തിരുവനന്തപുരം : കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലെത്തി ചോദ്യം ചെയ്തു. നാലുദിവസം ചോദ്യം ചെയ്യൽ നീണ്ടു.

മോഹൻലാലിനെ നായകനാക്കി സിനിമയെടുത്ത സംവിധായകനെയാണ് ചോദ്യം ചെയ്തത്. പിന്നീട് മോഷണത്തിൽ നിരപരാധിത്വം തെളിഞ്ഞു. മംഗളം പത്രത്തിൽ എസ് നാരായണനാണ് കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘമെന്ന വാർത്ത പുറത്തു വിട്ടത്. ഇതിന് പിന്നാലെ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് സംവിധായകൻ ആരെന്ന് വ്യക്തമായത്. സംവിധായകനെതിരെ കേസെടുത്തിട്ടുമില്ല.

ഹൈവേയിൽ കവർച്ചയ്‌ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയാതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നുമുള്ള സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. ഇത് വസ്തുതാപരമായി ശരിയുമാണ്.

സംവിധായകന്റെ പേരിലെ ആഡംബക്കാറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഈ കാറിൽ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഈ കാറാണ് മോഷണ സംഘം ഉപയോഗിച്ചത്. കർണ്ണാടക പൊലീസിന്റെ പരിശോധനയിൽ സംവിധായകന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞു. ഇതോടെയാണ് അറസ്റ്റ് ഒഴിവായത്.

കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽനിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് പട്ടാപ്പകൽ മൈസൂർ-ബംഗളൂരു ഹൈവേയിൽ വച്ച് കവർച്ച നടന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലാണ് കവർച്ച സംഘം എത്തിയതെന്നു വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഏറി.

മാണ്ഡ്യ ഭാഗത്ത് തുടർച്ചയായി ഹൈവേ കവർച്ച പതിവായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത കാറിൽ ആയുധങ്ങളുമായി എത്തിയ സംഘത്തെക്കുറിച്ച് പാലക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവർച്ചക്കേസിൽ സംവിധായകന്റെ കാറിനെ കുറിച്ചുള്ള സൂചന കിട്ടിയത്.