ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റേയോ ബിജെപിയുടേയോ ദേശീയ നേതൃത്വം സജീവമായി പ്രചരണത്തിൽ പങ്കെടുത്തിരുന്നില്ല. വിജയം ഉറപ്പിച്ചായിരുന്നു ബിജെപി പ്രചരണത്തിന് തുടക്കമിട്ടത്. പ്രേകുമാർ ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഹിമാചലിലെ ബിജെപിയുടെ വിജയം ധൂമലിന്റേതാണ്. എക്‌സിറ്റ് പോളുകൾ ബിജെപിക്ക് അമ്പതിന് മുകളിൽ സീറ്റുകൾ പ്രവചിച്ചിരുന്നു. എന്നാൽ 40 സീറ്റുകൾ മാത്രമേ ബിജെപിക്ക് ലഭിക്കൂവെന്നാണ് പുറത്തുവരുന്ന സൂചന. കോൺഗ്രസിന് 24ഉം. സിപിഎമ്മും ഇവിടെ നിയമസഭയിലേക്ക് ജയിച്ചു കയറി.

ആകെയുള്ള 68 സീറ്റുകളിൽ 35 സീറ്റുകളിൽ ജയിച്ചാൽ ഭരണം ഉറപ്പിക്കാം. നിലവിൽ അധികാരം കൈയാളുന്ന കോൺഗ്രസിനെതിരായുള്ള ശക്തമായ ഭരണവിരുദ്ധ വികാരം ബിജെപിക്കു തുണയായി എന്നുവേണം വിലയിരുത്താൻ. മോദി പ്രഭാവം ഒന്നും ഹിമാചലിൽ ബിജെപി ചർച്ചയാക്കിയിരുന്നില്ല. കോൺഗ്രസും ബിജെപി.യും ഹിമാചലിൽ ഒരുപോലെ വിജയപ്രതീക്ഷ പുലർത്തിയിരുന്നെങ്കിലും എക്സിറ്റ്പോൾ പ്രവചനങ്ങൾ ബിജെപിക്കൊപ്പമായിരുന്നു. 55 വരെ സീറ്റുകൾ ബിജെപി. നേടുമെന്നായിരുന്നു എക്സിറ്റ്പോൾ പ്രവചനങ്ങൾ. ഇത് പ്രതീക്ഷിച്ച പോലെ എത്തിയില്ല. ധൂമലിന്റെ വ്യക്തി പ്രഭാവമാണ് ബിജെപിക്ക് തുണയായത്.

കോൺഗ്രസിന്റെ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. സിബിഐ പല കേസുകളിലും തെളിവുകളും കണ്ടെത്തി. റെയ്ഡുകളും നടത്തി. ഈ അഴിമതി ആരോപണങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയാകുന്നത്. മറുവശത്ത് ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനം പലരും ലക്ഷ്യമിട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും മുഖ്യമന്ത്രി മോഹവുമായി സജീവമായി. അനുരാഗ് ഠാക്കൂറും മുഖ്യമന്ത്രിയാക്കാൻ കരുക്കൾ നീക്കി. ഇതിനിടെയാണ് ഹിമാചൽ കൈവിട്ടുപോകാതിരിക്കാൻ ധൂമലിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. ഇത് ഫലം കാണുകയും ചെയ്തു.

നവംബർ ഒൻപതിന് ഒറ്റഘട്ടമായാണ് ഹിമാചലിൽ തിരഞ്ഞെടുപ്പ് നടന്നത്. 50,25,941 വോട്ടർമാരുള്ള സംസ്ഥാനത്ത് 74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2012-ലെ തിരഞ്ഞെടുപ്പിനെക്കാൾ 0.5 ശതമാനം കൂടുതലാണിത്. 2012ൽ ആകെയുള്ള 68 സീറ്റിൽ കോൺഗ്രസ്-36, ബിജെപി.-26, ഹിമാചൽ ലോക്ഹിത് പാർട്ടി-1, സ്വതന്ത്രർ-5 എന്നിങ്ങനെയായിരുന്നു സീറ്റ് നില. നിലവിൽ കോൺഗ്രസിന് അംഗബലം കുറഞ്ഞ്-35, ബിജെപി.-28 എന്നിങ്ങനെയാണ്.

ഹിമാചൽ നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി. പുതുച്ചേരി, പഞ്ചാബ് എന്നിവയ്ക്ക് പുറമെ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാം, മേഘാലയ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരണമുള്ളത്. ഗുജറാത്തിലും നേരിയ ലീഡിന് ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് ഇത്.