അലിഗഢ്:ക്രിസ്തുമസ് ആഘോഷിക്കാനൊരുങ്ങുന്ന സ്‌കൂളുകൾക്ക് ഭീഷണിയുമായി ഹിന്ദു ജാഗരൺ മഞ്ച് രംഗത്ത്. ക്രിസ്തുമസിന് നേരത്തേ തയാറാക്കിയ പരിപാടികളുമായി മുന്നോട്ടുപോകുന്നത് സൂക്ഷിച്ച് മതിയെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് അയച്ച കത്തിൽ പറയുന്നത്. ക്രിസ്ത്യൻ മനേജ്‌മെന്റ് സ്‌കൂളുകളിൽ ഇത് പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ട്.

തങ്ങൾ സ്‌കൂളുകൾക്ക് അയച്ച സർക്കുലറിന് ലഭിക്കുന്ന പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുകയെന്നും ഹിന്ദു ജാഗരൺ മഞ്ചിന്റെ പ്രസിഡന്റ് സോനു സവിത പറഞ്ഞു.ഹിന്ദു ജാഗരൺ മഞ്ചിന്റെ ഭീഷണിയിൽ സ്‌കൂൾ മാനേജ്‌മെന്റുകൾ വലിയ ആശങ്കയിലാണ്.

എല്ലാ വർഷവും മതത്തിനും ജാതിക്കും അതീതമായി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഇതെല്ലാമാണ് കുട്ടികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി വളർത്തുന്നതെന്നും സ്‌കൂൾ അധികൃതർ പറയുന്നു.അതേ സമയം ഏതെങ്കിലും സ്‌കൂളുകളോട് ക്രിസ്തുമസ് ആഘോഷിക്കണമെന്ന് നിർദേശിക്കുകയോ ആഘോഷങ്ങളിൽ നിന്നും വിലക്കുകയോ ചെയ്യില്ലെന്ന് അലിഗഢ് സിറ്റി പൊലീസ് സൂപ്രണ്ട് അറിയിച്ചു.