പോലീസ് സ്‌കോട്ട്ലൻഡ് തങ്ങളുടെ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായി ഹിജാബിനെ അംഗീകരിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ പൊലീസല്ല മറിച്ച് വെള്ളക്കാരുടെ നാട്ടിലെ പൊലീസാണീ ധീരമായ നീക്കം നടത്തിയിരിക്കുന്നതെന്നറിയുമ്പോഴാണ് അവിശ്വസനീയത തോന്നുന്നത്. ഇസ്ലാമോഫോബിയയാൽ ഫ്രാൻസിൽ ബുർഖ പേടി വർധിക്കുകയും ബുർഖധാരികളെ ലക്ഷ്യമിട്ട് ഫ്രഞ്ച് പൊലീസ് പരക്കം പായുകയും ചെയ്യുന്ന സമയത്താണ് പൊലീസ് സ്‌കോട്ട്ലൻഡ് ഹിജാബ് ഔദ്യോഗിക വേഷമാക്കി മാതൃക കാട്ടിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുസ്ലിം സ്ത്രീകളെ കൂടുതലായി സേനയിൽ ചേരാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊലീസ് സ്‌കോട്ട്ലൻഡ് ഈ നീക്കം നടത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് സീനിയർ സ്റ്റാഫ് മെമ്പർമാരുടെ അനുവാദത്തോടെ മാത്രമേ ഓഫീസർമാർക്ക് മതപരമായ ശിരോവസ്ത്രം അണിയാൻ അനുമതി ലഭിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ നിയമത്തിലൂടെ ബുർഖയെ പൊലീസ് സ്‌കോട്ട്ലൻഡ് ഔപചാരികമായി യൂണിഫോമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുകയാണിപ്പോൾ. പുതിയ പ്രഖ്യാപനത്തെ സ്‌കോട്ടിഷ് പൊലീസ് മുസ്ലിം അസോസിയേഷൻ (എസ്‌പിഎംഎ) സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലിം സമുദായവുമായി അടുത്ത ബന്ധമുണ്ടാക്കാൻ വേണ്ടി 2010ൽ രൂപീകരിച്ച സംഘടനയാണിത്. ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്താൻ തനിക്ക് സന്തോഷമുണ്ടെന്നും ഇക്കാര്യത്തിൽ മുസ്ലിം സമൂഹം, പൊതുസമൂഹം, പൊലീസ് ഓഫീസർമാർ തുടങ്ങിയവരിൽ നിന്നുള്ള പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ചീഫ് കോൺസ്റ്റബിളായ ഫിൽ ഗോർമ്ലെ പറയുന്നത്.

യൂണിഫോമിൽ ബുർഖയെ കൂടെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ സേനയിലേക്ക് മുസ്ലിം സ്ത്രീകൾ കൂടുതതലായി കടന്ന് വരാൻ ഇടയാക്കുമെന്നും അത് സേനയെ കൂടുതൽ വൈവിധ്യവൽക്കരിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. പൊലീസ് സ്‌കോട്ട്ലൻഡിൽ ചേരാൻ വേണ്ടി 2015/ 2016ൽ 4809 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ 127 അപേക്ഷകൾ എത്നിക്ക് പശ്ചാത്തലത്തിൽ നിന്നുള്ളവരുടേതാണെന്നും ഈ വർഷം ആദ്യം സ്‌കോട്ടിഷ് പൊലീസ് അഥോറിറ്റി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്‌കോട്ട്ലൻഡ് നിയമനക്കാര്യത്തിൽ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതായത് ബ്ലാക്ക് ആൻഡ് മൈനോറിറ്റി എത്നിക് ഗ്രൂപ്സി(ബിഎംഇ)ന് വേണ്ട വിധത്തിൽ സേനയിൽ പ്രാതിനിധ്യം നൽകണമെങ്കിൽ 650 ബിഎംഇ റിക്രൂട്ടുകളെങ്കിലും എല്ലാ ബിസിനസ് ഏരിയകളിൽ നിന്നും നടത്തേണ്ടതുണ്ടെന്നും പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ നിലവിലുള്ള അപേക്ഷാ പ്രവണതകൾ പരിഗണിച്ചാൽ ആ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കില്ല. ഇതിനാലാണ് ഹിജാബിനെ യൂണിഫോമിൽ ഉൾപ്പെടുത്തി കൂടുതൽ മുസ്ലിം സ്ത്രീകളെ സേനയിലേക്ക് ആകർഷിക്കാൻതീരുമാനിച്ചിരിക്കുന്നത്. ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് ഒരു ദശാബ്ദത്തിന് മുമ്പ് തന്നെ ഹിജാബിനെ യൂണിഫോമിന്റെ ഭാഗമാക്കിയിരുന്നു.ഇതൊരു പോസിറ്റീവായ സ്റ്റെപ്പാണെന്നാണ് എസ്‌പിഎംഎ ചെയറായ ഫഹദ് ബാഷിർ പ്രതികരിച്ചിരിക്കുന്നത്.