ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ വാങ്ങിയെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന പ്രാഞ്ചിയേട്ടന്മാർ ഈ വാർത്ത ശ്രദ്ധിക്കണം.പത്മ പുരസ്‌കാരങ്ങൾക്ക് ഇനി മുതൽ പൊതുജനങ്ങളിൽ നിന്നുള്ള ശുപാർശകൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

നിലവിൽ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും സംസ്ഥാന സർക്കാരുകൾക്കും മാത്രമാണ് പത്മ പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം നൽകാൻ അധികാരമുള്ളത്. പത്മ അവാർഡുകൾ പലപ്പോഴും ഉന്നതസ്വാധീനമുള്ളവർക്കും അനഹർഹർക്കും ലഭിക്കുന്നുണ്ടെന്നും ഇതൊഴിവാക്കാൻ പൊതുജനങ്ങൾക്കും പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണമെന്നും നേരത്തെ പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.

രാജ്യത്തെ യുവസംരഭകർക്കായി നീതി ആയോഗ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പ്രധാനമന്ത്രി ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്. 'ഇനി മുതൽ ആർക്കും ഓൺലൈനായി പത്മ അവാർഡുകൾക്കുള്ള ശുപാർശകൾ നൽകാം. ഇതുവരെ മന്ത്രിമാരുടെ ശുപാർശ അനുസരിച്ചാണ് പത്മ അവാർഡുകൾ നൽകി കൊണ്ടിരുന്നത്. ആ നിയന്ത്രണം സർക്കാർ എടുത്തു കളയുകയാണ് ഇനി മുതൽ ആർക്കും ഒരു വ്യക്തിയെ പത്മ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യാം. അറിയപ്പെടാതെ കിടക്കുന്ന പല ഹീറോകളേയും രാജ്യം ഇനി തിരിച്ചറിയും...'' പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഓരോ പൗരനും ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കും. എല്ലാവരുടേയും സംഭാവനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. സർക്കാരും സർക്കാർ പദ്ധതികളും മാത്രം പോരാ പുതിയൊരു ഇന്ത്യയെ സൃഷ്ടിച്ചെടുക്കാൻ. അതിന് ഓരോ പൗരന്മാരും പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.