- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാനം നൽകുന്നവൻ എന്നും ചവിട്ടേൽക്കുകയാണ്; കൊടുക്കുന്നവന് ചവിട്ടേൽക്കുമ്പോൾ, ചവിട്ടുന്നവൻ വാമനനാകുന്നു; തിരുവോണദിനത്തിൽ വാട്സാപ്പ് ഗ്രൂപ്പിൽ ഓണാശംസ നേർന്ന് കന്യാസ്ത്രീ; വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; വിവാദമായതോടെ മാപ്പ് പറഞ്ഞ് സിസ്റ്റർ റീത്താമ്മ സി മാത്യൂസ്
വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട ഓണാശംസ വിവാദമായതോടെ മാപ്പ് പറഞ്ഞ് കന്യാസ്ത്രീയായ പ്രഥമാധ്യാപിക. നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ അദ്ധ്യാപികയായ സിസ്റ്റർ റീത്താമ്മ സി മാത്യൂസ് സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂളിന്റെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട ഓണാശംസയാണ് വിവാദമായി മാറിയത്. ഓണാശംസയിൽ മഹാബലിയെയും, വാമനനെയും പരാമർശിക്കുകയും , യേശുക്രിസ്തുവിനെ പ്രകീർത്തിക്കുകയും ചെയ്യുകയായിരുന്നു. ദാനം നൽകുന്നവൻ എന്നും ചവിട്ടേൽക്കുകയാണ് എന്ന ലോകതത്വം പറയുന്നതിനായാണ് അദ്ധ്യാപിക യേശുക്രിസ്തുവിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സ്കൂളിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അദ്ധ്യാപിക തിരുവോണ ദിവസം ഇട്ട സന്ദേശം, തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയാണ് പുറത്തുവന്നത്.
മഹാബലി ചക്രവർത്തി ചവിട്ടേറ്റ് ഏറ്റവൻ ആണെന്നും ചവിട്ടേറ്റവനെന്നും താഴ്ന്നു പോയിട്ടേ ഉള്ളൂ എന്നുമാണ് സിസ്റ്റർ സന്ദേശത്തിൽ വ്യക്തമാക്കിയത്. ദാനം കൈനീട്ടി വാങ്ങിയവൻ, മഹാബലിയെ ചവിട്ടി താഴ്‌ത്തുകയായിരുന്നു. ദാനം നൽകുന്നവൻ എന്നും ചവിട്ടേൽക്കുകയാണ്. കൊടുക്കുന്നവന് ചവിട്ടേൽക്കുമ്പോൾ , ചവിട്ടുന്നവൻ വാമനനാകുന്നു – എന്ന കന്യാസ്ത്രീയുടെ പരാമർശമാണ് വിവാദമായി മാറിയത്. തുടർന്ന് യേശുക്രിസ്തുവിനെ കഥയിലേയ്ക്ക് ഉപമിച്ച് കന്യാസ്ത്രീയായ അദ്ധ്യാപിക ഓണാശംസ നൽകുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ ചൊവ്വാഴ്ച രാവിലെ കന്യാസ്ത്രീയ്ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്.
ആദ്യം പ്രതിഷേധം പ്രസ്താവനയായി പുറത്തിറക്കിയ ഹിന്ദു ഐക്യവേദി അദ്ധ്യാപികയ്ക്കെതിരായി സ്കൂളിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. ഓണത്തിന്റെ സന്ദേശത്തെ മതവിഭാഗീയതയുടെ കാഴ്ചപ്പാടിൽ വളച്ചൊടിച്ചു കൊണ്ട് നെടുംകുന്നം സെൻറ് തെരേസാസ് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക നടത്തിയ ഓണസന്ദേശം കേരളത്തിന്റെ മത സൗഹാർദ്ദത്തെ തകർക്കുന്നതിനാൽ പിൻവലിച്ചു മാപ്പ് പറയണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ ജനറൽ സെകട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. തുടർന്ന് ഹിന്ദു ഐക്യവേദി കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സ്കൂളിന്റെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പ്രധാന അദ്ധ്യാപിക പരസ്യമായി മാപ്പ് പറയുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
സ്കൂളിനു മുന്നിൽ നടന്ന ധർണ്ണയ്ക്ക് ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.എൻ.കൃഷ്ണൻകുട്ടി പണിക്കർ, താലൂക്ക് പ്രസിഡൻറ് മണി മൈലമൺ, മഹിളാ ഐക്യവേദി താലൂക്ക് സെക്രട്ടറി സ്മിത, പഞ്ചായത്ത് ഭാരവാഹികളായ ജയകുമാർ, സുനിൽ, രഘുദേവ് എന്നിവർ നേതൃത്വം നൽകി. മത വികാരം വ്രണപ്പെടുത്തിയ തെരേസാസ് ഹൈസ്കൂൾ പ്രധാനാധ്യപികക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രക്ഷോഭ പരിപാടികൾ അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു.
സംഭവം വിവാദമാകുകയും സ്കൂളിലേയ്ക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തുകയും ചെയ്തതോടെ അദ്ധ്യാപിക പ്രസ്താവനയിൽ നിന്നും പിന്മാറുകയായിരുന്നു. നിയമ നടപടികളിലേയ്ക്ക് ഹിന്ദു ഐക്യവേദി പോയിരുന്നെങ്കിൽ , സർക്കാർ ശമ്പളം പറ്റുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപിക എന്ന നിലയിൽ ഇവരുടെ ജോലി വരെ നഷ്ടമായേനെ. ഇത് കൂടാതെ ജയിലിൽ ആകണ്ട സാഹചര്യവും ഉണ്ടായേനെ. ഇത് ഒഴിവാക്കാൻ അദ്ധ്യാപിക ആദ്യം വെള്ള പേപ്പറിൽ മാപ്പ് എഴുതി നൽകി. എന്നാൽ , പ്രതിഷേധം ശക്തമായതോടെ അദ്ധ്യാപിക വീഡിയോയിലൂടെ മാപ്പ് പറയുകയും ഇത് പുറത്ത് വിടുകയുമായിരുന്നു.