ജിദ്ദ: അനധികൃതമായി ഗാർഹിക തൊഴിലാളികളെ നിയമിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ശിക്ഷയും ആറു മാസത്തെ തടവു ശിക്ഷയും വിധിക്കുമെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. അനധികൃതമായി വീട്ടുവേലക്കാരികളെ നിയമിക്കുന്നതിനും മറ്റും ഒത്താശ ചെയ്യുകയോ ഇതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്യുന്ന പ്രവാസികളെ നാടുകടത്തുമെന്നും പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി.

ഇത്തരം നടപടികളിൽ കമ്പനികൾ ഭാഗഭാക്കായാൽ അവയുടെ പേര് പ്രസിദ്ധപ്പെടുത്തുകയും പിഴയായി ഒരു ലക്ഷം റിയാൽ ഈടാക്കുകയും ചെയ്യും. കൂടാതെ അഞ്ചു വർഷത്തേക്ക് റിക്രൂട്ട്‌മെന്റുകളിൽ നിന്ന് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. കമ്പനിയുടമയ്ക്ക് ആറു മാസത്തെ ജയിൽ ശിക്ഷ നൽകുകയും ചെയ്യും. പ്രവാസികളായിട്ടുള്ളവരെ നാടു കടത്തുകയും ചെയ്യുമെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.

റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ അത് അധികൃതരെ അറിയിക്കണമെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. 989 എന്ന നമ്പരിൽ ബന്ധപ്പെട്ട് ഇത്തരം പരാതികൾ നൽകാം. ഏതെങ്കിലും വിധേന തങ്ങളുടെ വീട്ടുജോലിക്കാരിയെ കാണാതായിട്ടുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ സംവിധാനത്തിലൂടെ എംപ്ലോയർക്ക് പരാതി സമർപ്പിക്കുകയും ചെയ്യാം.

റമദാൻ നോമ്പ് ആരംഭിക്കുന്നതോടെ ഗാർഹിക തൊഴിലാളികൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തന്മൂലം ലേബർ മാർക്കറ്റിൽ ഇതു സംബന്ധിച്ച് ഒട്ടേറെ വ്യാജ റിക്രൂട്ട്‌മെന്റുകൾക്കും വഴിയൊരുങ്ങുന്നുണ്ട്. അനധികൃതമായി വീട്ടുജോലിക്കാരികളെ നിയമിക്കുകയും ഒളിച്ചോടുന്നവരെ കണ്ടെത്തി മറ്റൊരു എംപ്ലോയറുടെ കീഴിൽ ജോലിക്കു നിർത്തുന്നതും മറ്റും വ്യാപകമാകുകയും ചെയ്യാറുണ്ട്. ഇതിനെതിരേ കർശന നടപടികളുമായാണ് മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.