മേരിക്കൻ വൈസ് പ്രസിഡന്റായ ജോയ് ബിഡെന് സ്ത്രീകളെ കണ്ടാൽ കെട്ടിപ്പിടിക്കാൻ കൈതരിക്കും... കെട്ടിപ്പിടിത്തത്തിന് സ്ത്രീകളെ കിട്ടിയാലോ പിന്നെ പുള്ളിക്കാരൻ പിടിവിടുകയുമില്ല. ഇക്കഴിഞ്ഞ ദിവസം ബിഡെന്റെ ധൃതരാഷ്ട്രാലിംഗനത്തിന് ഇരയായത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹില്ലാരി ക്ലിന്റനാണ്. വൈസ് പ്രസിഡന്റിന്റെ കെട്ടിപ്പിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഹില്ലാരിയുടെ വീഡിയോ വൈറലാവുകയാണ്.

സ്‌ക്രാന്റൻ എയർപോർട്ടിൽ വച്ച് ഇവർ പരസ്പരം ഉപചാരപൂർവം സ്വാഗതം ചെയ്തതിന് ശേഷമായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഈ കെട്ടിപ്പിടിത്തം നടന്നത്. ആദ്യം ക്ലിന്റൻ ചിരിക്കുന്നുണ്ടെങ്കിലും സമയം കഴിഞ്ഞിട്ടും ബെഡെൻ വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോൾ ഇതിൽ നിന്നും ഹില്ലാരി കുതറിമാറാൻ ശ്രമിക്കുന്നത് കാണാം. എന്നിട്ടും വൈസ് പ്രസിഡന്റ് ഹില്ലാരിയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകൾ വിടാൻ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹം അവരെ വിട്ടയയ്ക്കുകയായിരുന്നു.

വ്യത്യസ്ത ദിശകളിലേക്ക് നടന്ന് പോവുകയായിരുന്ന ഇരുവരും കണ്ടുമുട്ടിയപ്പോഴായിരുന്നു ഈ സ്നേഹ പ്രകടനം. ബിഡെൻ കുട്ടിക്കാലം ചെലവഴിച്ച സ്‌ക്രാന്റനിൽ പ്രചാരണം നടത്താനെത്തിയതായിരുന്നു ഇരുവരും. യുഎസ് സെനറ്റിലെ തന്റെ പഴയ സഹപ്രവർത്തകൻ കൂടിയായ ബിഡെനെ ഇരുവരും ചേർന്ന് നടത്തിയ റാലിയിൽ പ്രശംസിക്കാൻ ഹില്ലാരി മടി കാണിച്ചില്ല. അമേരിക്കയിലുള്ള ഏവരെയും സ്നേഹിക്കുന്നയാളാണ് വൈസ് പ്രസിഡന്റെന്നായിരുന്നു ഹില്ലാരിയുടെ പ്രശംസ.

ഇതാദ്യമായിട്ടല്ല ബിഡെൻ സ്ത്രീകളെ ഇത്തരത്തിൽ കെട്ടിപ്പിടിച്ച് വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുതുതായി നിയമിതനായ ഡിഫെൻസ് സെക്രട്ടറി ആഷ് കാർട്ടറുടെ ഭാര്യ സ്റ്റീഫൻ കാർട്ടറെ കെട്ടിപ്പിടിച്ച് ബിഡെൻ മാദ്ധ്യമശ്രദ്ധയാകർഷിച്ചിരുന്നു. അതിന് മുമ്പ് അഭിനേത്രിയായ ഈവ ലോൻഗോറിയയും ഐറിഷ് പ്രസിഡന്റ് മാറി മാക്അലീസും ബിഡെന്റെ കെട്ടിപ്പിടിത്തത്തിന്റെ രുചിയറിഞ്ഞവരാണ്.

സ്‌ക്രാന്റനിൽ ഹില്ലാരിക്ക് വേണ്ടി നടത്തിയ റാലിയിൽ ബിഡെൻ വളരെ വികാരനിർഭരനായിട്ടാണ് സംസാരിച്ചത്. തന്റെ ഹോംടൗണിലെത്താൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം താൻ ബാല്യകാലം ചെലവിട്ട ഇവിടുത്തെ നോർത്ത് വാഷിങ്ടൺ സ്ട്രീറ്റിലുള്ള വീട്ടിലേക്കും ഹില്ലാരിയെ കൂട്ടിക്കൊണ്ട് പോയിരുന്നു. വീട്ടിനുള്ളിലത്തിയ വൈസ് പ്രസിഡന്റ് തന്റെ നിരവധി ബാല്യകാല ഓർമകൾ ഹില്ലാരിയുമായി പങ്ക് വയ്ക്കുകയും ചെയ്തു.

പെൻസിൽ വാനിയ പട്ടണമായ സ്‌ക്രാന്റൻ ഹില്ലാരിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറെയുള്ള സ്ഥലമാണ്. അവരുടെ പിതാവായ ഹുഗ് റോഡാം ഇവിടെയാണ് വളർന്നത്. ഇവിടെയുണ്ടായിരുന്ന തന്റെ മുത്തച്ഛനൊപ്പം ചെലവഴിച്ച സമ്മറുകളെ പറ്റി ഹില്ലാരി പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തിരുന്നു. ഇവിടെയുള്ള ചർച്ചിൽ വച്ചാണ് തനിക്ക് മാമോദീസ മുക്കിയതെന്നും ഹില്ലാരി ഓർമിച്ചു.

ഉച്ചയ്ക്ക് ശേഷം സ്‌ക്രാന്റനിലെ റിവർഫ്രന്റ് സ്പോർട്സ് സ്റ്റേഡിയത്തിലെ റാലിയിൽ പങ്കെടുക്കാനെത്തിയ ഇരുവർക്കും ജനം ഊഷ്മളമായ സ്വീകരണമായിരുന്നു നൽകിയിരുന്നത്. ബിഡെൻ എത്ര ഉന്നതിയിലെത്തിയെങ്കിലും താൻ എവിടെ നിന്നാണ് പുറപ്പെട്ടതെന്ന് അദ്ദേഹം ഒരിക്കലും മറന്നിട്ടില്ലെന്നായിരുന്നു ആദ്യംപ്രസംഗിച്ച ഹില്ലാരി ജനത്തോട് പറഞ്ഞത്. രാജ്യത്തെ സംരക്ഷിക്കാന് പ്രാപ്തിയുള്ള നല്ല സ്ഥാനാർത്ഥിയാണ് ഹില്ലാരിയെന്ന് ബിഡെൻ തന്റെ പ്രസംഗത്തിൽ വെളിപ്പെടുത്തി. അവർ പ്രസിഡന്റായാൽ രാജ്യത്തെ മിഡിൽ ക്ലാസുകാർക്ക് സാമ്പത്തിക അഭിവയോധികിയുണ്ടാകുമെന്നും ബിഡെൻ ഉറപ്പ് നൽകി.