ഗസ്സിയാബാദ്: അഞ്ച് വർഷം മുമ്പാണ് അവർ കണ്ടുമുട്ടിയത്. ഇസ്ലാംമതവിശ്വാസിയായ 30 കാരനായ യുവാവ് എംബിഎ ബിരുദധാരിയാണ്.. നോയിഡയിൽ താമസിക്കുന്നു.28 കാരിയായ യുവതി സൈക്കോളജിസ്റ്റ്. ഇരുവരും ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നു.വെള്ളിയാഴ്ച രാവിലെ ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രാകരം ഗസ്സിയാബാദ് കോടതിയിലാണ് വിവാഹം കഴിച്ചത്.

വെള്ളിയാഴ്ച യുവതിയുടെ വീട്ടിൽ വിരുന്നുസൽക്കാരമുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ സംഭവിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെ, ബിജെപി ഗസ്സിയാബാദ് സിറ്റി പ്രസിഡന്റ് അജയ് ശർമയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ വിരുന്നുസൽക്കാര വേദിയായ രാജ്‌നഗറിലെത്തി. ബജ്രംഗ്ദൾ, ഹിന്ദുരക്ഷാദൾ, ധരം ജാഗരൺ മഞ്ച് എന്നീ സംഘടനകളുടെ പ്രവർത്തകരും കൂട്ടത്തിൽ ചേർന്നു. വിവാഹം ലൗജിഹാദാണെന്നായിരുന്നു അവരുടെ ആരോപണം.അഞ്ചുമണിക്കൂറിലേറെയാണ് സംഘം സ്ഥലത്ത് സംഘം സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഒടുവിൽ, പൊലീസ് ലാത്തിചാർജ് നടത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

ഹിന്ദുസംഘടനകൾ ആരോപിച്ചതുപോലെ ഒരുതരത്തിലുള്ള മതപരിവർത്തനവും നടന്നിട്ടില്ലെന്ന് യുവതിയുടെ അമ്മാവൻ വ്യക്തമാക്കി. ഇരുകുടംബങ്ങൾക്കും വർഷങ്ങളായി പരസ്പരം അറിയാം. ഞങ്ങളുടെ കുട്ടികൾ അവരുടെ തീരുമാനം അറിയിക്കുകയും ഞങ്ങൾ അതിന് അനുമതി നൽകുകയും ചെയ്തു.

യുവതിയുടെ പിതാവ് ഗസ്സിയാബാദിലെ അറിയപ്പെടുന്ന വ്യവസായിയാണ്. മുത്തച്ഛൻ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്.യുവാവിന്റെ പിതാവ് ഡൽഹി സർവകലാശാലയിൽ പ്രൊഫസറാണ്.യുവാവിന്റെ കുടുംബം അലിഗഢിൽ നിന്നുള്ളവരാണെങ്കിലും, നോയിഡയിലാണ് വർഷങ്ങളായി താമസം.'തങ്ങളുടെ മതവിശ്വാസങ്ങളിൽ പരസ്പരം ഇടപെടുകയില്ലെന്ന ധാരണയോടെയാണ് അവർ വിവാഹിതരാകാൻ തീരുമാനിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് യുവാവ് തയ്യാറായിരുന്നെങ്കിലും നിക്കാഹ് മതിയെന്ന് യുവതിയാണ് നിർബന്ധം പിടിച്ചത്,'യുവതിയുടെ പിതാവ് പറഞ്ഞു.

ഇത്തരത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന് താൻ പ്രതീക്ഷിരിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.മറ്റുള്ളവർ എന്തു ധരിക്കുന്നുവെന്നത് തങ്ങളുടെ പ്രശ്‌നമല്ല, ഇത് തങ്ങളുടെ തീരുമാനമാണ്, അവൾ പറഞ്ഞു.വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബത്തിന് ഹിന്ദുസംഘടനകളിൽ നിന്ന് നിരവധി ഭീഷണിസന്ദേശങ്ങൽ ലഭിച്ചിരുന്നു.ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതാൻ ഒരുങ്ങുകയാണ് കുടുംബം.

അതേസമയം, ഇരുകുടുംബങ്ങളും വിവാഹം നടത്താൻ അനുമതി തേടിയിട്ടില്ലെന്നും, ഇത് നിർബന്ധിത മതപരിവർത്തനമാണെന്നും ബിജെപി നേതാവ് അജയ് ശർമ ആരോപിച്ചു.ലൗജിഹാദാണെന്ന കാര്യത്തിൽ ഒരുസംശയവുമില്ലെന്ന് ബജ്രംഗ്ദൾ മീറട്ട് പ്രവിശ്യാ കൺവീനർ ബൽരാജ് ദുംഗർ പറഞ്ഞു.'ഒരു കാരണവശാലും ഇതുഞങ്ങൾ അനുവദിക്കുകയില്ല. എത്രനാൾ അവർ പൊലീസിന് പിന്നിൽ ഒളിക്കും?'