- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബും കാവി ഷാളും കർണാടകയിൽ പുകയുന്നു; വാക്കുകൾകൊണ്ട് ഏറ്റുമുട്ടി രാഷ്ട്രീയനേതാക്കൾ; സമരത്തിൽ നുഴഞ്ഞുകയറി കത്തി വീശി സാമൂഹ്യവിരുദ്ധർ; പൊലീസ് കനത്ത ജാഗ്രതയിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി ഷാളും ഹിജാബും പാടില്ലെന്നും യൂണിഫോം മാത്രമേ അനുവദിക്കൂവെന്നും മന്ത്രി; ഒരു തീപ്പൊരി മതി എന്തും സംഭവിക്കാം
ബംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ധ്രുവീകരണത്തിന് കാരണമായ ഹിജാബും കാവി ഷാളും തമ്മിലുള്ള തർക്കം കൈവിട്ടു പോയതോടെ കർണാടക അസ്വസ്ഥതയിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ നേതാക്കൾ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനകൾ തുടരുകയാണ്. അതേസമയം ഹിജാബ്-കാവി ഷാൾ പ്രശ്നത്തിനിടെ കത്തി വീശി ഭീതി സൃഷ്ടിച്ചതിന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർ സദാശിവ ഗവറോജി നൽകിയ പരാതി പ്രകാരമണ് കേസെടുത്തിരിക്കുന്നത്.
ഹിജാബ് സമരം നടക്കുമ്പോൾ അഞ്ചോ ആറോ പേർ അടങ്ങുന്ന ഒരു കൂട്ടം മറ്റുള്ളവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ ഓടിപ്പോവുകയും രണ്ട് പേര് പിടിയിലാവുകയും ആയിരുന്നു. ഹാജി അബ്ദുൾ മജീദ് ഗംഗോല്ലി (32), റജബ് ഗംഗോല്ലി (41) എന്നിവരാണ് അറസ്റ്റിലായത്. ഖലീൽ, റിസ്വാൻ, ഇഫ്തികാർ എന്നിവരാണ് രക്ഷപ്പെട്ടത്. അബ്ദുൾ മജീദ് കേഡി ലിസ്റ്റിൽ പെട്ടയാളാണ് , ഇയാൾക്കെതിരെ ഗംഗോല്ലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹിജാബ് വിവാദം സാമൂഹ്യവിരുദ്ധരും തീവ്രവാദ സംഘടനകളും നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവാദം ഇവർ ഉപയോഗപ്പെടുത്തിയാൽ വലിയ സംഘർഷങ്ങൾക്ക് കാരണമായേക്കും എന്നാണ് കർണാടക പൊലീസ് കരുതുന്നത്. ആയതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് പൊലീസ്.
പ്രതികരണങ്ങൾ ഇങ്ങനെ
മന്ത്രി കോട്ട ശ്രീനിവാസ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി ഷാളും ഹിജാബും പാടില്ല, സ്കൂൾ യൂണിഫോം മാത്രമേ അനുവദിക്കൂ, ഇതാണ് ഞങ്ങളുടെ നിലപാടെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി വ്യക്തമാക്കി. 'വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മത ധ്രുവീകരണം ഉണ്ടാക്കി സമൂഹത്തെ തകർക്കാൻ ബാഹ്യശക്തികൾ ഗൂഢാലോചന നടത്തുകയാണ്. ഇത്തരം ശ്രമങ്ങളെ സർക്കാർ ശക്തമായി എതിർക്കുന്നു. സ്കൂൾ നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. മതപരമായ അന്ധതയിലൂടെ സമൂഹത്തെ തകർക്കുന്ന പ്രവർത്തനം ശരിയല്ല.സ്കൂളുകളിൽ മതപരമായ അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ. '
എം എൽ എ കനീസ് ഫാത്തിമ .
ഹിജാബ് മുസ്ലിം സ്ത്രീകളുടെ സംസ്കാരമാണ്, അത് ഞങ്ങളുടെ അവകാശമാണ്, നിയമസഭാ സമ്മേളനങ്ങളിലും ഞാൻ ഹിജാബ് ധരിച്ചിട്ടുണ്ട്, ഭാവിയിൽ നിയമസഭാ സമ്മേളനത്തിലും ഹിജാബ് ധരിക്കും, അവർക്ക് ധൈര്യമുണ്ടെങ്കിൽ എന്നെ തടയട്ടെ, എം എൽ എ കനീസ് ഫാത്തിമ പറഞ്ഞു.
മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന മുദ്രാവാക്യം ബേഠി ഹഠാവോ ആയി മാറുകയാണെന്ന് മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) മുതിർന്ന നേതാവുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. കർണാടക സർക്കാർ ഹിജാബിന്റെ പേരിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കോവിഡ് കാരണം ക്ലാസുകൾ ശരിയായി നടക്കാത്തതിനാൽ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ബുദ്ധിമുട്ടുമ്പോൾ ആണ് ഹിജാബ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നു. ഇത് ആവശ്യമുള്ള കാര്യം ആയിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം
വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാന ബിജെപി സർക്കാരാണ് കാരണമൊന്നും ഹിജാബ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മൗനം ശരിയല്ലെന്നും ഭരണഘടനയും സർക്കാരും അനുശാസിക്കുന്ന നിയമങ്ങൾ ഉദ്യോഗസ്ഥർ പാലിക്കണമെന്നും പെൺകുട്ടികളുടെ മുഖം കാണാനാണോ അതോ പഠിക്കാൻ ആണോ കോളേജിൽ പോകുന്നതെന്ന്
മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം ചോദിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി
ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കാൻ അയച്ച ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ നിഷേധിച്ചതിനെ തുടർന്നുണ്ടായ അമർഷം മറയ്ക്കാനാണ് സംസ്ഥാന ബിജെപി സർക്കാർ ഹിജാബ് വിവാദം സൃഷ്ടിച്ചതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി പറഞ്ഞു.
ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ
'നിങ്ങൾക്ക് ഹിജാബ് ധരിക്കണമെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകൂ' 'സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിനെ പിന്തുണയ്ക്കുന്നത് വഞ്ചനയ്ക്ക് തുല്യമാണ്, സ്കൂളുകളിൽ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകണം, അവർ ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിൽ അവർ നമ്മുടെ ഭരണഘടനയോട് വിശ്വസ്തരായിരിക്കണം. തീവ്രവാദികൾ ഉയർത്തിക്കൊണ്ടു വന്നതാണ് ഹിജാബ് വിവാദം.
'ഇന്ന് അവർ ഹിജാബ് ചോദിക്കുന്നു, നാളെ അവർ സ്കൂളുകളിൽ മസ്ജിദ് ആവശ്യപ്പെടും, ഇത് ഹിന്ദു രാഷ്ട്രമാണ്, പെൺകുട്ടികൾക്ക് ഗണപതി പൂജയും നെറ്റിയിൽ വെണ്ണീർ ചാർത്തലും ഇവിടെ അനുവദനീയമാണ്, ഇത് ആരും ചോദ്യം ചെയ്യില്ല, ചോദ്യം ചെയ്യുന്നവർ പാക്കിസ്ഥാനിലേക്ക് പോകണം. സ്കൂളിൽ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കുന്നവർ ദേശവിരുദ്ധരാണ്.ഈ വിഷയത്തിലൂടെ സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമം.
താലിബാൻ സംസ്കാരത്തിന് അവസരം നൽകില്ല.കർണ്ണാടകയെ താലിബാനാക്കി മാറ്റാൻ ആരെയും അനുവദിക്കില്ല.തീവ്രവാദ സംഘടനയാണ് ഹിജാബ് വിവാദത്തിന് പിന്നിൽ. ഹിജാബ് ധരിക്കുന്നതിനെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യയെയും കോൺഗ്രസ് പാർട്ടിയെയും എന്താണ് ഈ രാജ്യത്ത് നടപ്പാക്കുന്നത് ? അവർ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടോ? മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന സിദ്ധരാമയ്യ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത് മതപരിവർത്തനത്തിന് തുല്യമാണെന്നാണ് കരുതുന്നത്.
''നമ്മുടെ രാജ്യത്ത് 15% മുസ്ലീങ്ങളുണ്ട്. 50% ആയാൽ ഹിന്ദുക്കൾക്ക് അതിജീവിക്കാൻ പറ്റുമോ? ഹിന്ദുക്കൾ മനസ്സിലാക്കണം. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ രൂപീകരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾക്ക് ഈ സംസ്കാരം വേണ്ടെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു,
ബസനഗൗഡ പാട്ടീൽ യത്നാലിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ രംഗത്തുവന്നിരിക്കുകയാണ്. ''ഹിജാബ് ധരിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിന്റെ പ്രസ്താവനയ്ക്ക് ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മറുപടി പറയണമെന്ന്' ഡികെ ആവശ്യപ്പെട്ടു.
ഹിജാബും ടോപ്പിയും ധരിച്ച് പഠിക്കണമെങ്കിൽ മദ്രസയിൽ പോകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിന് അവസരമില്ല. ഇത് ബ്രിട്ടീഷ് ഇന്ത്യയല്ല. ഇതാണ് ഭരത ഖണ്ഡ, അത് ഹിന്ദുമതത്തിന്റെ അടിത്തറയിൽ നിർമ്മിച്ചതാണ് എന്നാണ് എംപി പ്രതാപ് സിംഹ വിവാദത്തോട് പ്രതികരിച്ചത്.
കർണാടക റവന്യൂ മന്ത്രി ആർ അശോക്
ഹിജാബ് വിവാദത്തിന് പിന്നിൽ കോൺഗ്രസാണെന്ന് റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു. നമ്മുടെ ഭൂമി ഹിന്ദുസ്ഥാനാണ്, പാക്കിസ്ഥാനല്ല. ഹിജാബ് പോലുള്ള സെൻസിറ്റീവ് വിഷയത്തിൽ പ്രസ്താവന നടത്തുന്നതിന് മുമ്പ് കോൺഗ്രസ് പാർട്ടി ശ്രദ്ധിക്കണമെന്നും സ്കൂളുകളിൽ കാവി ഷാൾ ധരിക്കുന്നത് പോലും അനുവദിക്കാൻ സാധിക്കില്ലന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്