ഷിംല: ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മുപ്പതോളം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പത്ത് പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

റെക്കോങ് പിയോ-ഷിംല ഹൈവേയിൽ ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്, ഒരു ട്രക്ക് എന്നിവയുൾപ്പെടെ നിരവധി വാഹനങ്ങൾ മുൺകൂനയ്ക്കുള്ളിൽ അകപ്പെട്ടിട്ടുണ്ട്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസ്സിൽ 40 യാത്രക്കാരാണുണ്ടായിരുന്നത്.



ബസ് ഡ്രൈവർ, കണ്ടക്ടകർ ഉൾപ്പെടെ 9 പേരെ രക്ഷപെടുത്താനായി. ഐടിബിപിയും, ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

അപകടശേഷവും കൂറ്റൻ കല്ലുകൾ വീണതിനാൽ രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകി. മണ്ണിടിച്ചിലിൽ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.

 

അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട ട്രക്കും ഏതാനും വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബസ് ഇതുവരെ ലഭിച്ചിട്ടില്ല.

ഐടിബിപിയുടെ 20 ട്രൂപ്പുകൾ, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ് തുടങ്ങിയവർ സംയുക്തമായി സംഭവസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. സംഭവം നടന്ന സ്ഥലം ഇപ്പോഴും അപകടാവസ്ഥയിലാണെന്നും, എങ്കിലും രാത്രിയിലും തിരച്ചിൽ തുടരുമെന്നും ഐടിബിപി ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം താക്കൂറുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും വാഗാദാനം ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു.



സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ തുടരുന്നതിനാൽ അതീവ ജാഗ്രതാനിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം കിനൗറിൽ തന്നെ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ 9 പേരാണ് മരിച്ചത്.