കൊൽക്കത്ത: കോടാനുകോടി ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന നാടാണ് നമ്മുടെ ഇന്ത്യ. എന്നാൽ, അങ്ങുദൂരെ ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാനിൽ നമ്മുടെ നാടിന്റെ സ്വന്തം ദൈവങ്ങളെ പരമ്പരാഗതമായി ആരാധിക്കുന്നുണ്ടെന്ന വിവരം പലർക്കും അജ്ഞാതമാണ്.

ഒരർഥത്തിൽ പറഞ്ഞാൽ, ദൈവങ്ങളുടെ നാടായ ഇന്ത്യ പോലും മറന്ന ദൈവങ്ങളെയും ബീജാക്ഷരങ്ങളെയും പോലും അതീവശ്രദ്ധയോടെ കാത്തുസൂക്ഷിക്കുകയാണ് ജപ്പാൻ. കോടാനുകോടി ദൈവങ്ങളിലെ ഇരുപതിലേറെപ്പേരെയാണു പതിവായി ജപ്പാൻ ആരാധിക്കുന്നത്.

സരസ്വതീദേവിക്കു മാത്രം നൂറുകണക്കിന് ആരാധനാലയങ്ങൾ ജപ്പാനിലുണ്ട്. ലക്ഷ്മിദേവി, ഇന്ദ്രൻ, ബ്രഹ്മാവ്, ഗണപതി, ഗരുഡൻ തുടങ്ങിയവർക്കുമുണ്ട് അമ്പലങ്ങൾ. ഇതുകൂടാതെയാണ് ആരാധിക്കാൻ ഇന്ത്യക്കാർ മറന്നുപോയ പലതും ജപ്പാൻകാർ ആരാധിക്കുന്നത്. കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ നടക്കുന്ന അപൂർവ പ്രദർശനത്തിൽ വന്ന ഫോട്ടോകളാണ് ജപ്പാൻകാരുടെ ഇന്ത്യൻദൈവങ്ങളോടുള്ള ഭക്തി വെളിവാക്കുന്നത്. ഇന്ത്യ മറന്ന ഇന്ത്യയുടെ ആരാധനാചരിത്രം ഒരു വിദേശരാജ്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെന്നു പ്രദർശനം വ്യക്തമാക്കുന്നു.

ജപ്പാൻ ഫൗണ്ടേഷനും ചലച്ചിത്രകാരനും കലാചരിത്രകാരനുമായ ബിനോയ് കെ ബെല്ലുമാണ് അപൂർവ ഫോട്ടോകൾ ഉൾപ്പെടുന്ന പ്രദർശനം ഒരുക്കിയിരിക്കുന്നത്. ആറാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന സിദ്ധം ലിപിയും ജപ്പാനിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഇത് അപ്രത്യക്ഷമായിട്ടു കാലമേറെയായി. സംസ്‌കൃത ഭാഷയിലെ അക്ഷരങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ചു പ്രതിപാദിക്കുന്ന 'ബീജാക്ഷരങ്ങൾ' സിദ്ധം ലിപിയിൽ കുറിച്ചിട്ടുള്ളത് പവിത്രതയോടെയും വളരെയേറെ പ്രാധാന്യം നൽകിയുമാണ് ജപ്പാനിലെ ആരാധനാലയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത്.

ഓരോ ദൈവങ്ങളുടെയും നാമത്തിലുള്ള ഓരോ ബീജാക്ഷരങ്ങളെയും ആരാധിക്കുകയും ചെയ്യാറുണ്ട്. ജപ്പാനിലെ ചില സ്മാരകങ്ങളിൽ വരെ സംസ്‌കൃതാക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ജപ്പാനിലെ ചില സ്‌കൂളുകളിൽ സിദ്ധം ലിപിയും സംസ്‌കൃതവും പഠിപ്പിക്കുന്നുമുണ്ടെന്നതും ബെൽ നടത്തിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.