ഗസ്സിയാബാദ്: ഹിജാബ് വിഷയത്തിൽ ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ പ്രതിഷേധിച്ച മുസ്ലിം സ്ത്രീകൾക്ക് നേരേ പൊലീസിന്റെ അതിക്രമം. സാനി ബസാർ റോഡിൽ പ്രതിഷേധം സംഘടിപ്പിച്ച 15-ഓളം സ്ത്രീകൾക്ക് നേരേ പൊലീസ് ലാത്തിവീശി. മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരേ പൊലീസ് കേസെടുത്തു.

ഞായറാഴ്ചയായിരുന്നു സംഭവം. പ്രതിഷേധക്കാരെ പൊലീസ് ലാത്തികൊണ്ട് അടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടപടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനവും ഉയരുന്നുണ്ട്. അതേസമയം, വീഡിയോ പരിശോധിച്ചുവരുകയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും യുപി പൊലീസ് വ്യക്തമാക്കി.

മുൻകൂർ അനുമതി വാങ്ങാതെയാണ് 15-ഓളം മുസ്ലിം സ്ത്രീകൾ സാനി ബസാർ റോഡിൽ സർക്കാർ വിരുദ്ധ പോസ്റ്ററുകളുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട വനിതാ കോൺസ്റ്റബിൾമാരെ ചിലർ കൈയേറ്റം ചെയ്തുവെന്നും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരിൽ ചിലർ പൊലീസുകാരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.