ഹിജാബ് ധരിച്ച് കൂട്ടുകാരിക്കൊപ്പം ബെർമിങ്ഹാമിലെ സിറ്റി സെന്ററിൽ ജനക്കൂട്ടത്തിന് മുന്നിൽ വച്ച് ഹിപ് ഡാൻസ് കളിച്ച മുസ്ലിം കൗമാരക്കാരിയെ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത് ഇസ്ലാമിക വിശ്വാസികൾ രംഗത്തെത്തി. സ്ട്രീറ്റ് പെർഫോമറായ സുഹൃത്തിനൊപ്പമാണ് 17കാരിയായ പെൺകുട്ടി കസറിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം നീണ്ട് നിൽക്കുന്ന ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഇത് വൈറലാവുകയും മുസ്ലിം വിശ്വാസികൾക്കിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കുകയുമായിരുന്നു. ഇത് വളരെ അപമാനകരമായ പ്രവൃത്തിയാണെന്നും പെൺകുട്ടിയെ വധിക്കണമെന്നുമാണ് നിരവധി മുസ്ലിം വിശ്വാസികൾ പ്രതികരിച്ചിരിക്കുന്നത്.

ഇതിനെ തുടർന്ന് തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം രേഖപ്പെടുത്തി യൂട്യൂബ് ഇന്റർവ്യൂവിലൂടെ പെൺകുട്ടി രംഗത്തെത്തിയിരുന്നു. ഇതിലൂടെ താൻ മതപരമായ വസ്ത്രത്തെ അപമാനിക്കുകയായിരുന്നുവെന്ന് പെൺകുട്ടി സമ്മതിക്കുന്നുമുണ്ട്. താൻ സുഹൃത്തുക്കളുമായി ഷോപ്പിങ് നിർവഹിക്കുമ്പോൾ ഒരാൾ തെരുവിൽ മ്യൂസിക്ക് പ്ലേ ചെയ്യുന്നതും സ്ട്രീറ്റ് പെർഫോർമർ ഡാൻസ് ചെയ്യുന്നതും കണ്ടുവെന്നും അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് താനും ചുവടുകൾ വച്ചതെന്നും പെൺകുട്ടി വിശദീകരണം നൽകുന്നു.ഫേസ്‌ബുക്കിൽ പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് അത് ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

ഇത് തീർത്തും രോഷമുയർത്തുന്ന കാര്യമാണെന്നും ചിലർക്ക് ശിരോവസ്ത്രത്തിന്റെ മഹത്വമറിയില്ലെന്നും നിരവധി യൂസർമാർ പ്രതികരിച്ചിരിക്കുന്നു. ആരെങ്കിലും കന്യാസ്ത്രീയുടെ വസ്ത്രം ധരിച്ച് ഡാൻസ് കളിക്കുമോയെന്നാണ് ചിലർ ക്രോധത്തോടെ ചോദിക്കുന്നത്. ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന വസ്ത്രമായ ഹിജാബ് ധരിച്ച് ഇത്തരത്തിൽ നൃത്തമാടിയത് ഗുരുതരമായ തെറ്റാണെന്ന് ഒരു സോഷ്യൽ മീഡിയ യൂസർ പ്രതികരിക്കുന്നു. ഇസ്ലാമിന് അപമാനമുണ്ടാക്കുന്ന ഒരു വിഢിയുടെ പ്രവൃത്തിയെന്നും പ്രതികരണമുണ്ട്. എന്നാൽ നിരവധി പേർ ഇതിനെ പെൺകുട്ടിയെ ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു. വെറുമൊരു തമാശയ്ക്ക് വേണ്ടിയാണ് പെൺകുട്ടി ഇത്തരത്തിൽ നൃത്തമാടിയിരിക്കുന്നതെന്നും അതിനെ ആ സെൻസിൽ കണ്ടാൽ മതിയെന്നുമാണ് അവർ അഭിപ്രായപ്പെടുന്നത്.

തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ നേരായി ചിന്തിക്കുവാൻ തനിക്ക് പ്രയാസമുണ്ടെന്നും പെൺകുട്ടി മുസ്ലിം യൂട്യൂബ് സ്റ്റാറായ അലി ഡവാഹുമായി നടത്തിയ സംഭാഷണത്തിൽ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സന്ദേശങ്ങൾ വ്യാപിപ്പിക്കുന്ന വീഡിയോകൾ ഡവാഹ് പുറത്തിറക്കാറുണ്ട്. താൻ ഈ അടുത്ത് വരെ മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നും ഇസ്ലാം മതം സ്വീകരിച്ചിട്ട് വെറും രണ്ട് മാസം മാത്രമേയായിട്ടുള്ളുവെന്നും പെൺകുട്ടി പറയുന്നു. ഹിജാബിന് അപമാനിച്ചതിൽ മാപ്പ് ചോദിക്കാനും പെൺകുട്ടി മടി കാണിക്കുന്നില്ല.