ഇടുക്കി: വോയ്‌സ് ഓഫ് വോയ്‌സ്ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ തൃശൂർ മുളങ്കുന്നത്ത്കാവ് സ്വദേശി വേടൻ എന്ന ഹിരൺദാസ് മുരളി(27)യെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. വാഹന പരിശോധനയിക്കിടെയാണ് ഹിരൺദാസ് അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 11 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.

സംഭവത്തെ പറ്റി എക്സൈസ് പറയുന്നതിങ്ങനെ; ഹിരൺ ദാസും മൂന്ന് സുഹൃത്തുക്കളും മൂന്നാറിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു. വഴിയിൽ സാധാരണ പോലെ പരിശോധന നടത്തുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ പരിശോധിച്ചത്. കാറിലുണ്ടായിരുന്നവരെ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഹിരൺദാസിന്റെ വേഷ പ്രകൃതം കണ്ട് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് കണ്ടെത്തിയതോടെ മൂന്നാറിൽ നിന്നും തമിഴ്‌നാട് സ്വദേശികളുടെ പക്കൽ നിന്നും വാങ്ങിയതാണെന്ന് സമ്മതിച്ചു. 500 രൂപയുടെ രണ്ട് പൊതികളാണ് വാങ്ങിയതെന്നും സമ്മതിച്ചു. ഇതേ തുടർന്ന് ഹിരൺ ദാസിനെ അറസ്റ്റ് ചെയ്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ശേഷം കഞ്ചാവ് കുറഞ്ഞ അളവായതിനാൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ജാമ്യത്തിൽ വിട്ടയച്ചു.

അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ഇ ഷൈബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ.എസ് അസീസ്, ഗ്രേഡ് പ്രിവേന്റീവ് ഓഫീസർ വി.ആർ സുധീർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കെ.എൻ സിജുമോൻ, അനൂപ് തോമസ്, ആർ മണികണ്ഠൻ, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾ നടക്കുന്നതിനിടിയിൽ ഹിരൺ ദാസ് താൻ ആരാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞില്ല. അതിനാൽ ഇയാളെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ജാമ്യം ലഭിച്ച് പോകാൻ നേരം പാട്ടുകൾ എഴുതി പാടാറുള്ളയാളാണെന്ന് പറഞ്ഞു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത വിവരം ഫോട്ടോ ഉൾപ്പെടെ എക്സൈസിന്റെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തപ്പോഴാണ് ഇയാളെ മറ്റ് ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത്.

2020 ജൂണിൽ ഇറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്ലെസ് എന്ന റാപ്പിലൂടെയാണ് വേടൻ എന്ന പേരിലറിയപ്പെടുന്ന തൃശൂർ സ്വദേശി ഹിരൺദാസ് മുരളി മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. ദളിത് രാഷ്ട്രീയവും ഭൂഅവകാശവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമെല്ലാമാണ് ഹിരൺദാസ് തന്റെ റാപ്പിലൂടെ പങ്കുവച്ചത്. എന്നാൽ 2021 ൽ ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ മീടു ആരോപണവുമായി രംഗത്തെത്തുകയും വലിയവിവാദമാകുകയും ചെയ്തിരുന്നു. പിന്നാലെ വിഷയത്തിൽ മാപ്പ് ചോദിക്കുന്നതായി വേടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മലയാളം റാപ്പർമാർക്കിടയിൽ ശ്രദ്ധേയനായിരുന്നു വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. വോയ്‌സ് ഓഫ് വോയ്‌സ് എന്ന പേരിൽ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാൻ വാഴുന്നിടം, വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് വിമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലടക്കം വേടനെതിരെ ആരോപണങ്ങൾ ഉയർന്നത്.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹിരൺദാസുമായി ചേർന്നുള്ള മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ഫ്രം എ നേറ്റീവ് ഡോട്ടർ നിർത്തി വച്ചു. വീഡിയോയുടെ ഭാഗമായ റാപ്പർ വേടനെതിരെ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇൻസ്റ്റഗ്രാമിലൂടെ മുഹ്‌സിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേറ്റീവ് ബാപ്പ, ഫ്യൂണറൽ ഓഫ് നേറ്റീവ് സൺ എന്നീ സംഗീത ആൽബങ്ങളുടെ തുടർച്ച ആയാണ് ഫ്രം എ നേറ്റീവ് ഡോട്ടർ ഒരുക്കാൻ തീരുമാനിച്ചത്. എന്നാൽ വിവാദത്തിന്റെ അടിസ്ഥാനത്തിൽ ജോലികൾ നിർത്തി വയ്ക്കുകയാണ്.

അതിക്രമത്തെ അതിജീവി്ചചവരേയും ആൽബത്തിന്റെ ഭാഗമായവരെയും തീരുമാനം അറിയിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഗുരുതരമായതിനാൽ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്‌സിൻ പരാരി പറഞ്ഞു.