നിലയ്ക്കൽ : ശബരിമലയിലേക്ക് അമ്പതുവയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാൻ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി പൊലീസിന്റെ രഹസ്യറിപ്പോർട്ട്. എരുമേലി വാവരുപള്ളിയിലെ പ്രാർത്ഥനാലയത്തിൽ കടന്ന് വർഗ്ഗീയ ലഹളയുണ്ടാക്കുകയാണ് ലക്ഷ്യം. വാവര് പള്ളിയിൽ എല്ലാവർക്കും പ്രവേശനമുണ്ട്. എന്നാൽ നിസ്‌കാരത്തിനുള്ള സ്ഥലത്ത് മുസ്ലിം പുരുഷന്മാർക്ക് മാത്രമേ കയറാനാകൂവെന്നാണ് തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടനയുടെ വാദം. ഈ സ്ഥലത്ത് കയറി പ്രശ്‌നമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. യുവതികൾ വരുന്നത് എപ്പോഴാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും തിങ്കളാഴ്ച എ.ഡി.ജി.പി. അയച്ച റിപ്പോർട്ടിലില്ല. അതുകൊണ്ട് തന്നെ ഈ തീർത്ഥാടന കാലം മുഴുവൻ നിരീക്ഷണം ശക്തമാക്കും.

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലേക്ക് എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും എന്നാണ് വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് തമിഴ്‌നാട്ടിലെ സംഘടനയുടെ ശ്രമം. ഹിന്ദു മക്കൾ കക്ഷി എന്ന സംഘടനയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അർജുൻ സമ്പത്ത്, തിരുവള്ളൂർ ജില്ലാ പ്രസിഡന്റ് സോമു രാജശേഖർ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഒന്നാംഘട്ടമായാണ് 40 പേരെ അയയ്ക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. ഏരുമേലിയിൽ പ്രശ്മുണ്ടാകുമ്പോൾ ഇവരെ പൊലീസ് തടയും. ഇതോടെ സന്നിധാനത്തേക്ക് പോകേണ്ടിയും വരില്ല. മുസ്ലിം പള്ളിയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ലെന്ന ചർച്ച ഉയർത്താനാണ് ഹിന്ദു മൗലികവാദ സംഘടനയുടെ ശ്രമം. ഇതു സംബന്ധിച്ച് നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർക്കും പത്തനംതിട്ട, കോട്ടയം എസ്‌പി.മാർക്കുമാണ് പൊലീസ് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽകാന്ത് രഹസ്യറിപ്പോർട്ട് നൽകിയത്.

എരുമേലി വാവരുപള്ളിയിലെ പ്രാർത്ഥനാലയത്തിൽ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തുപ്രവേശിക്കാൻ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഈ സാഹചര്യത്തിൽ ജാഗ്രതപുലർത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർക്ക് എ.ഡി.ജി.പി. നിർദ്ദേശം നൽകി. ഒന്നിലേറെ ഹൈന്ദവസംഘടനകൾ ഇത്തരത്തിൽ നീക്കംനടത്തുന്നതായി പൊലീസിന് സംശയമുണ്ട്.

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പുരുഷന്മാർക്ക് പ്രവേനമില്ലെന്ന വിചിത്ര വാദവുമായി ചർച്ചകളിൽ നിറഞ്ഞ സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി. ശബരിമലയിൽ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേനം അനുവദിച്ച സുപ്രീം കോടതി വിധിയക്കു പിന്നാലെയാണ് അർജുൻ സമ്പത്ത് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. ഓരോ ക്ഷേത്രത്തിനും ആചാരങ്ങൾ സംബന്ധിച്ച് ഓരോ കീഴ്‌വഴക്കങ്ങളുണ്ടെന്നും അതിന്റെ ഭാഗമാണ് ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നിയമം പാസാക്കണമെന്നും ഒരു തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശബരിമലയിൽ ആചാര ലംഘനം ഈ സംഘടന ലക്ഷ്യമിടില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാൽ വാവര് പള്ളിയിൽ പ്രശ്‌നമുണ്ടായാൽ അത് പുതിയ വിഷയങ്ങളിലേക്ക് വിവാദമെത്തും. ഇതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ.

ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണത്തിന് മറുപടിയുമായി എരുമേലി വാവര് പള്ളി അധികൃതർ രംഗത്ത് വന്നിരുന്നു. എരുമേലി പള്ളിയെ സംബന്ധിച്ച് ഈ വിധി വരുന്നതിന് മുൻപും ശേഷവും വ്യത്യസ്തമായ ഒരനുഭവവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മഹല്ല് കമ്മിറ്റി. വിധിക്ക് മുൻപ് തന്നെ വാവര് പള്ളിയിലേക്ക് സ്ത്രീകൾ എത്താറുണ്ടെന്നും അവർ വലംവയ്ക്കുമായിരുന്നു എന്നും മഹല്ല് കമ്മറ്റി വ്യക്തമാക്കി. എല്ലാ വിശ്വാസികളെ സംബന്ധിച്ചും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങൾ തുടരുമെന്നും മഹല്ല് പ്രസി. അഡ്വ.പി എച്ച് ഷാജഹാൻ അറിയിച്ചിരുന്നു. എന്നാൽ നിസ്‌കാര സ്ഥലത്ത് സ്ത്രീകളെ കയറ്റിയാൽ അത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് ഹിന്ദു മക്കൾ കക്ഷിയുടെ വിലയിരുത്തൽ

തീവ്ര നിലപാടുമായാണ് ഹിന്ദു മക്കൾ കക്ഷി തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. വാലന്റൈൻസ് ഡേയിൽ കടപ്പുറത്ത് എത്തുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന അറിയിപ്പ് ഏറെ ചർച്ചയായി. ണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശാർമിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കൾ കക്ഷി എത്തിയതും വിവാദമായിരുന്നു. കൊഡൈക്കനാലിലെ രജിസ്ട്രർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കൾ കക്ഷി രംഗത്തു വന്നിരിക്കുന്നത്. മണിപ്പൂർ സ്വദേശിനിയായ ഇവർ എന്തുകൊണ്ട് വിവാഹത്തിനായി കൊഡൈക്കനാൽ തെരഞ്ഞെടുത്തുവെന്നാണ് മക്കൾ കക്ഷി നേതാവ് രംഗത്തുവന്നിരിക്കുന്നത്. പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്തോളു എന്നും ഇവർ പറയുന്നു. നക്സൽ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സർക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കൾ കക്ഷി അവകാശപ്പെട്ടിരുന്നു.

നയൻതാര മദ്യവിൽപന കേന്ദ്രത്തിൽ എത്തി ബിയർ വാങ്ങുന്ന വീഡിയ്‌ക്കെതിരെയും ഹിന്ദു മക്കൾ കക്ഷി രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീട് ദൃശ്യങ്ങൾ നാനും റൗഡിതാൻ തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചവയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ ബാറിൽ പോയി മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ ഇത്തരം പ്രതിഷേധങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു മക്കൾ കക്ഷി ആരോപിച്ചിരുന്നു. ഇങ്ങനെ എന്തിന് ഏതിനും അഭിപ്രായം പറയുന്ന സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി. രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രതീക്ഷയോടെ കാണുന്നതും ഇവരാണ്. സംഘപരിവാറുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സൂചന.

പ്രണയ ദിനം ആഘോഷിക്കാനെത്തിയ കമിതാക്കളെ നിർബന്ധപൂർവം കല്യാണം കഴിപ്പിക്കാൻ ഹിന്ദു മക്കൾ കച്ചി പ്രവർത്തകരുടെ ശ്രമ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തിരുനൽവേലി കലക്ടറേറ്റിനു മുന്നിലാണു സംഭവം. കലക്ടറേറ്റിനു മുന്നിലെ സയൻസ് സെന്ററിനു സമീപം പത്തോളം യുവാക്കളാണു നിർബന്ധിത വിവാഹ കർമത്തിനു വിധേയരായത്. താലി മാലയുമായി രംഗത്തെത്തിയ സ്ത്രീയുൾപ്പെടെ ആറു ഹിന്ദു മക്കൾ കച്ചി പ്രവർത്തകർ ഇവർക്കു മാല കൈമാറാൻ ശ്രമിക്കുകയായിരുന്നു.