ബംഗളൂരു: ഹിജാബ് നിരോധനക്കേസിൽ വിധിവരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വിശാല ബെഞ്ചിൽ വാദം തിങ്കളാഴ്ച തുടരും.

ഹിജാബ് ധരിച്ചേ ക്ലാസിൽ പോകൂവെന്ന് വാശിപിടിക്കരുത്. ക്ലാസുകൾ നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. കേസിൽ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം.

ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർത്ഥിനികളും സംഘടനകളും നൽകിയ ഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റി.

ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുതെന്നും കോടതി നിർദ്ദേശം. സമാധാനം തകർക്കുന്ന ഒരു തരം നീക്കങ്ങളും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നാണ് കോടതി നിരീക്ഷിച്ചത്.

കുട്ടികളുടെ അധ്യായനം മുടങ്ങുന്നു. ഇവർക്ക് കോളേജുകളിൽ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് കോളേജിലോ സ്‌കൂളിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്.

ഹിജാബുമായി ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാക്കും വരെ ഇത്തരത്തിൽ കുട്ടികൾക്ക് കോളേജിൽ പോകാവുന്നതാണ്. തിങ്കളാഴ്ച വീണ്ടും ഹർജിയിൽ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീർപ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹർജി തീർപ്പാക്കാനാണ് കർണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാർത്ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.

കേസ് പരിഗണിക്കുമ്പോൾ നടത്തുന്ന വാക്കാൽ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോടും ഹൈക്കോടതി നിർദ്ദേശിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

ബെംഗളുരു സിറ്റിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധപ്രകടനങ്ങളും സർക്കാർ വിലക്കിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവൻകരയിലും നിരോധനാജ്ഞ തുടരുകയാണ്.

ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഉച്ച തിരിഞ്ഞ് ഹിജാബ് നിരോധനത്തിന് എതിരെയുള്ള ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ രാവിലെ സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി ഉത്തരവ് വരുന്നത് വരെ അന്തിമതീരുമാനം എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന മന്ത്രിസഭയുടെയും തീരുമാനം.

അതേസമയം, സ്‌കൂളുകൾ, പ്രീയൂണിവേഴ്‌സിറ്റി കോളേജുകൾ, ഡിഗ്രി കോളേജുകൾ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം 200 മീറ്റർ ചുറ്റളവിൽ ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 22 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുക.

ഹിജാബ് എന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം. കർണാടകയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.

അതേസമയം, ഹർജിയിൽ വാദം നടക്കുമ്പോൾ 2016-ലെ കേരള ഹൈക്കോടതി ഉത്തരവ് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമായി. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്ന് കേരളഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ കേരള ഹൈക്കോടതി വിധി കണക്കിലെടുക്കണമെന്ന് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ആവശ്യപ്പെട്ടു.

കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും സംയമനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭ്യർത്ഥിച്ചു. രാഷ്ട്രീയക്കാരുൾപ്പടെ ആരും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കർണാടകയ്ക്ക് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളും ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിജാബ് സ്‌കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശും പുതുച്ചേരിയുമാണ് വിവാദത്തിന് തുടക്കമിട്ടത്. എന്നാൽ ഇപ്പോൾ അങ്ങനെയൊരു ചർച്ചയില്ലെന്ന വിശദീകരണവുമായി മധ്യപ്രദേശ് സർക്കാർ വക്താവും മന്ത്രിയുമായ നരോത്തം മിശ്ര രംഗത്തത്തിയിരുന്നു. തെലങ്കാനയിലും ഹിജാബ് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുണ്ട്.

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാർലമെന്റിൽ നേരത്തേ ചർച്ചയാവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ചയില്ലെന്നാണ് സർക്കാർ നിലപാട്. സ്ത്രീകൾക്ക് നേരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രിയങ്കഗാന്ധി എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ടെന്ന് ട്വിറ്ററിൽ കുറിച്ചു. ഇതിന് സഹോദരൻ രാഹുൽ ഗാന്ധി ലൈക്ക് നൽകിക്കൊണ്ട് മറുപടിയും ട്വീറ്റ് ചെയ്തിരുന്നു.