിക്കുന്നത്. മൂല്യ നിർണയ ക്യാമ്പുകൾ ഏപ്രിൽ ആറിന് തുടങ്ങി മെയ്‌ മാസത്തിന് മുമ്പായി അവസാനിക്കും. ഈ സാഹചര്യത്തിൽ മെയ്‌ മാസത്തിലെങ്കിലും അവധി അനുവദിക്കാവുന്നതേയുള്ളൂ.

എന്നാൽ ജൂൺ മുതൽ അവധി അനുവദിക്കാമെന്നാണ് സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഒപ്പുവച്ച സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. ക്‌ളാസുകൾ തുടങ്ങിയതിന് ശേഷം അവധിയെടുത്ത് ആരും ഗൾഫിലേക്ക് പോകാൻ തയാറാവില്ല. ഇക്കാരണ ത്താലാണ് സർക്കാർ തീരുമാനത്തിനെതിരെ പ്രവാസി സംഘടനകളും കൂട്ടായ്മകളും പ്രതിഷേധം രേഖപ്പെടുത്തുന്നത്.