തിരുവനന്തപുരം: ഉൽപ്പന്നങ്ങളിൽ നിന്നു 'ഹലാൽ' സ്റ്റിക്കർ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബഹിഷ്‌കരണവും പ്രക്ഷോഭവും ഉൾപ്പെടെയുള്ളവ സ്ഥാപനങ്ങളിലേക്ക് ഉണ്ടാവുമെന്ന് വ്യാപകരികൾക്ക് ഹിന്ദു ഐക്യവേദി നൽകയിയ കത്ത് വിവാദത്തിൽ. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് കത്ത് നൽകിയത്. സമീപകാലത്ത് പ്രവർത്തനം ആരംഭിച്ച ഒരു ബേക്കറി ഉടമയ്ക്കു നൽകിയ കത്താണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

സ്ഥാപനത്തിൽ ഹലാൽ എന്ന സ്റ്റിക്കർ പതിക്കുകയും അതുവഴി ഹലാൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്ന സന്ദേശം നൽകുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേർതിരിവ് അയിത്താചരണവും കുറ്റകരവുമാണ്. ആയതിനാൽ നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം ഹലാൽ അറിയിപ്പ് സ്ഥാപനത്തിൽനിന്ന് നീക്കം ചെയ്യണം. മേലിൽ നിങ്ങളുടെ സ്ഥാപനത്തിലെ പരസ്യത്തിൽ നിന്നു അത് ഒഴിവാക്കണം. അല്ലാത്തപക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് ഹിന്ദു ഐക്യവേദിയെ നിർബന്ധിതരാക്കുമെന്നാണ് നോട്ടീസിലുള്ളത്.

ഹിന്ദു ഐക്യവേദിയുടെ ആലുവ ജില്ലാ കാര്യാലയത്തിന്റെ പേരിൽ തന്നെ അച്ചടിച്ചു പുറത്തിറക്കിയ നോട്ടീസാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രസിഡന്റ് അരുൺ അരവിന്ദിന്റെയും ജനറൽ സെക്രട്ടറി ധനേഷ് പ്രഭാകരന്റെയും നമ്പറും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെയും ഹലാൽ മുദ്രയുള്ള ഉൽപ്പന്നങ്ങൾക്കു നേരെ സംഘപരിവാർ സംഘടനകൾ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെ, ക്രിസ്തുമസിന് കേരളത്തിലെ ക്രൈസ്തവർ ഹലാൽ മാംസം ബഹിഷ്‌കരിക്കുന്നുവെന്ന് കാണിച്ച് ഒരു വ്യാജവാർത്തയും പുറത്തുവിട്ടിരുന്നു. ഒരു ക്രൈസ്തവ സംഘടനയുടെ പേരിൽ പുറത്തിറക്കിയ വ്യാജ ബഹിഷ്‌കരണ ആഹ്വാനം ഇംഗ്ലീഷ് ദിനപത്രത്തിൽ വരെ വാർത്തയാക്കുകയും ചെയ്തു. എന്നാൽ, വിഷയം ശ്രദ്ധയിൽപ്പെട്ട ക്രൈസ്തവ സംഘടന തങ്ങളുടെ വെബ്‌സൈറ്റിലീടെ ഇത് വ്യാജവാർത്തയാണെന്നു വ്യക്തമാക്കുകയും ബീഫ് ഉലത്തിയതിന്റെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.