കോട്ടയം : കാലാവസ്ഥ വ്യത്യാസവും വിലക്കുറവും ടാപ്പർമാരുടെ കുറവും ഒന്നും റബർ ഉത്പാദനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉത്പാദന ലക്ഷ്യത്തിലും 36000 ടൺ അധികം നേടാനും കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ റബറുത്പാദനം 6,90,000 ടണ്ണാണ്. ഉത്പാദനലക്ഷ്യം 6.54 ലക്ഷം ടൺ ആയിരുന്നു.

ഇത് 2015-16 വർഷത്തെ അപേക്ഷിച്ച് 22.78 ശതമാനം വർദ്ധനയാണ് കാണിക്കുന്നത്. 2017 മാർച്ചു മാസത്തിൽ കഴിഞ്ഞവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 66.7 ശതമാനം കൂടുതൽ ഉത്പാദനം നടന്നതായും റബർബോർഡ് അറിയിച്ചു. 2017 മാർച്ചുമാസത്തെ ഉത്പാദനം 55,000 ടൺ ആയിരുന്നു. 2016 മാർച്ചിൽ ഉത്പാദനം 33,000 ടൺ മാത്രമായിരുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം റബർകയറ്റുമതിയിലും വർദ്ധനയുണ്ടായി. 20,010 ടൺ റബറാണ് കയറ്റുമതി ചെയ്തത്. അന്താരാഷ്ട്രവില ഉയർന്നുനിന്നതാണ് ഇതിനു കാരണമായത്. 2015-16 ൽ 865 ടൺ റബർ മാത്രമായിരുന്നു കയറ്റുമതി. 2017 മാർച്ചുമാസത്തിലെ കയറ്റുമതി 4562 ടണ്ണും 2016 മാർച്ചിൽ 33 ടണ്ണുമായിരുന്നു.

റബർവിലയിലെ വർദ്ധനയും ഉത്പാദനം വർദ്ധിപ്പിക്കാനായി ബോർഡ് നടത്തുന്ന ശ്രമങ്ങളും ഉത്പാദനവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശങ്ങൾ കർഷകർ വിശ്വാസത്തിലെടുക്കുകയും ടാപ്പുചെയ്യാതെ കിടന്ന തോട്ടങ്ങൾ ടാപ്പുചെയ്യുകയും ചെയ്തു.

'പ്രധാന്മന്ത്രി കൗശൽ വികാസ് യോജന' (പി.എം.കെ.വി.വൈ.), മണ്ണുജലസംരക്ഷണം, ഓൺലൈൻ വളപ്രയോഗ ശുപാർശ (റബ്സിസ്), ഇടവിളക്കൃഷി, പ്രധാന്മന്ത്രി കൗശൽ വികാസ് യോജന പ്രകാരം നടപ്പാക്കിവരുന്ന നൈപുണ്യവികസനപരിപാടികൾ, ആഴ്ചയിലൊരു ടാപ്പിങ്, റെയിൻഗാർഡിങ്, നിയന്ത്രിത കമിഴ്‌ത്തിവെട്ട് തുടങ്ങിയ വിഷയങ്ങളും പ്രാദേശികമായി പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഈ കർഷകസമ്പർക്കപരിപാടികളിൽ ചർച്ചചെയ്യപ്പെടും.

ഈ ആശയങ്ങൾ നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തുകയും പ്രാദേശികമായിത്തന്നെ പരിഹരിക്കുകയും ചെയ്യാനുള്ള നടപടികൾ യോഗത്തിൽ ഉണ്ടാകും.