- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരീക്ഷകൾ ബഹിഷ്‌കരിച്ച് ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികൾ പെട്ടു; പുനഃപരീക്ഷയ്ക്ക് അവസരം നൽകില്ലെന്ന് കർണാടക സർക്കാർ
മംഗളൂരു: പരീക്ഷകൾ ബഹിഷ്‌കരിച്ച് ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷയ്ക്ക് അവസരം നൽകില്ലെന്ന് കർണാടക സർക്കാർ.
ഇതോടെ നിരവധി വിദ്യാർത്ഥികളുടെ ഭാവി തുലാസിലായി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ഈ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ രണ്ടാമതൊരു അവസരം നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയത് അംഗീകരിച്ച് ഹൈക്കോടതിവിധിയുണ്ടായതോടെ പല വിദ്യാർത്ഥികളും കോടതിയുടെ ഇടക്കാല ഉത്തരവിനെ എതിർക്കുകയും പരീക്ഷകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ മാത്രമേ പരീക്ഷയ്ക്ക് ഹാജരാകൂ എന്നായിരുന്നു സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ നിലപാട്. എന്നാൽ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമായതിനാൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ പ്രാക്ടിക്കൽ പരീക്ഷ ബഹിഷ്‌കരിച്ച പെൺകുട്ടികൾക്ക് ഇതേ പരീക്ഷ ഇനി എഴുതാൻ അനുവദിച്ചാൽ മറ്റ് ചില വിദ്യാർത്ഥികൾ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പരീക്ഷ ആവശ്യപ്പെടുമെന്ന് നാഗേഷ് പറഞ്ഞു. അതുകൊണ്ട് ഇത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.യു വിഷയങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക് 30 മാർക്കും തിയറിക്ക് പരമാവധി 70 മാർക്കുമുണ്ട്. വരാനിരിക്കുന്ന വാർഷിക പരീക്ഷയിൽ, പ്രായോഗിക പരീക്ഷകൾ ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾക്ക് പരമാവധി 70 മാർക്ക് നേടാനുള്ള അവസരമുള്ള തിയറി പേപ്പറുകൾ മാത്രമേ എഴുതാൻ കഴിയൂ. തിയറി പരീക്ഷയിലും പങ്കെടുത്തില്ലെങ്കിൽ അവർക്ക് ഒരു വർഷത്തെ വിദ്യാഭ്യാസം നഷ്ടമാകും. ഇപ്പോൾ ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്