ലക്നൗ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ വർഗീയകലാപങ്ങൾ അനുദിനം വർദ്ധിക്കുന്നു. ഇതിന്റെ തെളിവുകളാണ് ഇപ്പോഴും പുറത്തുവരുന്നത്. ബുലന്ദ്സറിൽ മുസ്ലീ പള്ളിയിൽ അതിക്രമിച്ചു കയറി കലാപമുണ്ടാക്കാനാണ് തീവ്ര ഹിന്ദുത്വവാദികൾ ശ്രമിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി സംഘനയുടെ പ്രവർത്തകർ മുസ്ലിം പള്ളിയിൽ അതിക്രമിച്ച് പ്രവേശിച്ച് പള്ളിയുടെ മിനാരത്തിൽ കയറിയത്.

മുസ്ലിംങ്ങളെ ദേശീയത പഠിപ്പിക്കാനെന്ന വ്യാജേന ഇക്കൂട്ടർ ത്രിവർണ പതാക ഉയർത്തുകയും വന്ദേമാതരം വിളിക്കുയും ചെയ്തു. വെള്ളിയാഴ്‌ച്ച ബുലന്ദ്സർ ജില്ലയിലെ അതൗളിയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്‌ച്ച മാത്രം മുസ്ലിം പള്ളി തകർക്കാൻ ശ്രമിക്കുന്നതിലൂടെ രണ്ട് തവണ ഹിന്ദുത്വ ആക്രമികൾ കലാപത്തിന് ശ്രമിച്ചതായി ബുലന്ദ്സർ എസ്‌പി പ്രവീൺ രഞ്ജൻ സിങ് പറഞ്ഞു. ആക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നും എസ്‌പി വ്യക്തമാക്കി.

ഹിന്ദുത്വ തീവ്രവാദികൾ മുസ്ലീ പള്ളിക്ക് മുകളിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ 'ജനതാ കാ റിപ്പോർട്ടർ' പുറത്തുവിട്ടു. ഗ്രാമത്തിൽ ചത്തപശുവിനെ കണ്ടതായി വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഹിന്ദു യുവവാഹിനി പ്രവർത്തകർ സംഘടിച്ചെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.

ഈ വർഷം മാർച്ചിൽ ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വർഗീയ കലാപശ്രമങ്ങൾ കുത്തനെ ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദിത്യനാഥ് അധികാരമേറ്റ് 100 ദിവസത്തിനുള്ളിൽ 2317 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തേക്കാളും 30 ശതമാനത്തോളം കൂടുതലാണിത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ മെയ് വരെ 1771 വർഗീയ സംഘർഷമുണ്ടായെന്നാണ് കണക്ക്.