ന്യൂഡൽഹി: കർണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജിയിൽ തീർപ്പ് കൽപ്പിക്കുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് ഇന്നലെ ഇടക്കാല ഉത്തരവിലൂടെ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോൾ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ഹർജി അടിയന്തിരമായി കേൾക്കണമെന്ന് സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. കർണാടകത്തിൽ നടക്കുന്നത് തങ്ങൾ വീക്ഷിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ട്. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

പതിനഞ്ചാം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും അതിനാൽ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാൽ പരീക്ഷയ്ക്ക് ഹാജരാകാൻ ബുദ്ധിമുട്ടാകുമെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി. ഇടക്കാല ഉത്തരവ് സിഖ് മത വിഭാഗത്തിൽപ്പെട്ടവർക്ക് ഉൾപ്പടെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. എന്നാൽ ഹർജിയിൽ ഉടൻ വാദംകേൾക്കാൻ ചീഫ് ജസ്റ്റിസ് വിസ്സമ്മതിച്ചു.

ഹിജാബ് വിവാദത്തിൽ യൂത്ത് കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കാനുള്ള മുസ്ലിം സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്സും സുപ്രീം കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് അഖിലിന്ത്യാ പ്രസിഡണ്ട് ബി.വി. ശ്രീനിവാസാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഹിജാബ് നിരോധനത്തിൽ തൽസ്ഥിതി തുടരാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. 1 മുതൽ 10 വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കും. കോളേജുകൾ രണ്ടാം ഘട്ടമായി തുറക്കും.

അന്തിമ ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർത്ഥിനികളും സംഘടനകളും നൽകിയ ഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റുകയായിരുന്നു.

ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ചും വരരുത് എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുത് സമാധാനം തകർക്കുന്ന തരത്തിലുള്ള ഒരുനീക്കവും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ബംഗളുരു നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധപ്രകടനങ്ങളും സർക്കാർ വിലക്കിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവൻകരയിലും നിരോധനാജ്ഞ തുടരുകയാണ്.

ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഉച്ച തിരിഞ്ഞ് ഹിജാബ് നിരോധനത്തിന് എതിരെയുള്ള ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ രാവിലെ സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി ഉത്തരവ് വരുന്നത് വരെ അന്തിമതീരുമാനം എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന മന്ത്രിസഭയുടെയും തീരുമാനം.

ഹിജാബ് എന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം. കർണാടകയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.