ഇടുക്കി : മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം 4 പേർ പാലക്കാട് അറസ്റ്റിലായതോടെ പുറത്താകുന്നത് ഇടുക്കിയിലെ പൊലീസിന്റെ മാഫിയാ ബന്ധം. ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് എന്ന പേരിൽ മുൻ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡിന്റെ മാഫിയ ബന്ധത്തിന്റെ നാണംകെട്ട കഥകളാണ് പുറത്തുവരുന്നത്. സംഘത്തിന്റെ ലോക്കപ്പ് മർദനവും കഞ്ചാവ്-അധോലോക ബന്ധവും പരസ്യ മദ്യപാനത്തിന്റെയും പേരിൽ നടപടി നേരിട്ട എസ് ഐ സ്‌ക്വാഡിന്റെ നായകനായി വിലസിയതുമൊക്കെയാണ് ജില്ലയിലെ പ്രധാന ചർച്ചകൾ. സംഭവം നാണക്കേടായതോടെ ജില്ലാ പൊലീസ് മേധാവി ജി ബി വേണുഗോപാൽ ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് ടീമിനെ പിരിച്ചു വിട്ടു.

വ്യാഴാഴ്ചയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് എന്ന സ്‌പെഷ്യൽ ടീമിലെ മൂന്ന് സിവിൽ പൊലിസ് ഓഫീസർമാർ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പാലക്കാട് പിടിയിലായത്. ലഹരി കടത്തു കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിക്ക് കഞ്ചാവ് നൽകി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇടുക്കി എസ് പി യുടെ സ്‌പൈഡർ സ്‌ക്വാഡിലെ നൂർ സമീർ, സുനീഷ,് മുജീബ് റഹ്മാൻ എന്നിവരെയാണ് പാലക്കാട് പൊലീസ് പിടികൂടിയത്. സംഭവത്തിന്റെ സൂത്രധാരനും തൊടുപുഴ സ്വദേശിയുമായ റിസ്വാനും ഇവർക്കൊപ്പം പിടിയിലായി.

മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള റിസ്വാൻ ജയിലിൽ കിടക്കവേ പരിചയപ്പെട്ട പാലക്കാട് കൊടുവയൽ സ്വദേശി രാജേഷാണ് തട്ടിപ്പിനിരയായത്. ജയിലിൽ നിന്നുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ നേരിൽ കാണണമെന്ന് റിസ്വാൻ രാജേഷിനോട് ആവശ്യപ്പെട്ടു. തിങ്കഴാഴ്ച പാലക്കാട് മെഡിക്കൽ കോളേജിന് സമീപം എത്താൻ റിസ്വാൻ നിർദ്ദേശിച്ചു. സ്ഥലത്തെത്തിയ രാജേഷിന്റെ വാഹനത്തിൽ കഞ്ചാവ് വച്ചശേഷം ചിത്രങ്ങൾ എടുത്ത് നാൽവർ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് ഒതുക്കി തീർക്കാൻ ഒരു ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. 96000 രൂപ രാജേഷ് ഇവർക്ക് നൽകുകയും ചെയ്തു.

ഇതിന് ശേഷം മുമ്പ് ഉണ്ടായ കേസിന്റെ ഭാഗമായി ഒപ്പിടാൻ റിസ്വാൻ തട്ടിപ്പിനു കൂട്ടു നിന്ന പൊലീസുകാർക്കൊപ്പം സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാജേഷിന്റെ പരാതിയെ തുടർന്ന് ഇവർ പിടിയിലായത്. മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന എ വി ജോർജ്ജിന്റെ മേൽ നോട്ടത്തിലാണ് ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് എന്ന പേരിൽ സ്‌ക്വാഡ് രൂപീകരിക്കപ്പെട്ടത്. ഇതിന് മുമ്പ് കെ വി ജോസഫ് ജില്ലാ പൊലീസ് മേധാവിയായിരിക്കവെ ജില്ലയിൽ ഏതാനും പൊലീസുകാർ മാത്രം അടങ്ങുന്ന ചെറിയ ഒരു സ്‌ക്വാഡാണ് ഉണ്ടായിരുന്നത്. ജില്ലാ പോസീസ് മേധാവിക്ക് കിട്ടുന്ന രഹസ്യ വിവരങ്ങൾ പരാതികൾ എന്നിവ സ്റ്റേഷനുകളിലേക്ക് കൈമാറാതെ രഹസ്യ സ്വഭാവം നഷ്ടപ്പെടാതെ നേരിട്ട് അന്വേഷിപ്പിക്കുകയായിരുന്നു സ്‌ക്വാഡ് രൂപീകരണത്തിന്റെ ഉദ്ദേശം.

എന്നാൽ പിന്നീട് വന്ന പൊലീസ് മേധാവി എ വി ജോർജ്ജ് പുതിയ സ്‌ക്വാഡ് രൂപീകരിക്കുകയും, 12 പേരടങ്ങുന്ന പുതിയ സംഘത്തെ ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് എന്ന പേരിൽ നിയമിക്കുകയും ഒരു എസ് ഐ ക്ക് ചുമതല നൽകുകയുമായിരുന്നു. എന്നാൽ എ വി ജോർജ്ജിന്റെ ഉദ്ദേശശുദ്ധി ഈ സംഭവത്തോടെ ചോദ്യപ്പെടുകയാണ്. 12 പേർ ഉൾപ്പെട്ട സ്‌ക്വാഡിൽ അടങ്ങിയവരിൽ പലരും അച്ചടക്ക നടപടി നേരിട്ടവരാണ് എന്നതാണ് ഈ സ്‌ക്വാഡ് രൂപീകരിച്ച എ വി ജോർജ്ജിന്റെ ഉദ്ദേശശുദ്ധി ചോദ്യചെയ്യപ്പെടാൻ ഇടയാക്കിയത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആയിരുന്ന വി എൻ സജിക്കായിരുന്നു ഈ സ്‌ക്വാഡിന്റെ മേൽനോട്ടം.

എ വി ജോർജ്ജ് ജില്ലാ പൊലീസ് മേധാവിയായിരുന്ന കാലത്താണ് ജില്ലയിൽ ഏറ്റവും അധികം ലോക്കപ്പ് മർദ്ദനങ്ങളും, പൊലീസ് അഴിഞ്ഞാട്ടങ്ങളും മാഫിയാ ബന്ധങ്ങളും ഉൾപ്പടെയുള്ള നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നത് എന്നതും ശ്രദ്ധേയമാണ്. വകുപ്പ് മേധാവിയുടെ മൂക്കിന് കീഴെ ജില്ലാ ആസ്ഥാനത്ത് എസ് ഐ ആയിരുന്ന വി. വിനോദ്കുമാർ നിരവധി ആരോപണങ്ങൾ നേരിട്ടിരുന്നു. സി ഐ ടി യു തൊഴിലാളികൾ അടക്കമുള്ളവരെ ലോക്കപ്പിലിട്ട് മർദ്ദിക്കുകയും ഇടുക്കി എം പി യുടെ സഹോദരനെ പൊതുസ്ഥലത്ത് വച്ച് കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇയാൾ പുലിവാൽ പിടിച്ചിരുന്നു. ഇടുക്കിയിലെ ഒരു ആഡംബര ഹോട്ടലിൽ മുറിയെടുത്തിരുന്ന് ജോലി സമയത്ത് മദ്യപിക്കവെ മാദ്ധ്യമ പ്രവർത്തകരുടെ സാന്നിധ്യം മനസ്സിലാക്കി ഹോട്ടലിന്റെ പിന്നാംപുറം വഴി ഓടി രക്ഷപ്പെട്ട വ്യക്തി കൂടിയായിരുന്നു ഇയാൾ എന്ന് നാട്ടുകാർ പറയുന്നു.

വാദികളെ ഭീഷണിപ്പെടുത്തുക, പരസ്യമായി മദ്യപിക്കുക തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് എസ് ഐ വിനോദിനെ സ്ഥലം മാറ്റാൻ മേലധികാരികൾ നിർബന്ധിതരായി. ഇടുക്കിയിൽ നിന്നും പീരുമേടിനേയിരുന്നു സ്ഥലം മാറ്റം നിശ്ചയിച്ചത്. എന്നാൽ ഇത്തരത്തിൽ വഴിവിട്ട പ്രവർത്തികൾ ചെയ്യുന്ന ആൾ തങ്ങളുടെ നാട്ടിലെ ജനങ്ങളുടെ സ്വര്യജീവിതത്തിന് തടസ്സമാകും എന്ന് ഉന്നയിച്ച് പീരുമേട്ടിലെ സി പി എം നേതാക്കൾ ഇടഞ്ഞതോടെ ഇയാളെ ജനസംഖ്യ തീരെ കുറവുള്ളതും നിരവധി പൊലീസുകാരെ പണീഷ്‌മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി അയയ്ക്കുന്നതുമായ കരിമണൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇയാൾക്കൊപ്പം ആരോപണ വിധേയനായ ഇടുക്കിയിലെ അഡീഷണൽ എസ് ഐ ഗോപിനാഥനെ വനമേഖലയായ കുളമാവ് സ്റ്റേഷനിലേക്കും മാറ്റി നിയമിച്ചു.

നിരവധി ആരോപണങ്ങൾ വന്നിട്ടും ഇവരെ സംരക്ഷിക്കുന്നതിൽ മുൻ ജില്ലാ പൊലീസ് മേധാവിയായ എ വി ജോർജ്ജ് താൽപര്യം കാണിച്ചിരുന്നു എന്ന ആരോപണം ശക്തമാണ്. ഇത് സംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ക്കും പരാതി ലഭിച്ചിരുന്നതായാണ് വിവരം. പണീഷ്‌മെന്റ് ട്രാൻസ്ഫർ നൽകിയ എസ് ഐ ആയ വിനോദ് കുമാറിനെ തന്നെ ഹൈറേഞ്ച് സ്‌പൈഡേഴ്‌സിന്റെ ചുമതല നൽകിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ഇയാൾ അതിക്രമങ്ങൾ തുടർന്നു വന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ജില്ലാ അതിർത്തി വിട്ട് ഈ സംഘത്തിിൽപെട്ട പൊലീസുകാർ പാലക്കാട് പോയി തട്ടിപ്പ് നടത്തി പിടിയിലായത്.

ജില്ലയിലുള്ള കുറ്റവാളികൾ സംസ്ഥാനത്തെവിടെ ഉണ്ടെങ്കിലും പോയി പിടിക്കുവാൻ മുൻ പൊലീസ് മേധാവി നൽകിയ അനുവാദം ഉപയോഗിച്ച് ഇവർ ജില്ലയ്ക്ക് പുറത്തേയ്ക്ക് ഔദ്യോഗിക വാഹനം ഉപയോഗിച്ച് നിരവധി സഞ്ചാരങ്ങൾ നടത്തിയതായി പൊലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പൊലീസ് വാഹനത്തിൽ തന്നെ ഈ സംഘം കഞ്ചാവ് കടത്തിയിട്ടുള്ളതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇത്തരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്ന ഹൈറേഞ്ച് സ്‌പൈഡേഴ്‌സിന്റെ വല പുതിയതായി ചുമതലയേറ്റ ജില്ലാ പൊലീസ് മേധാവി ജി ബി വേണുഗോപാൽ വേർപ്പെടുത്തി.

മാത്രമല്ല, ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊലീസുകാരുടെ മാഫിയ ബന്ധങ്ങളും അന്വേഷണപരിധിയിൽ വരും എന്നാണ് വിവരം. ഹൈറേഞ്ചിലെ അടിമാലി മേഖലയിലുള്ള ചില പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മുൻ പൊലീസ് മേധാവി എ വി ജോർജ്ജിന്റെ കാലത്ത് ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കുവാനാണ് നീക്കം. സ്‌പൈഡേഴ്‌സ് എന്ന സ്‌ക്വാഡിലേക്ക് പണീഷ്‌മെന്റ് ട്രാൻസ്ഫർ നൽകിയ ഉദ്യോഗസ്ഥരെ നിയമിച്ചതിൽ എ വി ജോർജ്ജ് വിശദീകരണം നൽകേണ്ടി വരും. അതോടൊപ്പം മുൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വി എൻ സജിയുടെ പ്രവർത്തനങ്ങളും പരിശോധിക്കുമെന്നാണ് വിവരം.