ചെങ്ങന്നൂർ:' ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്. കണക്കൊക്കെ ഇനി സിമ്പിളായി പഠിക്കാം. സർക്കാർ സ്‌കൂളുകളൊക്കെ സ്മാർട്ടാകുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 103 കോടി രൂപ'. രസകരമായ ഈ പോസ്റ്റർ കാണാൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലേക്ക് വരാം.ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് വോട്ടഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ ട്രെന്റാകുന്നു.

സാധാരണ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി നിരവധി സിനിമകളിലെ ഹാസ്യ രംഗങ്ങളും സംഭാഷണങ്ങളും ഉൾപെടുത്തിയാണ് പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്. എൽഡിഎഫ് സർക്കാർ ചെങ്ങന്നൂരിൽ നടപ്പിലാക്കിയ വികസ പ്രവർത്തനങ്ങൾ സിനിമയിലെ ഹാസ്യരംഗങ്ങളും ഡയലോഗുകളും ഉൾപെടുത്തി വിവരിച്ചാണ് പോസ്റ്ററുകൾ.

ചെങ്ങന്നൂരിൽ പുതിയ പാലങ്ങളും, റോഡുകളും, ഐടിഐയും, പുതിയ സ്‌കൂളുകളും, സ്റ്റേഡിയങ്ങളും, കുടിവെള്ള പദ്ധതികളും എന്തിലേറെ പൂനരുജ്ജീവിച്ച വരട്ടാർ വരെ ഇത്തരം പോസ്റ്ററുകളിൽ ഹാസ്യ രൂപേണ ഇടം പിടിച്ചിരിക്കുന്നു. പോസ്റ്ററിലെ ചിത്രങ്ങൾക്കപ്പുറം ഡയലോഗുകളാണ് ചിരിയുണർത്തുന്നതും ചിന്തിപ്പിക്കുന്നതും. പുതിയ ഐടിഐക്ക് ഫണ്ടനുവദിച്ചതിനെ പോസ്റ്ററിൽ പരാമർശിച്ചതിങ്ങനെ ഞാനീ ഐടിഐയിലൊന്നും പഠിക്കാത്തോണ്ട് ഈ യന്ത്രങ്ങളുടെ പ്രവർത്തനം എനിക്കറീലല്ലോ എന്ന് മാമുക്കോയയുടെ ചിത്രം സഹിതം വെച്ച പോസ്റ്ററിന് ടിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ഇനിയിപ്പോ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ പഠിക്കാമല്ലോ. 7.3 കോടി രൂപയല്ലേ ഐടിഐക്ക് അനുവദിച്ചത്.

ഇങ്ങനെ നിരവധിയായ പോസ്റ്ററുകളാണ് വളരെ രസകരമായി ചെയ്തിരിക്കുന്നത്. മനസ് നിറയെ നീന്തിക്കുളിക്കാം.വരട്ടാർ കുട്ടംപേരൂറുകളുടെ നവീകരണത്തിന് 20.4 കോടി. ബല്ലേബാസ് യാ ഗേന്ദ്ബാസ്...മനസ്സിലായില്ലേ...ബാറ്റ്‌സമാനോ അതോ ബൗളറോ? അന്താരാഷ്ട്ര മൽസരങ്ങൾ ഇനി ചെങ്ങന്നൂരിലും വരും.ചെങ്ങന്നൂരിൽ 40 കോടിയുടെ അന്താരാഷ്ട്ര സ്‌റ്റേഡിയം.പഴയ മട്ടിലുള്ള രാഷ്ട്രീയപാർട്ടികളുടെ പോസ്റ്റർ ശൈലികളിൽ നിന്ന് വ്യത്യസ്തമായതിനാൽ തന്നെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെങ്ങന്നൂരിലെ എഞ്ചിനീയറിങ് ബിരുദ
ധാരിയായ യുവാവാണ് ഈ പോസ്റ്ററുകൾ ചെയ്തിരിക്കുന്നത്.