ബെംഗളൂരു: കർണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജുകളിൽ യൂണിഫോം സിസ്റ്റം നടപ്പാക്കാനൊരുങ്ങി പ്രീ യൂണിവേഴ്സിറ്റി വകുപ്പ്.ഹിജാബ് നിരോധനം ദേശീയ തലത്തിൽ ചർച്ചയായതോടെ കഴിഞ്ഞ ദിവസം കോളേജിൽ ചേർന്ന യോഗത്തിലാണ് യൂണിഫോം രീതിയിലേക്ക് മാറാനുള്ള നിർദ്ദേശമുയർന്നത്.കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷിന്റെ നേതൃത്വത്തിൽ ചേരാനിരിക്കുന്ന യോഗത്തിൽ വെച്ച് വിദ്യാർത്ഥികൾക്ക് യൂണിഫോം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ട്.

കർണാടക ഉഡുപ്പിയിലെ സർക്കാർ കോളേജുകളിൽ മുസ്ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് അധികൃതർ നിരോധിച്ചിരുന്നു. ഇതേത്തുടർന്ന് ഏകദേശം ഒരു മാസത്തോളമായി ഹിജാബ് വിഷയത്തിൽ സംസ്ഥാനത്ത് വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് യൂണിവേഴ്സിറ്റി അധികൃതരുടെ യൂണിഫോം നീക്കം എന്നതും ശ്രദ്ധേയമാണ്.

ക്ലാസിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് ഉഡുപ്പിയിലെ സർക്കാർ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ രുദ്രെ ഗൗഡ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു കോളേജിൽ നിന്നും ആറ് വിദ്യാർത്ഥിനികളെ പുറത്താക്കുകയായിരുന്നു.

അതേസമയം, കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അധികൃതരുടെ നടപടിക്കെതിരെ പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികൾ കൂടുതൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.''ഞങ്ങൾ ആവശ്യപ്പെടുന്നത് ഞങ്ങളുടെ മൗലികാവകാശങ്ങളാണ്, മറ്റൊന്നുമല്ല. സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് ഞങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ് അവർ.അവരുടെ രീതിക്ക് വഴങ്ങുന്നത് വരെ ഞങ്ങൾക്ക് കോളേജിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 20 ദിവസമായി ഇത് തുടരുന്നു. ഞങ്ങൾ ആബ്സെന്റ് ആണെന്നാണ് അവർ രേഖപ്പെടുത്തുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു

അതേസമയം ഡെസ്‌കിൽ എത്തുന്നത് വരെ ഹിജാബും ബുർഖയും ധരിക്കാനുള്ള അനുമതി പെൺകുട്ടികൾക്കുണ്ടെന്നും എന്നാൽ ക്ലാസ് ആരംഭിച്ച് കഴിഞ്ഞാൽ അവർ അത് ഊരിമാറ്റണമെന്നുമാണ് കോളേജ്പ്രിൻസിപ്പൽ രുദ്രെ ഗൗഡ പ്രതികരിച്ചത്.'ഡെസ്‌കിൽ എത്തുന്നത് വരെ ഹിജാബും ബുർഖയും ധരിക്കാനുള്ള അനുമതി പെൺകുട്ടികൾക്കുണ്ട്. എന്നാൽ ക്ലാസ് ആരംഭിച്ച് കഴിഞ്ഞാൽ അവർ അത് ഊരിമാറ്റണം.യൂണിഫോം പോളിസിയോ നിർദ്ദേശങ്ങളോ ഒന്നുമില്ലെങ്കിലും ഇത് 37 വർഷമായി തുടർന്ന് വരുന്ന രീതിയാണ്. എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ കോളേജിലെ സാഹചര്യങ്ങളെ മലിനപ്പെടുത്തുകയാണ്,'' രുദ്രെ ഗൗഡ പ്രതികരിച്ചു.

നേരത്തെ മുസ്ലിം വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കുന്നതിൽ നിന്നും വിലക്കിയ കോളേജ് നടപടി ജില്ലാകളക്ടർ ഇടപെട്ട് നിർത്തലാക്കിയിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ കയറാൻ അനുവദിക്കാതിരുന്ന വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാനും കളക്ടർ ഉത്തരവിട്ടിരുന്നു. വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുതെന്ന് കാണിച്ചായിരുന്നു കളക്ടറുടെ നടപടി.എന്നാൽ, കോളേജ് അധികൃതരും ജില്ലാ ഉദ്യോഗസ്ഥരും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന് പുതിയ നിയമം പുറത്തിറക്കുകയും കർശനമായി പാലിക്കാൻ വിദ്യാർത്ഥികളോടാവശ്യപ്പെടുകയുമായിരുന്നു.