വാഷിങ്ടൺ ഡിസി: കൊളംബിയ ഡിസ്ട്രിക്ട്, മെട്രോ റീജണിലെ വിവിധ പട്ടണങ്ങളിലെ ഹൈന്ദവ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന സമാഗമം മെറിലാൻഡ് മൗണ്ട് ഗോമറി കൗണ്ടി ഓഡിറ്റോറിയത്തിൽ നടന്നു. കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടെയും നിലനില്പും സമാധാനപരമായ സഹവർത്തിത്വവും സുസാധ്യമാക്കുന്ന സങ്കല്പമാണു സനാതന ധർമമെന്നും ആധുനിക ലോകത്തിലെ ശാസ്ത്രീയ നിഗമനങ്ങളെയും സഹോദര മത സങ്കല്പങ്ങളേയും സഹിഷ്ണുതയോടെ സ്വാംശീകരിക്കാനുള്ള ചിന്താ വൈപുല്യം ഹിന്ദുവിന്റെ ദർശനസൗന്ദര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നായക സഭാംഗം സനിൽ ഗോപി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് കുട്ടി 2017 ഡിട്രോയിറ്റ് ഗ്ലോബൽ ഹിന്ദു കൺവൻഷന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ മുൻ പ്രസിഡന്റ് എം.ജി. മേനോൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ രതീഷ് നായർ, ശോഭാ മാധവൻ, ലക്ഷ്മിക്കുട്ടി പണിക്കർ എന്നിവർ പ്രസംഗിച്ചു. ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിശിഷ്ടാതിഥികളായിരുന്ന പ്രസിഡന്റ്, സെക്രട്ടറി, പാർഥസാരഥി പിള്ള, എം.ജി. മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ട്രസ്റ്റി ബോർഡ് അംഗം അരുൺ രഘു, ശശിമേനോൻ, മനോജ് ശ്രീനിലയം, കൃഷ്ണ കുമാർ, സന്ദീപ് പണിക്കർ, നാരായണൻകുട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ